അടൂർ പ്രകാശ് തീകൊളുത്തി; ഇനി കാണാം തമ്മിലടിയുടെ പൂരം

തിരുവനന്തപുരം: അധികാരമേറി നാലു മാസത്തിനകം ഭിന്നതയും തമ്മിലടിയും മുറുകി യുഡിഎഫ് പൊട്ടിത്തെറിയിലേക്ക്. പ്രധാന കക്ഷിയായ കോൺഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങളും അധികാര വടംവലിയുമാണ് പ്രതിസന്ധി ഗുരുതരമാക്കിയത്. മുഖ്യമന്ത്രി വി ഡി സതീശന്റെ എകപക്ഷീയമായ പോക്കിൽ ഗതികെട്ട് യുഡിഎഫ് കൺവീനർ അടുർ പ്രകാശ് ബുധനാഴ്‌ച വാർത്താസമ്മേളനം നടത്തി വിയോജിപ്പ് പരസ്യമാക്കിയതോടെ യുഡിഎഫിലെ പ്രതിസന്ധി മൂർദ്ധന്യത്തിലായി. താനറിയാതെ യുഡിഎഫിൽ പലതും നടക്കുന്നുവെന്ന് കൺവീനർ വന്ന് വിലപിക്കുന്നതിനപ്പുറം ദുരവസ്ഥയില്ല. ഓരോ വാക്കിലും വി ഡി സതീശനെ കടന്നാക്രമിക്കുകയായിരുന്നു അടൂർപ്രകാശ്. എസ്‌ഐആർ പോലുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷകക്ഷികൾ നീങ്ങുമ്പോൾ കേരളത്തിലെ കോൺഗ്രസ് തമ്മിലടിയിൽ മുഴുകുന്നത് ദയനീയ കാഴ്‌ചയുമാണ്. ഇതോടെ കൂടുതൽ എതിർശബ്‌ദങ്ങൾ ഉയരുമെന്ന് ഉറപ്പാണ്. അവസരം കാത്തിരിക്കുന്ന വേണുഗോപാലും ചെന്നിത്തലയും പടയൊരുക്കം ശക്തമാക്കും.
യുഡിഎഫ് തെരഞ്ഞെടുപ്പിൽ ജയിച്ച നാൾ മുതൽ തുടങ്ങിയതാണ് തമ്മിലടിയും പോർവിളിയും. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായിരുന്നു ആദ്യത്തെ കൂട്ടയടി. വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും സ്വന്തം അണികളെ ഇളക്കിവിട്ട് തെരുവിലടക്കം പോരടിച്ചത് മലയാളികൾക്കാകെ മാനക്കേടായി. ഒടുവിൽ, വി ഡി സതീശൻ തന്റേതായ രീതിയിൽ ഹൈക്കമാണ്ടിനെ വളച്ച് കാര്യം നേടി. പിന്നെ മന്ത്രിമാരെ തീരുമാനിക്കുന്നതായിരുന്നു പുകില്. മുഖ്യമന്ത്രി സ്ഥാനം കിട്ടാതിരുന്ന ചെന്നിത്തല ആഭ്യന്തരത്തിൽ പിടിമുറുക്കി. ധനകാര്യവും നിയമവും അടക്കം പൊതുഭരണം വി ഡി മറ്റാർക്കും കൊടുത്തില്ല. സ്വന്തം ഇഷ്‌ടക്കാരെ മന്ത്രിയാക്കിയെങ്കിലും വേണുഗോപാലിന് പ്രതീക്ഷിച്ച വകുപ്പൊന്നും അവർക്കായി മേടിച്ചെടുക്കാനായില്ല. അവിടെയും സതീശനായി കാര്യക്കാരൻ.
മന്ത്രിമാരായി കഴിഞ്ഞിട്ടും വകുപ്പുകളിൽ ഭരണമൊന്നും തുടങ്ങാനായില്ല. പേഴ്‌സണൽ സ്‌റ്റാഫ് നിയമനം അടുത്ത കീറാമുട്ടിയായി. മന്ത്രിമാർ ആവശ്യപ്പെട്ട സ്‌റ്റാഫ് നിയമനങ്ങൾ മുഖ്യമന്ത്രി തടഞ്ഞുവെച്ചു. തർക്കമേറെ കഴിഞ്ഞാണ് പലർക്കും പേരിനെങ്കിലും സ്‌റ്റാഫായത്. മറ്റു മന്ത്രിമാരുടെ ഓഫീസുകൾ ദുർബലമായാലേ തനിക്ക് കയറി നിരങ്ങാൻ കഴിയൂ എന്ന മട്ടിലായിരുന്നു മുഖ്യമന്ത്രി. അങ്ങനെ പറയാൻ കാരണമുണ്ട്. എക്‌സൈസിലും മുസ്ലിംലീഗിന്റെ തദ്ദേശത്തിലും പൊതുവിദ്യാഭ്യാസത്തിലും പല തീരുമാനങ്ങളും മന്ത്രിമാർ അറിഞ്ഞത് നടപ്പായ ശേഷമാണ്. മുഖ്യമന്ത്രി കാര്യങ്ങൾ കൂടിയാലോചിക്കുന്നില്ലെന്ന പരാതി എല്ലാ മന്ത്രിമാർക്കുമുണ്ട്. മുറുമുറുത്തു കൊണ്ടാണെങ്കിലും അതൃപ്‌തി പുറത്തു കാണിക്കാതിരിക്കുകയാണ്. കിട്ടിയ പദവി ആസ്വദിക്കാനാണ് അവർക്ക് കൂടുതൽ താൽപ്പര്യം.
കെപിസിസിയ്‌ക്ക് പുതിയ അദ്ധ്യക്ഷനെ കൊണ്ടുവരുന്നതിലും സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ആരുടെ അടുപ്പക്കാരൻ വേണമെന്നതിലാണ് തർക്കം. ഭരണത്തിൽ ഇടപെടാൻ ശേഷിയുള്ള ഒരാൾ വരരുതെന്ന് സതീശൻ ശഠിക്കുന്നു. ഇതിനിടെ, തൂഫാന്റെ പേരിൽ സതീശന് പണികൊടുക്കാൻ ചെന്നിത്തല എംഡിഎംഎ കേസിൽ മുഹമ്മദ് ഹുസൈനെ പിടിച്ചതും തമ്മിലടിയ്ക്ക് ചൂടുപകർന്നു. അതോടെ തൂഫാന്റെ കാറ്റുപോയെങ്കിലും സംഭവം സതീശന് വലിയ ക്ഷീണമായി.
ഇതെല്ലാം ഒന്നടങ്ങി, ഒന്നു ഭരിച്ചു തുടങ്ങാൻ സാഹചര്യം ഒരുങ്ങിയെന്ന് കരുതിയപ്പോഴാണ് ബുധനാഴ്‌ച യുഡിഎഫ് കൺവീനറുടെ അസാധാരണ വാർത്താസമ്മേളനം. അതും കെപിസിസി ആസ്ഥാനത്ത്. മറ്റാരുടെയെങ്കിലും പിന്തുണയില്ലാതെ അടൂർപ്രകാശ് പരസ്യമായി രംഗത്തു വരുമെന്ന് കരുതാൻ വയ്യ. ഭരണപരിഷ്‌കാര കമിഷൻ ചെയർമാനായി എം കെ മുനീറിനെയും ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി ദേവരാജനെയും യുഡിഎഫിൽ ചർച്ച ചെയ്യാതെ നിയമിച്ചതാണ് പെട്ടന്നുള്ള പ്രകോപനം. ഒരു കാര്യത്തിലും ചർച്ചയും കൂടിയാലോചനയുമില്ലെന്ന് അടൂർപ്രകാശ് പറഞ്ഞു. മാധ്യമങ്ങളിലൂടെ കാര്യങ്ങൾ അറിയേണ്ടി വരുന്നത് ദുഃഖകരമാണെന്നായിരുന്നു വിലാപം.
സതീശനെതിരെ നേരിട്ടായിരുന്നു ആരോപണങ്ങൾ. യുഡിഎഫ് യോഗം വിളിക്കാൻ ചെയർമാനായ മുഖ്യമന്ത്രി താൽപ്പര്യമെടുക്കുന്നില്ല, സ്വകാര്യ വിമാന യാത്രയിൽ വ്യക്തത വരുത്തണം, ഉപതെരഞ്ഞെടുപ്പിന് വേണ്ടത്ര കോ–ഓർഡിനേഷൻ ഉണ്ടായില്ല, വൈദ്യുതി പ്രതിസന്ധി തെരഞ്ഞെടുപ്പിനെ ബാധിച്ചു, ബോർഡ്–കോർപ്പറേഷൻ ഉന്നതസ്ഥാനങ്ങളിൽ ഇടതുപക്ഷം നിയോഗിച്ചവർ തന്നെ തുടരുകയാണ്... എന്നിങ്ങനെ അടൂർ പ്രകാശിന്റെ പരാതികൾ നീണ്ടുപോയി. എഐസിസി ആണ് തന്നെ നിയമിച്ചത്. അതിനാൽ ഇക്കാര്യങ്ങൾ അവിടെ അറിയിക്കുമെന്നും അവസാനം പറഞ്ഞുവെച്ചു. ഭരണപരിഷ്‌കാര കമിഷൻ, ഡൽഹി പ്രതിനിധി നിയമനങ്ങൾ അറിഞ്ഞിരുന്നോ എന്നു ചോദിച്ചപ്പോൾ, അക്കാര്യം ബന്ധപ്പെട്ട വേദിയിൽ അറിയിക്കും എന്നായിരുന്നു കെ സി വേണുഗോപാലിന്റെയും മറുപടി. പത്തനംതിട്ടയിലെ ചടങ്ങിൽവെച്ച് വി ഡി സതീശനോട് അടൂർ പ്രകാശിന്റെ വിമർശനം മാധ്യമങ്ങൾ സൂചിപ്പിച്ചപ്പോൾ മറുപടി പറയാതെ ഒഴിഞ്ഞുമാറി.








0 comments