ഇന്ന് ലോക ജലദിനം
മണ്ണൊലിപ്പും ഉരുൾപൊട്ടലുമില്ല നീർച്ചാലുകളിൽ ഒഴുകും തെളിനീർ

തിരുവനന്തപുരം : മണ്ണൊലിപ്പിനും ഉരുൾപൊട്ടലിനുമുള്ള സാധ്യത കുറച്ച് സംസ്ഥാനത്ത് ആകെ വീണ്ടെടുത്തത് 25,810 നീർച്ചാലുകൾ. ഇനി ഞാനൊഴുകട്ടെ ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള സുരക്ഷിതമാക്കാം പശ്ചിമഘട്ടം പദ്ധതിയിലൂടെയാണ് നീർച്ചാലുകൾ സജീവമാകുന്നത്.
ക്യാമ്പയിന്റെ മൂന്നാം ഘട്ടമാണ് നിലവിൽ സംസ്ഥാനത്ത് പുരോഗമിക്കുന്നത്. ഒന്നും രണ്ടും ഘട്ടത്തിൽ ആകെ 82,990 കിലോമീറ്റർ ദൂരം നീർച്ചാലുകൾ ശുചീകരിച്ച് സുഗമമായ നീരൊഴുക്ക് സാധ്യമാക്കി. 422 കിലോമീറ്റർ ദൂരം പുഴകൾ ശുചീകരിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളാണ് ജലസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത്.
പ്രകൃതി ദുരന്തങ്ങൾ തടയുന്നതിനൊപ്പം ജലസംരക്ഷണവും ഉറപ്പാക്കിയാണ് പദ്ധതി പുരോഗമിക്കുന്നത്.
പശ്ചിമഘട്ട പ്രദേശങ്ങളിലെ ഒമ്പതു ജില്ലയിലായി 230 പഞ്ചായത്തിന്റെ നീർച്ചാലുകളുടെ സ്ഥിതിവിവരം ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ശേഖരിക്കുന്ന പ്രവർത്തനം അവസാനഘട്ടത്തിലാണ്. 217 പഞ്ചായത്തിൽ ജിയോമാപ്പിങ് പൂർത്തിയായി. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ സുരക്ഷിതമാക്കാം പശ്ചിമഘട്ടം പദ്ധതിക്കായി മൂന്നുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മാപ്പിങ് പൂർത്തിയായ 158 പഞ്ചായത്തിൽ ജലസംരക്ഷണത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. 114 പഞ്ചായത്തിൽ ഫീൽഡ്തല പ്രവർത്തനങ്ങൾ നടന്നു. ഇതിലൂടെ 2448 കിലോമീറ്റർ നീർച്ചാൽ ശൃംഖല വീണ്ടെടുത്തു.









0 comments