വ്യവസായ മേഖലയിൽ സുസ്ഥിര, സമഗ്രവികസന ലക്ഷ്യങ്ങൾ പിന്തുടരുന്നതിന് ഊന്നൽ നൽകണം: മന്ത്രി പി രാജീവ്

തിരുവനന്തപുരം: വ്യവസായ മേഖലയിൽ സുസ്ഥിരവും സമഗ്രവുമായ വികസന ലക്ഷ്യങ്ങൾ പിന്തുടരുന്നതിന് ഊന്നൽ നൽകണമെന്ന് വ്യവസായ മന്ത്രി പി രാജീവ്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന 55-ാമത് വേൾഡ് ഇക്കണോമിക് ഫോറത്തിൽ(ഡബ്ല്യുഇഎഫ്) പങ്കെടുക്കുന്ന കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ, ഇന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാർ എന്നിവർ നടത്തിയ സംയുക്ത മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപ കേന്ദ്രമെന്ന നിലയിൽ കേരളത്തിൻറെ സുപ്രധാന മേഖലകളെയും മന്ത്രി ഉയർത്തിക്കാട്ടി.
സംസ്ഥാന സർക്കാരിൻറെ നയസംരംഭങ്ങൾ കേരളത്തിൻറെ വ്യാവസായിക വളർച്ചയെ മുന്നോട്ട് നയിക്കാൻ ഏറെ സഹായകമാണെന്ന് രാജീവ് പറഞ്ഞു. ഉത്തരവാദിത്തമുള്ളതും സമഗ്രമായതുമായ വ്യവസായ മാതൃകയ്ക്കാണ് കേരളം ഊന്നൽ നൽകുന്നത്. 'വി ആർ ചേഞ്ചിങ് ദ നേച്വർ ഓഫ് ബിസിനസ്' എന്ന സന്ദേശമാണ് ഡബ്ല്യുഇഎഫിലെ കേരള പവലിയൻ മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിലെ വ്യവസായ മേഖലയിലുണ്ടായ ഗുണപരമായ മാറ്റങ്ങളിൽ ഉന്നത സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ വ്യവസായങ്ങളും എംഎസ്എംഇകളും ഉൾപ്പെടുന്നു.
സംസ്ഥാന സർക്കാരിൻറെ പുതിയ വ്യാവസായിക നയം 20ലധികം മേഖലകൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. ഈ മേഖലകളിൽ ലോകമെമ്പാടു നിന്നും നിക്ഷേപം പ്രോത്സാഹിപ്പിക്കും. ഫെബ്രുവരി 21, 22 തിയതികളിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയിൽ നിക്ഷേപം പ്രതീക്ഷിക്കുന്ന നിർദ്ദിഷ്ട മേഖലകളും പദ്ധതികളും പ്രദർശിപ്പിക്കും. ഉച്ചകോടിക്കു മുന്നോടിയായി വിവിധ വ്യവസായ മേഖലകളെ കേന്ദ്രീകരിച്ച് നടത്തിയ സമ്മേളനങ്ങൾക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള വ്യവസായ പ്രമുഖരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
വ്യവസായ സംരംഭങ്ങൾ തുടങ്ങാനുള്ള നടപടിക്രമങ്ങൾ സർക്കാർ ലഘൂകരിക്കുകയും കാര്യക്ഷമമാക്കുകയും ചെയ്തിരുന്നു. നിക്ഷേപകർക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ സംരംഭങ്ങൾ ആരംഭിക്കാൻ ഇത് സഹായിക്കുന്നു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ കേരളം ഇന്ത്യയിൽ ഒന്നാമതെത്തിയത് ശ്രദ്ധേയ നേട്ടമാണ്. കഴിവുറ്റ പ്രൊഫഷണലുകളുടെ ലഭ്യതയും മികച്ച കാലാവസ്ഥയും കേരളത്തിൻറെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, കെ റാംമോഹൻ നായിഡു, സി ആർ പാട്ടീൽ, ചിരാഗ് പസ്വാൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ അംബാസഡർ മൃദുൽ കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments