സംസ്ഥാനത്തെ വ്യവസായമേഖലയിലെ മുന്നേറ്റങ്ങൾ ദാവോസ് ഫോറത്തിൽ ഫലപ്രദമായി അവതരിപ്പിച്ചു: മന്ത്രി പി രാജീവ്

തിരുവനന്തപുരം: സ്വിറ്റ്സർലാൻഡിലെ ദാവോസിൽ നടന്ന 55-ാമത് വേൾഡ് ഇക്കണോമിക് ഫോറ (ഡബ്ല്യുഇഎഫ്) ത്തിൽ വ്യവസായ മേഖലയിൽ കൈവരിച്ച മുന്നേറ്റങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാനും ശ്രദ്ധേയ സാന്നിധ്യമാകാനും കേരളത്തിന് സാധിച്ചുവെന്ന് വ്യവസായ മന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് വ്യവസായ നിക്ഷേപത്തിനുള്ള സാധ്യതകൾ തുറന്നിടുന്ന ഫലപ്രദമായ ചർച്ചകൾ നടത്താനും ജനുവരി 20 മുതൽ 24 വരെ നടന്ന ഫോറത്തിലെ പങ്കാളിത്തത്തിലൂടെ കേരളത്തിന് സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
ഫോറത്തിലെ കേരള പവലിയനിലൂടെയുള്ള പ്രതിനിധി സംഘത്തിൻറെ വിജയകരമായ ഇടപെടൽ ഫെബ്രുവരി 21, 22 തിയതികളിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിക്ക് ഗുണകരമാകും. സംസ്ഥാനത്തെ ഭാവി വ്യവസായ നിക്ഷേപ സാധ്യതയ്ക്കും ഇത് കരുത്ത് പകരും. 70 ഓളം കമ്പനി പ്രതിനിധികളോടും വ്യവസായ പ്രമുഖരോടുമാണ് ദാവോസിൽ വ്യവസായ മന്ത്രി വൺ ടു വൺ ചർച്ച നടത്തിയത്. അനുകൂലമായ സർക്കാർ നയങ്ങളിലൂടെ കേരളത്തിൻറെ വ്യവസായ മേഖലയിലുണ്ടായ വളർച്ചയും നിക്ഷേപ സൗഹൃദ അന്തരീക്ഷവും ചർച്ചയിൽ എടുത്തുകാട്ടി. ഐടി മുതൽ എംഎസ്എംഇ വരെ കേരളം വളർച്ച കൈവരിച്ച വിവിധ മേഖലകൾ കേന്ദ്രീകരിച്ചാണ് വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്തിയത്.
ഡീകാർബണൈസ് ചെയ്യാനുള്ള ശ്രമങ്ങൾക്ക് വേൾഡ് ഇക്കണോമിക് ഫോറം ആഗോളതലത്തിൽ അംഗീകരിച്ച 13 പ്രമുഖ വ്യവസായ ക്ലസ്റ്ററുകളിലൊന്നായി കേരള ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതിയുടെ പ്രഖ്യാപനം മാറി. ഓസ്ട്രേലിയ, ബ്രസീൽ, കൊളംബിയ, ഇന്ത്യ, നെതർലാൻഡ്സ്, സൗദി അറേബ്യ, സ്വീഡൻ, തായ് ലൻഡ്, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങളിൽ ഈ പദ്ധതികൾ വ്യാപിച്ചുകിടക്കുന്നു. സംസ്ഥാനത്തിൻറെ വാർഷിക കാർബൺ ഡൈഓക്സൈഡ് എമിഷൻറെ ഏകദേശം 50% വരുന്ന നിർണായക മേഖലകളിൽ കാർബൺ കുറയ്ക്കുന്നതിനാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സർക്കാരിൻറെ പുതിയ വ്യവസായ നയത്തിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. ഇത് കേരളത്തിൻറെ നിക്ഷേപ മേഖലയിൽ വലിയ സ്വാധീനം ചെലുത്തും. എ ബി ഇൻബെവ്, ഗ്രീൻകോ, ഹിറ്റാച്ചി, ടിവിഎസ് ലോജിസ്റ്റിക്സ്, ജൂബിലൻറ്, ഭാരത് ഫോർജ്, എച്ച്സിഎൽ, സിഫി, വെൽസ്പൺ, ഇൻഫോസിസ്, വാരി, സുഹാന സ്പൈസസ് തുടങ്ങിയ കമ്പനികളിൽ നിന്ന് കേരളം നിക്ഷേപം പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വ്യവസായ മന്ത്രിയുടെ നേതൃത്വത്തിലുള്ള കേരള പ്രതിനിധി സംഘത്തിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ എന്നിവരാണ് ഉണ്ടായിരുന്നത്.
'വി ആർ ചേഞ്ചിങ് ദ നേച്വർ ഓഫ് ബിസിനസ്' എന്ന പ്രമേയം ഉൾക്കൊള്ളുന്ന ഡബ്ല്യുഇഎഫിലെ ഇന്ത്യ പവലിയൻറെ ഭാഗമായി സജ്ജീകരിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് പവലിയൻ ആദ്യ ദിവസം മുതൽ സംരംഭകരെയും നിക്ഷേപകരെയും ആകർഷിച്ചുവെന്ന് മന്ത്രി പറഞ്ഞു. ആദ്യമായാണ് ഡബ്ല്യുഇഎഫിൽ കേരളം പവലിയൻ ഒരുക്കിയത്.
ഡബ്ല്യുഇഎഫിൽ കേരള പവലിയൻ സ്ഥാപിക്കുക വഴി ലോകത്തെ പ്രധാന നിക്ഷേപകർക്ക് മുന്നിൽ കേരളത്തെ പരിചയപ്പെടുത്താനും സംരംഭക ആവാസവ്യവസ്ഥ അവതരിപ്പിക്കാൻ അവസരമൊരുക്കിയതായും മന്ത്രി പറഞ്ഞു. ജനങ്ങളെ പിന്തുണച്ചുകൊണ്ടും പരിസ്ഥിതിക്ക് ദോഷം വരുത്താതെയുമുള്ള വ്യവസായങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന സന്ദേശമാണ് കേരളം മുന്നോട്ടുവച്ചത്. പ്രകൃതി, ജനങ്ങൾ, വ്യവസായം (നേച്ചർ, പിപ്പിൾ, ഇൻഡസ്ട്രി) എന്നതാണ് ഇൻവെസ്റ്റ് കേരളയുടെ ടാഗ് ലൈൻ. സുസ്ഥിരതയും ഉത്തരവാദിത്തവുമുള്ള വ്യവസായ നയത്തിന് നൽകുന്ന പ്രാധാന്യവും വൈവിധ്യവും ഉൾപ്പെടുത്തലുമാണ് കേരളത്തിലെ വ്യവസായത്തിൻറെ ശക്തിയെന്നുമുള്ള ആശയങ്ങൾ സംസ്ഥാനം സംരംഭകരോട് പങ്കുവച്ചു.
---------------------------------------------------------------------------------------------------------------------------------










0 comments