നാല് മാസത്തെ വിസ്മയം; പ്രാണവായു തേടി സർക്കാർ ആരോഗ്യ സംവിധാനം

സാധാരണക്കാർ.. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ... ഇവർക്കെല്ലാം എക്കാലത്തും ആശ്വാസമായിരുന്നു സർക്കാർ ആശുപത്രികൾ. എന്നാൽ, ഇന്ന് സർക്കാർ ആശുപത്രികളെ ആശ്രയിച്ചെത്തുന്നവർക്ക് മികച്ച സേവനങ്ങൾ ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ഭരണം മാറി നാല് മാസങ്ങൾ പിന്നിടുമ്പോഴേക്കും സംസ്ഥാനത്തെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വെന്റിലേറ്ററിലായി. ആവശ്യമായ ഡോക്ടർമാരോ, മറ്റ് ജീവനക്കാരോ ഡ്യൂട്ടി സമയങ്ങളിൽ ഉണ്ടാവാത്തതും, മരുന്ന് ക്ഷാമവും, ജീവൻരക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്നതും തുടർക്കഥയായതിനാൽ ചികിത്സയ്ക്കായി എത്തുന്ന രോഗികൾ വലിയ ദുരിതത്തിലാണ്.
സർക്കാർ ആശുപത്രി മോർച്ചറിയിലെ മൃതദേഹങ്ങൾ അഴുകി, മെഡിക്കൽ കോളേജിൽ ചോർന്ന ഓപ്പറേഷൻ തിയേറ്റർ അടച്ചിട്ടു, കുടുംബാരോഗ്യ കേന്ദ്രത്തിൽ കാലാവധി കഴിഞ്ഞ മരുന്ന്, വൈദ്യുതി തടസ്സം മൂലം പല ആശുപത്രികളിലും ശസ്ത്രക്രിയയില്ല... ഇതെല്ലാം നാല് മാസങ്ങളായി കേരളത്തിലെ ജനങ്ങൾ നിരന്തരം കേൾക്കുക മാത്രമല്ല, അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നാല് മാസം കൊണ്ട് യുഡിഎഫ് ഭരണ 'മിടുക്ക്' കേരളത്തിന്റെ പേരുകേട്ട ആരോഗ്യമേഖലയെ വെന്റിലേറ്ററിലാക്കിയെന്ന് തന്നെ പറയാം.
മരുന്നാണ് പ്രശ്നം
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം അതിരൂക്ഷമാണ്. അവശ്യ മരുന്നുകളോ, ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളോ സർക്കാർ ആശുപത്രികളിലെ ഫാർമസികളിൽ നിന്ന് ലഭ്യമാകുന്നില്ല. മരുന്ന് ചീട്ടുമായി ഫാർമസികളിൽ എത്തുന്നവർക്ക് മരുന്നില്ല എന്ന മറുപടി കേട്ട് മടങ്ങേണ്ടിവരുന്നു. പിന്നീട് ഇവ വലിയ വില നൽകി അവ പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നു. ഗർഭിണികൾക്ക് നൽകേണ്ട മരുന്നുകൾ പല ആശുപത്രി ഫാർമസികളിലും ഇപ്പോൾ ലഭ്യമല്ല. അനസ്തേഷ്യ മരുന്നിലും വലിയ ക്ഷാമം. ആവശ്യ മരുന്നുകൾ സ്റ്റോക്ക് ചെയ്യാത്തതിനാൽ അടിയന്തര ചികിത്സകൾ പോലും തടസ്സപ്പെടുന്ന സാഹചര്യമാണ്. ഡോക്ടറെ കണ്ട് കുറിപ്പുമായി ഫാർമസിയിലെത്തുമ്പോഴാണ് പല മരുന്നുകളും സ്റ്റോക്കില്ലെന്ന വിവരം അറിയുന്നത്.
ഇതിനിടെയാണ് സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ മരുന്നുൽപ്പാദന സ്ഥാപനമായ കെഎസ്ഡിപിയിൽ ഉൽപ്പാദനം 12 കോടി യൂണിറ്റ് വെട്ടിക്കുറച്ചത്. വിവിധ ഇനങ്ങളിലായി 14 കോടി യൂണിറ്റ് മരുന്ന് ഉൽപ്പാദിപ്പിച്ചിടത്ത് ഇപ്പോൾ രണ്ട് കോടി യൂണിറ്റിൽ താഴെ മാത്രമായി ഉൽപ്പാദനം. അസംസ്കൃത വസ്തുക്കൾ വാങ്ങാൻ പണം അനുവദിക്കാത്തതാണ് പ്രശ്നം. കെഎസ്ഡിപിയെ തകർത്ത് പൊതുജനാരോഗ്യ മേഖലയ്ക്കുള്ള മരുന്നുൽപ്പാദനം സ്വകാര്യകുത്തകകളിലെത്തിക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്.
മരുന്നില്ല എന്ന് പറയുന്നതിനേക്കാൾ അപകടമാണ് കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്യുന്നത്. ഇന്നലെ മാത്രം രണ്ട് ജില്ലകളിലാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. കൊല്ലം ജില്ലയിലെ തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രണ്ടരമാസം പ്രായമുള്ള കുഞ്ഞിനാണ് കാലാവധി തീരുന്ന മരുന്ന് വിതരണം ചെയ്തത്. ഇടുക്കി മെഡിക്കൽ കോളേജിൽ നവജാതശിശുവിന് നൽകിയതും കാലാവധി കഴിഞ്ഞ മരുന്നായിരുന്നു. 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കഴുത്തിൽ വന്ന അലർജിക്ക് ചികിത്സ തേടിയപ്പോഴാണ് ഫാർമസിയിൽ നിന്ന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്. കാലാവധി കഴിഞ്ഞ മരുന്ന് ഫാർമസിയിൽ സൂക്ഷിക്കുന്നത് എന്തിന് എന്ന ചോദ്യത്തിനും സർക്കാരിന് മറുപടിയില്ല. ഇതെല്ലാം റിപ്പോർട്ട് ചെയ്യപ്പെട്ട ചില കേസുകൾ മാത്രം. റിപ്പോർട്ട് ചെയ്യപ്പെടാത്തത് എത്രയോ അധികം.
പഞ്ഞിയുമില്ല
മരുന്നുക്ഷാമം രൂക്ഷമായി തുടരുന്നതിനൊപ്പം തന്നെ ആശുപത്രികളിൽ പഞ്ഞിയുമില്ലെന്നാണ് വിവരം. പത്ത് ദിവസത്തേക്കുള്ള പഞ്ഞി പോലും സർക്കാർ ആശുപത്രികളിലില്ല. മാസക്കണക്കിന് കുറിക്കുന്ന പ്രമേഹത്തിനുള്ള മരുന്നുപോലും ആശുപത്രിയിലില്ല. സർജറിക്കുള്ള മരുന്നുകളും പുറത്തുനിന്ന് വാങ്ങാനാണ് പറഞ്ഞതെന്നും പരാതി ഉയരുന്നിട്ടുണ്ട്. അതേസമയം, ആശുപത്രികളിൽ മരുന്നില്ലാത്തത് ആശുപത്രിയിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്നാണ് ആരോഗ്യമന്ത്രിയുടെ വിചിത്രവാദം.
ടെൻഡറൊക്കെ പിന്നീട്
സർക്കാർ ആശുപത്രികളിലൂടെ സേവനങ്ങൾ ലഭ്യമാകാത്തതിനാൽ ജനങ്ങൾക്ക് കൂടുതലായും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ നിർബന്ധിതരാക്കുന്നു. അഡ്മിറ്റ് ആയി തുടരുമ്പോഴും മരുന്നുകൾ ലഭിക്കാത്ത സാഹചര്യം ജനങ്ങളെ ദുരിതക്കയത്തിലാക്കിയിരിക്കുകയാണ്.
താലൂക്ക് ആശുപത്രികളും കുടുംബാരോഗ്യ കേന്ദ്രങ്ങളും കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതിസന്ധി നേരിടുമ്പോൾ മെഡിക്കൽ കോളേജുകളിലും മരുന്ന് കിട്ടാനില്ലാത്ത സ്ഥിതി ഇപ്പോൾ രൂക്ഷമായിരിക്കുകയാണ്. ചില മരുന്നുകൾക്കായി റീ-ടെൻഡർ വിളിക്കേണ്ടി വന്നത് വലിയ കാലതാസം സൃഷ്ടിച്ചിരിക്കുകയാണ്. ക്യാൻസർ രോഗത്തിനുൾപ്പെടെയുള്ള 172 മരുന്നുകൾ വാങ്ങാൻ സർക്കാർ ഇതുവരെ ടെൻഡർ നൽകിയിട്ടില്ല. ആയിരക്കണക്കിന് രൂപ സ്വകാര്യ ആശുപത്രികളിൽ വില വരുന്ന മരുന്നുകൾ ആണ് അവയിൽ പലതും. സർക്കാർ ആശുപത്രികൾ ആശ്രയിക്കാനാവാതെ വന്നതോടെ വൻകിട കുത്തകകളുടെ മരുന്നുകൾ വലിയ വില നൽകി വാങ്ങേണ്ടി വരുന്നു.
സെപ്തംബർ മാസം അവസാനത്തോടെ പുതിയ സ്റ്റോക്ക് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിച്ചതായി വിവരമില്ല. ക്ഷാമം ഇനി എത്രകാലം ഇതുപോലെ തുടരും എന്ന ആശങ്കയിലാണ് ജനങ്ങളും.
മൊബൈൽ എക്സറേ
പല താലൂക്ക് ആശുപത്രികളിലെയും എക്സറേ യൂണിറ്റിന്റെ പ്രവർത്തനം ഏകദേശം നിലച്ച മട്ടാണ്. മഞ്ചേരി മെഡിക്കൽ കോളേജിൽ എക്സ്റേ ഫിലിമില്ലാത്തതിനാൽ ഫോണിലേക്കാണ് എക്സ്റേ അയച്ചു നൽകിയിരുന്നത്. മറ്റ് ചില ആശുപത്രികളിൽ ജീവനക്കാരില്ലാത്തിനാൽ എക്സറേ യൂണിറ്റ് അടച്ചുപൂട്ടേണ്ട സ്ഥിയുമുണ്ടായി.
മെഡിക്കൽ കോളേജുകളിലും ദുരിതം
സാധാരണ ജനങ്ങൾക്ക് ആശ്രയമാകേണ്ട സർക്കാർ ആശുപത്രികളിൽ ചികിത്സാപ്പിഴവിലും അനാസ്ഥയിലും നിരവധി ജീവനുകളാണ് പൊലിയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കട്ടിലിൽ നിന്നു വീണ് രോഗി മരിച്ചതും നെയ്യാറ്റിൻകരയിൽ ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയ്ക്കെത്തിയ രോഗി അരമണിക്കൂറോളം ക്യൂവിൽ നിന്നതിനെത്തുടർന്ന് കുഴഞ്ഞുവീണ് മരിച്ചതും ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ ശുശ്രൂഷകൾ നൽകാഞ്ഞതിനാൽ രോഗിയുടെ കാലിൽ പുഴുവരിച്ചതും നാദാപുരത്ത് മരുന്ന് മാറി നൽകിയതിനെത്തുടർന്ന് ഗുരുതാവസ്ഥയിലായ രോഗി മരിച്ചതും വൈദ്യുതിയില്ലാതെ മൊബൈൽ വെളിച്ചത്തിൽ ചികിത്സ നടത്തിയ സംഭവവുമെല്ലാം ഈ സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഉദാഹരണങ്ങളാണ്. മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററിലെ ചോർച്ച മൂലം തിമിര ശസ്ത്രക്രിയകൾ തുടർച്ചയായി മുടങ്ങിയതും, തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി ഇല്ലാത്തത് മൂലം നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകൾ അടക്കം നിർത്തിവെച്ചതും എല്ലാം ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേടുകൊണ്ട് വെന്റിലേറ്ററിലായിപോയ സർക്കാർ ആശുപത്രികളുടെ നേർചിത്രമാണ്.
ലക്ഷ്യം കുത്തകവൽക്കരണം
കഴിഞ്ഞ പത്ത് വർഷത്തിനിടെ എൽഡിഎഫ് ശക്തിപ്പെടുത്തിയ പൊതുആരോഗ്യ സംവിധാനമാണ് ഇന്ന് തുടർച്ചയായ പരാതികളുടെ കേന്ദ്രമാകുന്നത്. സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് സാധാരണക്കാർക്ക് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം വരെ കാര്യങ്ങൾ എത്തി നിൽക്കുകയാണ്. കേരളത്തിന്റെ ആരോഗ്യമേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടത്തുന്നത്. സ്വകാര്യ മേഖലയെ വളർത്താനായി മനപ്പൂർവം പൊതുമേഖലാ ആശുപത്രികളെ തകർക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുകയാണ് യുഡിഎഫ് സർക്കാർ.
വിവിധ കമ്പനികളിൽനിന്ന് ഏകദേശം 1500 കോടി രൂപയാണ് തിരഞ്ഞെടുപ്പ് ഫണ്ടായി കോൺഗ്രസ് രേഖാമൂലം കൈപ്പറ്റിയത്. ഇതിൽ ഗണ്യമായൊരു പങ്കും വാങ്ങി കൂട്ടിയത് ഫാർമസ്യൂട്ടിക്കൽസ്, വൻകിട ആശുപത്രികൾ, മെഡിക്കൽ റീട്ടെയിൽ, ഹെൽത്ത് ടെക്നോളജി എന്നീ മേഖലകളിൽ നിന്നായിരുന്നു. സംസ്ഥാനതല സർവേ പ്രകാരം കേരളത്തിലെ ഒരു കുടുംബത്തിന്റെ മൊത്തം വരുമാനത്തിന്റെ 17 ശതമാനമാണ് ഓരോ വർഷവും ചികിത്സയ്ക്കായി ചെലവഴിക്കപ്പെടുന്നത്. ഇതിൽ കണ്ണുവെച്ചാണ് ബ്ലാക്ക് സ്റ്റോൺ, കെകെആർ തുടങ്ങിയ ആഗോള ഇക്വിറ്റി ഭീമന്മാർ കേരളത്തിന്റെ ആരോഗ്യമേഖലയിൽ നിക്ഷേപങ്ങൾ നടത്തുന്നത്.
സ്വകാര്യ കുത്തകകൾക്ക് സർക്കാർ അടിയറവ് പറയുന്നതിന്റെ ഫലമോ, ഇൻഷുറൻസ് കമ്പനികൾ കൂടി എത്തുന്നതോടെ ചെലവ് താങ്ങാവുന്നതിലും അപ്പുറത്തേക്ക് കുതിക്കും, ലാബ് പരിശോധനകൾക്കും ആവശ്യമില്ലാത്ത ശസ്ത്രക്രിയകൾക്കും രോഗികളെ നിർബന്ധിക്കും, കോർപ്പറേറ്റുകൾ നിശ്ചയിക്കുന്ന നിരക്ക് നൽകാൻ കഴിയാതെ സാധാരണക്കാരന് ചികിത്സ നിഷേധിക്കപ്പെടും. അങ്ങനെ കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സയ്ക്കുള്ള സാധാരണക്കാരന്റെ അവകാശങ്ങൾ നിഷേധിക്കപ്പെടും.









0 comments