മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊലപ്പെടുത്തി; മെയിൽ നേഴ്സ് ഒളിവിൽ

ഭോപ്പാൽ: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ഭോപ്പാൽ സൂരജ് നഗർ പ്രദേശത്തെ വീട്ടിൽ രാകേഷ് അഗർവാൾ (70) കൊല്ലപ്പെട്ടത്. 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.
റാത്തിബാദ് പൊലീസ് സ്റ്റേഷന് കീഴിലുള്ള സൂരജ് നഗർ പ്രദേശത്തെ വീട്ടിൽ ബുധനാഴ്ച പുലർച്ചെയാണ് രാകേഷ് അഗർവാളിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന ഭാര്യയാണ് മൃതദേഹം ആദ്യം കണ്ടത്.
സംഭവത്തിന് പിന്നാലെ മൂന്ന് ദിവസം മുമ്പ് ജോലിക്കായി പ്രവേശിച്ച വരുൺ എന്ന മെയിൽ നേഴ്സ് ഒളിവിലാണ്. വരുണിന് കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്. പഞ്ചാബ് സ്വദേശിയാണ് വരുൺ. ഡിസ്ക് സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാകേഷ് അഗർവാൾ 20 ദിവസം മുമ്പാണ് വീട്ടിലെത്തിയത്. തുടർന്നാണ് വരുണിനെ പരിചരണത്തിനായി നിയമിച്ചത്.
വരുണിന്റെ ഫോൺ കോളുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. കൊലപാതകത്തിനുള്ള യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വീട്ടിൽ സിസിടിവകൾ ഇല്ലെന്ന് രാകേഷ് അഗർവാളിന്റെ ഭാര്യ പറഞ്ഞു.
അതേസമയം വീട്ടിലെ അടുക്കളയിൽ ഗ്യാസ് തുറന്നുവിട്ടതായും പൊലീസ് കണ്ടെത്തി. കൊലപാതകക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വരുണിനായി തിരച്ചിൽ തുടരുകയാണെന്നും റാത്തിബാദ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് റാസ് ബിഹാരി ശർമ പറഞ്ഞു.








0 comments