Deshabhimani

ഏജന്റുമാരുടെ കമ്മിഷൻ വെട്ടിക്കുറയ്ക്കുന്ന ഐആർഡിഎഐ നിർദേശങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

IRDAI
വെബ് ഡെസ്ക്

Published on Oct 01, 2026, 06:10 PM | 2 min read

ന്യൂഡൽഹി : ഏജന്റുമാരുടെ കമ്മിഷൻ വെട്ടിക്കുറയ്ക്കാനൊരുങ്ങുന്ന ഐആർഡിഎഐ നിർദേശത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഇൻഷുറൻസ് ഏജന്റുമാരുടെയും ബ്രോക്കർമാരുടെയും സംഘടനകൾ. ഇൻഷുറൻസ് വിതരണ മേഖലയിലെ ചെലവുകൾ നിയന്ത്രിക്കാനെന്ന വ്യാജേന പുതിയ നിർദേശങ്ങൾ നടപ്പാക്കിയാൽ ഏജന്റുമാരുടെ വരുമാനത്തെയും ഇൻഷുറൻസ് വിതരണ ശൃംഖലയെയും ബാധിക്കുന്ന പുതിയ നിർദേശമാണ് ഐആർഡിഎഐ മുന്നോട്ട് വെച്ചിരിക്കുന്നത്.


പുതിയ നിർദേശം അനുസരിച്ച് എല്ലാ പോളിസികൾക്കും ഒരേപോലെ കമ്മിഷൻ നൽകില്ല. പ്രധാനമായും നാല് കാര്യങ്ങൾ നോക്കിയാകും ഇനി കമ്മിഷൻ തീരുമാനിക്കുക. പോളിസിയുടെ തരം, പോളിസി വിൽക്കുന്ന രീതി, എത്ര രൂപയുടെ പോളിസിയാണ് ഇതിനെല്ലാം പുറമെ ഏജന്റിന്റെ അധ്വാനം എന്നിവയാണ് പരി​ഗണിക്കുക.


ഓരോ തരം പോളിസിക്കും ഏജന്റ്, ബാങ്ക്, ഓൺലൈൻ എന്നിങ്ങനെ അത് വിൽക്കുന്ന രീതിക്കും അനുസരിച്ച് മുപ്പതിലധികം വ്യത്യസ്ത കമ്മിഷൻ നിരക്കുകളാണ് ഐആർഡിഎഐ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇത് ഏജന്റുമാരുടെയും ബ്രോക്കർമാരുടെയും വരുമാനത്തെ ബാധിക്കും. അതിനാൽ തന്നെ ഈ പുതിയ മാറ്റത്തിനെതിരെയാണ് സംഘടനകൾ. ചെറിയ പട്ടണങ്ങളിലും നഗരങ്ങളിലും ഇൻഷുറൻസ് സേവനം എത്തിക്കുന്നതിൽ ഏജന്റുമാർ വഹിക്കുന്ന പങ്ക് കാണാതെയാണ് പുതിയ നിർദേശമെന്നും സംഘടകൾ ആരോപിക്കുന്നു. കൂടാതെ, ഇൻഷുറൻസ് ഏജന്റുമാരുടെ അധ്വാനത്തെ കണക്കിലെടുക്കാതെ ഇൻഷുറൻസ് കമ്പനികളുടെ മൊത്തത്തിലുള്ള നടത്തിപ്പ് ചെലവുകൾ പടിപടിയായി കുറച്ചുകൊണ്ടുവരാനും ഇതിൽ നിർദേശമുണ്ട്.


ഉപഭോക്താക്കളെ സംരക്ഷിക്കാനും തട്ടിപ്പുകൾ തടയാനുമാണ് പുതിയ മാറ്റങ്ങൾ കൊണ്ടു വരുന്നതെന്നാണ് ഇൻഷുറൻസ് റെ​ഗുലേറ്ററിയുടെ ന്യായീകരണം. എന്നാൽ ഈ നിർദേശങ്ങൾ നടപ്പിലാക്കിയാൽ ഈ മേഖലയിലെ പലരുടെയും തൊഴിൽ നഷ്ടപ്പെടുമെന്നതാണ് യാഥാർഥ്യം. ഏജന്റിന് സ്വന്തം കൈയിൽ നിന്ന് വരുന്ന ചെലവിനേക്കാൾ താഴെയാണ് കമ്മീഷൻ ലഭിക്കുന്നതെങ്കിൽ വരുമാനം കുറയും. കമ്മീഷൻ കുറഞ്ഞാൽ ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും ഇൻഷുറൻസ് സേവനങ്ങൾ നൽകാൻ ഏജന്റുമാർ തയ്യാറാകില്ല. പഴയ പോളിസികൾ ചേർക്കാനും ഉപഭോക്താക്കൾക്ക് ആവശ്യമായ മറ്റ് സേവനങ്ങൾ നൽകാനും ഏജന്റുമാർക്ക് സാമ്പത്തിക ചെലവുകളുണ്ട്. പുതിയ കമ്മീഷൻ നിശ്ചയിക്കുമ്പോൾ ഏജന്റുമാരുടെ ഈ സേവനച്ചെലവുകൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്.


ഉപഭോക്താക്കൾക്ക് നേട്ടമാകുമോ?


ചുരുക്കത്തിൽ, ഉപഭോക്തൃ താല്പര്യം എന്ന പേരിൽ ഇൻഷുറൻസ് കമ്പനികളുടെ ലാഭം വർധിപ്പിക്കാനുള്ള തന്ത്രമാണ് ഐആർഡിഎഐ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. രാജ്യത്തെ ലക്ഷക്കണക്കിന് ഇൻഷുറൻസ് ഏജന്റുമാരുടെ ഉപജീവനമാർഗം ഇല്ലാതാക്കുന്ന പുതിയ നിർദേശം പോളിസിയുടമകൾക്ക് സാമ്പത്തികമായി ​ഗുണം ചെയ്യുന്നുമില്ല. കോർപ്പറേറ്റുകളെ സഹായിക്കുന്ന ഈ തൊഴിലാളി വിരുദ്ധ നയത്തിനെതിരെ ഇൻഷുറൻസ് ഏജന്റുമാരുടെ ഭാ​ഗത്തുനിന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home