ലോക സാമ്പത്തിക ഫോറത്തിൽ കേരളവും; മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ഔദ്യോഗിക ഉന്നതതല സംഘം

തിരുവനന്തപുരം: വ്യവസായ സംരംഭങ്ങളിലെ ആഗോള നിക്ഷേപങ്ങളും സഹകരണങ്ങളും തേടുന്നതിനും സംസ്ഥാനത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷം ആഗോള തലത്തിൽ പരിചയപ്പെടുത്തുന്നതിനുമായി ജനുവരി 19 മുതൽ 23 വരെ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലേക്ക് (ഡബ്ല്യുഇഎഫ്) വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ഔദ്യോഗിക ഉന്നതതല സംഘത്തെ കേരളം അയക്കും. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, വ്യവസായ വാണിജ്യ അഡീഷണൽ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്ഐഡിസി) മാനേജിംഗ് ഡയറക്ടർ പി വിഷ്ണുരാജ് എന്നിവരും അഞ്ചംഗ സംഘത്തിലുണ്ട്.
കേരളത്തിൻറെ വ്യാവസായിക രംഗത്ത് സംസ്ഥാന സർക്കാർ കൊണ്ടുവന്ന പരിവർത്തനാത്മക മാറ്റങ്ങൾ ദാവോസിൽ പ്രദർശിപ്പിക്കുകയും 'ഉത്തരവാദിത്തമുള്ള നിക്ഷേപം, ഉത്തരവാദിത്തമുള്ള വ്യവസായം' എന്ന ബ്രാൻഡ് ഇമേജ് ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഇത് ഡബ്ല്യുഇഎഫ് 2026 ലെ 'എ സ്പിരിറ്റ് ഓഫ് ഡയലോഗ്' എന്ന പ്രമേയവുമായി പൊരുത്തപ്പെടുന്നതായിരിക്കും. ഹൈടെക്, വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിലേക്ക് സംസ്ഥാനം മാറുന്നതിനെക്കുറിച്ചും ഇൻഡസ്ട്രി 4.0 അനുസൃതമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും കേരള പ്രതിനിധി സംഘം ഉച്ചകോടിയിൽ പരാമർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ല്യുഇഎഫിലെ പങ്കാളിത്തം കേരളത്തിലെ വ്യവസായ, നിക്ഷേപ അന്തരീക്ഷത്തിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഡബ്ല്യുഇഎഫിലെ പങ്കാളിത്തത്തെ തുടർന്നാണ് ഭാരത് ബയോടെക്കിൻറെ നിക്ഷേപം കേരളത്തിലേക്ക് വന്നത്. ഐകെജിഎസ് വഴി സംസ്ഥാനത്തേക്ക് വലിയ തോതിൽ നിക്ഷേപം ആകർഷിക്കാനായതിലും ഡബ്ല്യുഇഎഫിലെ പങ്കാളിത്തം നിർണായകായി. 'നാഷണൽ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് 2024' ൽ മികച്ച നേട്ടം കൈവരിച്ച കേരളത്തിന് ദാവോസിലെ ഇന്ത്യ പവലിയനിൽ പ്രത്യേക ഇടം നൽകിയിട്ടുണ്ട്. ആഗോള പങ്കാളികൾക്ക് സംസ്ഥാനത്തിൻറെ വ്യാവസായിക നയ പരിഷ്കാരങ്ങളെക്കുറിച്ച് മനസ്സിലാക്കുവാനുള്ള കേന്ദ്രമായി ഇത് പ്രവർത്തിക്കും. വിജ്ഞാന സമ്പദ് വ്യവസ്ഥ, പരിസ്ഥിതി, ഇഎസ് ജി, ഹൈടെക്, ആധുനിക സാങ്കേതികവിദ്യാധിഷ്ഠിത വ്യവസായങ്ങൾ എന്നിവയിലായിരിക്കും കേരളം ശ്രദ്ധ കേന്ദ്രീകരിക്കുക.
സാങ്കേതികവിദ്യ, നൈപുണ്യം, പരിസ്ഥിതി അനുകൂല വ്യവസായ രീതികൾ എന്നിവ സംയോജിപ്പിച്ച് സാമ്പത്തികനേട്ടം ഉണ്ടാക്കുന്നതിനായി നിക്ഷേപിക്കുന്നത് എങ്ങനെയെന്ന് ദാവോസിൽ എടുത്തുകാണിക്കുമെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക വികസനം പാരിസ്ഥിതിക സംവേദനക്ഷമതയുമായി സന്തുലിതമാക്കുക എന്നതാണ് കേരളം മുന്നോട്ടുവയ്ക്കുന്ന പ്രധാന ലക്ഷ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വ്യാവസായിക സൗഹൃദ അന്തരീക്ഷം, കാലാവസ്ഥാ-പരിസ്ഥിതി അനുകൂല ഘടകങ്ങൾ, അനുകൂലമായ സർക്കാർ നയങ്ങൾ, മികച്ച ഡിജിറ്റൽ സാക്ഷരതയുള്ള പ്രൊഫഷണലുകൾ, ഉയർന്ന ജീവിത നിലവാരം എന്നിവയിലൂടെ കേരളം നിക്ഷേപത്തിന് അനുയോജ്യമായ സ്ഥലമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ 449 കമ്പനികളിൽ നിന്ന് 1.80 ലക്ഷം കോടി രൂപയുടെ താൽപ്പര്യ പത്രങ്ങൾ സംസ്ഥാനത്തിന് ലഭിച്ചു. ഡൈനിമേറ്റഡ് (ഇറ്റലി), അദാനി ലോജിസ്റ്റിക്സ് തുടങ്ങിയ ആഗോള ഭീമന്മാരുടേത് ഉൾപ്പെടെ 100-ൽ അധികം പദ്ധതികളിൽ ഇതിനകം നിർമാണം ആരംഭിച്ചു.
സംസ്ഥാന സർക്കാർ 22 മുൻഗണനാ മേഖലകളെ തിരിച്ചറിഞ്ഞുകൊണ്ട് നിക്ഷേപ അവസരങ്ങൾക്കും പ്രോത്സാഹനത്തിനുമായി വ്യവസായ നയം ലളിതമാക്കിയിട്ടുണ്ട്. എയ്റോസ്പേസ്, പ്രതിരോധം, റോബോട്ടിക്സ്, ആയുർവേദം, ഇലക്ട്രിക് വാഹനങ്ങൾ, ഗ്രഫീൻ, ഹൈടെക് കൃഷി, ലോജിസ്റ്റിക്സ് ആൻഡ് പാക്കേജിംഗ്, നാനോ ടെക്നോളജി, ഫാർമസ്യൂട്ടിക്കൽസ്; പുനരുപയോഗ ഊർജ്ജം, റീട്ടെയിൽ മേഖല, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, ത്രിഡി പ്രിൻറിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. സുസ്ഥിരവും ധാർമികവുമായ വ്യവസായ ഡെസ്റ്റിനേഷൻ എന്ന തലത്തിലേക്ക് കേരളത്തിൻറെ വ്യാവസായിക ആവാസവ്യവസ്ഥയെ വ്യവസായ വകുപ്പ് വിജയകരമായി പരിവർത്തനം ചെയ്തു. എല്ലാ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും ജില്ലാ വ്യവസായ കേന്ദ്രങ്ങളും ഏകീകൃത ഇഎസ് ജികേന്ദ്രീകൃത ഐഡൻറിറ്റി സ്വീകരിച്ച് പുനർനാമകരണം ചെയ്തിട്ടുണ്ട്. 1000 എംഎസ്എംഇകളെ 100 കോടി രൂപയുടെ വിറ്റുവരവുള്ള സംരംഭങ്ങളാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള 'മിഷൻ 1000' വിജയകരമായി നടപ്പിലാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
എഐ, സ്പേസ് ടെക്നോളജി, ലൈഫ് സയൻസസ് തുടങ്ങി ഉയർന്ന മൂല്യമുള്ളതും മലിനീകരണമില്ലാത്തതുമായ വ്യവസായങ്ങളെ ആകർഷിക്കുന്നതിനായി അത്തരം ബ്രാൻഡിംഗ് പ്രദർശിപ്പിക്കാൻ ഡബ്ല്യുഇഎഫ് 2026 ലെ പ്രതിനിധി സംഘം പദ്ധതിയിടുന്നുണ്ട്. കമ്പനികൾ ഇഎസ് ജി പാലിക്കുന്നതിനായി ആഗോളതലത്തിൽ വലിയ സമ്മർദ്ദം നേരിടുന്നുണ്ടെന്ന് പി.രാജീവ് പറഞ്ഞു. കേരളത്തിൽ പ്രവർത്തിക്കുന്നതിലൂടെ നിക്ഷേപകർക്ക് അന്താരാഷ്ട്ര സുസ്ഥിരതാ മാനദണ്ഡങ്ങൾ പാലിക്കാനും ട്രാൻസ്പരൻറ് ഫീഡ്ബാക്ക്-ലിങ്ക്ഡ് റെഗുലേറ്ററി സിസ്റ്റത്തിൽ (ബിആർഎപി 2024) നിന്ന് പ്രയോജനം നേടാനും ഉൽപ്പന്നങ്ങൾക്ക് 'ഗ്രീൻ പ്രീമിയം' നേടാനുമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് തുടങ്ങിയ ഐടി പാർക്കുകളെ പ്രയോജനപ്പെടുത്തി കേരളം ഇന്ത്യയിലെ ഗ്ലോബൽ കേപ്പബിലിറ്റി സെൻററുകളുടെ (ജിസിസി) പ്രധാന കേന്ദ്രമായി വളർന്നുവരുന്നു. ഇൻഫോപാർക്ക് ഫേസ്-3 ലെ രാജ്യത്തെ ആദ്യത്തെ എഐ ടൗൺഷിപ്പ്, ആഗോള സ്ഥാപനങ്ങളെ ആകർഷിക്കുന്നതിനായി വരാനിരിക്കുന്ന ജിസിസി നയം എന്നിവയുൾപ്പെടെയുള്ള പ്രധാന വികസനങ്ങളിലൂടെയാണിത്. കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളെ നവീകരണത്തിനും നിക്ഷേപത്തിനുമുള്ള പ്രധാന ലക്ഷ്യസ്ഥാനങ്ങളായി ഇത് സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൻറെ സവിശേഷമായ ഭൂമിശാസ്ത്രം ലോജിസ്റ്റിക്സിനും വികേന്ദ്രീകൃത വ്യാവസായിക വളർച്ചയ്ക്കും സഹായിക്കുന്നതാണ് എന്നതാണ് മറ്റൊരു അനുകൂല ഘടകം. 100% ഡിജിറ്റൽ സാക്ഷരതയും കെ-ഫോൺ ഹൈസ്പീഡ് ഇൻറർനെറ്റും ഉൾപ്പെടെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാനത്തിൻറെ എല്ലാ കോണുകളിലും ലഭ്യമാണെന്നത് കേരളത്തെ ഒറ്റ വികസിത നഗരമാക്കി മാറ്റുന്നു.
അടുത്തിടെ സമർപ്പിച്ച കേരള അർബൻ പോളിസി കമ്മീഷൻ (കെയുപിസി) റിപ്പോർട്ട് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ 'നഗര കാബിനറ്റുകൾ'ക്ക് വഴിയൊരുക്കി. ഇത് കാലാവസ്ഥാ-സ്മാർട്ട് സോണിംഗും മെട്രോപൊളിറ്റൻ തലത്തിലുള്ള ഭരണവും സാധ്യമാക്കുന്നു. ഇത് സംസ്ഥാനത്തെ ഇന്ത്യയിലെ സുസ്ഥിര നഗരവൽക്കരണത്തിനുള്ള ദിശാസൂചിയാക്കി മാറ്റുന്നു. 2035 ആകുമ്പോഴേക്കും കേരളത്തിലെ ജനസംഖ്യയുടെ 90 ശതമാനത്തിലധികവും നഗരവൽക്കരിക്കപ്പെട്ട ക്ലസ്റ്ററുകളിൽ താമസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിക്ഷേപകർക്ക് ഏകീകൃത വിപണിയും പ്രൊഫഷണൽ ജീവനക്കാരെയും ഉറപ്പാക്കുന്നു. അർബൻ-ഗ്രേഡ് കണക്റ്റിവിറ്റി, വൈദ്യുതി, അതിവേഗ ഇൻറർനെറ്റ് എന്നിവയുടെ സഹായത്തോടെ നിക്ഷേപകർക്ക് നഗരപ്രാന്തങ്ങളിലോ ഗ്രാമപ്രദേശങ്ങളിലോ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കാൻ കഴിയും- മന്ത്രി വ്യക്തമാക്കി.










0 comments