ad
Deshabhimani

print edition ബിഎൽഒമാരും മനുഷ്യരല്ലേ ; കള്ളത്തരത്തിന്‌ പ്രേരണമുതൽ സസ്പെൻഷൻ ഭീഷണിവരെ

sir voter
വെബ് ഡെസ്ക്

Published on Nov 18, 2025, 02:30 AM | 2 min read


തിരുവനന്തപുരം

‘സുജാതക്ക്‌ ബിപി കൂടി, വൈകിട്ട്‌ ആശുപത്രിയിൽ കൊണ്ടുപോയി. ഓരോരുത്തരെയും അവർ ഭീഷണിപ്പെടുത്തുകയാണ്‌’ – എന്യൂമറേഷൻ ഫോം വിതരണത്തിൽ മേലുദ്യോഗസ്ഥരുടെ സമ്മർദം വിവരിച്ച്‌ ബിഎൽഒമാരുടെ വാട്‌സാപ്പ്‌ ഗ്ര‍ൂപ്പിൽ വന്ന ശബ്ദസന്ദേശം ഇങ്ങനെ. ‘രണ്ട്‌ മണി മുതൽ വിളിയാണ്‌. അഞ്ച്‌ മണിക്കുള്ളിൽ മുഴുവൻ ഫോമും വിതരണം ചെയ്യണമെന്നാണ്‌ പറയുന്നത്‌. വിതരണം ചെയ്യാത്ത ഫോമും കൊടുത്തതായി രേഖപ്പെടുത്താൻ പറയുന്നു. അവസാനം ഞാനൊരു കടയുടെ സൈഡിൽ കയറിനിന്ന്‌ ഫോമുകൾ സ്‌കാൻ ചെയ്‌ത്‌ അയച്ച്‌ കൊടുത്തു’– മറ്റൊരു വനിത ബിഎൽഒയുടെ സന്ദേശം.


ഉദ്യോഗസ്ഥരെ സമ്മർദത്തിലാഴ്‌ത്തി സംസ്ഥാനത്ത്‌ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന അട്ടിമറിക്കാനുള്ള ശ്രമിക്കുന്നതായി ബിഎൽഒമാരുടെ ആശങ്കകളിൽ വ്യക്‌തം. കള്ളത്തരം കാണിക്കാൻ നിർബന്ധിക്കുന്നുവെന്നും ഭാവിയിൽ ഇത്‌ കുരുക്കാകുമെന്നും ബിഎൽഒമാർ പറയുന്നു.


‘സൂപ്പർ വൈസർമാരും വില്ലേജ്‌ ഓഫീസർമാരും നിരന്തരം ഫോൺവിളിയാണ്‌. നിങ്ങൾ ഫീൽഡിൽ ഉണ്ടോ, ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്‌, വിളിക്കുമ്പോഴുക്കെ ഫോണിൽ കിട്ടണം, സസ്‌പെൻഷൻ അടക്കമുള്ള നിയമനടപടിയുണ്ടാകും എന്നൊക്കെയാണ്‌ ഭീഷണി’യെന്ന്‌ തിരുവനന്തപുരം കുന്നുകുഴിവാർഡിലെ ബിഎൽഒ ആർ ആന്റണി പറഞ്ഞു.


‘നാട്ടിൽ നിന്ന്‌ മാറിയാണ്‌ ബിഎൽഒ ചുമതല ലഭിച്ചത്‌. ആ നാട്ടുകാരെയോ വോട്ടർമാരെയോ അറിയില്ല. 1500ലേറെപേരെ നേരിൽക്കണ്ട്‌ ഫോം നൽകണം. ഇവരെ കണ്ടുപിടിക്കുകതന്നെ ഭാരിച്ച ഉത്തരവാദിത്വമാണ്‌. പിന്നെങ്ങനെ ഒരു മാസംകൊണ്ട്‌ മുഴുവൻ ജോലികളും തീർക്കും’– നെടുമങ്ങാട്‌ കരകുളം വാർഡിലെ ബിഎൽഒ പ്രശാന്ത്‌ ചോദിക്കുന്നു.


മുഴുവൻ ഫോമും വിതരണം ചെയ്തതായി രേഖപ്പെടുത്താനും കൊടുക്കാനാകാത്തവ തിരിച്ച്‌ കിട്ടാത്ത ഫോമുകളുടെ കൂട്ടത്തിൽ കണക്കാക്കാനുമാണ്‌ നിർദേശം. എന്നാൽ വീട്ടുകാർ പരാതിപ്പെട്ടാൽ എന്തുചെയ്യുമെന്നും ഇവർക്ക്‌ പേടിയുണ്ട്‌. സംസ്ഥാന സർക്കാർ എസ്‌ഐആർ നീട്ടിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോടതിയിൽ പോകുമ്പോൾ, മുഴുവൻ ഫോമുകളും വിതരണം ചെയ്തെന്ന്‌ കാണിച്ച്‌ പ്രതിരോധത്തിനാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ശ്രമിക്കുന്നതെന്നും ബിഎൽഒമാർ പറ
യുന്നു.



രാജ്യമെങ്ങും പ്രതിഷേധം

വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ ഭാഗമായി അമിതജോലിഭാരം അടിച്ചേല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് രാജ്യത്തെമ്പാടും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പ്രതിഷേധത്തില്‍. ബിഎല്‍ഒ ജോലിയുടെ സമ്മര്‍ദം താങ്ങാനാകുന്നില്ലെന്ന് കുറിപ്പെഴുതിവച്ച് അധ്യാപകനായ മുകേഷ് ജംഗിദ് (43) ട്രെയിനിനുമുന്നില്‍ ചാടി ജീവനൊടുക്കിയത് രാജസ്ഥാനില്‍ പ്രതിഷേധം ശക്തമാക്കി. തെരഞ്ഞെടുപ്പ് ജോലിയുടെപേരില്‍ മേലധികാരികളില്‍ നിന്ന് കടുത്ത സമ്മർദം നേരിട്ടെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്. അർധവാർഷിക പരീക്ഷാകാലയളവിൽ ബിഎൽഒ ചുമതലയിൽനിന്ന്‌ അധ്യാപകരെ നീക്കാനാവശ്യപ്പെട്ട്‌ അധ്യാപകസംഘടനകള്‍ രംഗത്തു
വന്നു.


പശ്ചിമബംഗാളിലെ വടക്കൻ കൊൽക്കത്തയില്‍ എസ്ഐആര്‍ ജോലിക്കിടെ സൂപ്പർവൈസറുമായുള്ള യോഗത്തിൽ പങ്കെടുക്കവെ ബിഎൽഒ അനിമേഷ് നന്ദി കുഴഞ്ഞുവീണു. അദ്ദേഹം കടുത്ത ജോലി സമ്മർദത്തിലായിരുന്നുവെന്ന് കുടുംബം അറിയിച്ചു. പശ്ചിമ ബംഗാളിൽ നിരവധി ജില്ലകളിലെ ബിഎൽഒമാർ ശനിയാഴ്ച പരിശീലന പരിപാടികളില്‍നിന്ന്‌ വിട്ടുനിന്നു.


എസ്ഐആര്‍ ജോലികള്‍ ചൊവ്വാഴ്ചമുതല്‍ ബഹിഷ്കരിക്കുമെന്ന് തമിഴ്നാട്ടിലെ റവന്യൂ ജീവനക്കാരുടെ ഫെഡറേഷൻ പ്രഖ്യാപിച്ചു. രാത്രി വൈകിയും അവലോകന യോഗംനടത്തുന്നതും മൂന്ന്‌ വീഡിയോ കോൺഫറൻസുകൾ നടത്തുന്നതും കലക്ടർമാർ നിർത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.


കഴിക്കാൻപോലും 
സമയമില്ല

ഭക്ഷണം കഴിക്കാൻപോലും സമയം കിട്ടുന്നില്ല. രാവിലെ ഏഴിന്‌ വീട്ടിൽനിന്ന്‌ ഇറങ്ങും. വീട്ടിലെ സാഹചര്യം, നമ്മുടെ ആരോഗ്യ പ്രശ്‌നം ഇതൊന്നും ആർക്കും അറിയണ്ട. ആളുകളെ കണ്ട്‌ ഫോം കൊടുക്കുന്നതിന്‌ പകരം ഫോം നൽകിയതായി രേഖപ്പെടുത്താനാണ്‌ പറയുന്നത്‌. പഫോം നൽകാതെ, നൽകിയെന്ന്‌ അടയാളപ്പെടുത്തി ആരെങ്കിലും മറ്റൊരു സ്ഥലത്ത്‌ കുറ്റകൃത്യത്തിന്‌ പിടിക്കപ്പെട്ടാൽ ഞാൻ ഉത്തരം പറയേണ്ടിവരില്ലേ?


ഇതുവരെ തിരിച്ചറിയൽ കാർഡുപോലും ലഭിച്ചിട്ടില്ല. പല തവണ ആവശ്യപ്പെട്ടു. പ്രിന്റ്‌ ചെയ്യാൻ കൊടുത്തിട്ടുണ്ട്‌ എന്നാണ്‌ മറുപടി. ഒരേ വീട്ടിൽ തന്നെ ഫോം കൊടുക്കാനും വാങ്ങാനും ആറു തവണയിലേറെ പോകേണ്ട സ്ഥിതിയാണ്‌.

ആർ ആന്റണി, ബിഎൽഒ, 
തിരുവനന്തപുരം കുന്നുകുഴിവാർഡ്‌


മനുഷ്യരാണെന്ന 
പരിഗണന പോലുമില്ല

എന്യൂമറേഷൻ ഫോം മുഴുവൻ വിതരണം ചെയ്തുകഴിഞ്ഞ്‌ അടുത്ത ദിവസം ഡേറ്റ എൻട്രി നടത്താനാണ് പറയുന്നത്‌. വിതരണംപോലും തീരാതെ എങ്ങനെയാണ്‌ ഡേറ്റ എന്റർ ചെയ്യുക. കുടുംബവും പ്രാരാബ്ധങ്ങളും ഉള്ള മനുഷ്യരാണെന്ന പരിഗണനപോലും ലഭിക്കുന്നില്ല. ഉൾപ്രദേശങ്ങളിൽ ആളുകൾ കൂലിപ്പണിക്കും തൊഴിലുറപ്പിനുമെല്ലാം പോകുന്നവരാണ്‌. വീട്ടിലെത്തുമ്പോൾ ആരും കാണില്ല.


ഒരു ബിഎൽഒയുടെകൂടി സേവനം ഉണ്ടെങ്കിലേ സമയത്തിന്‌ ജോലി തീർക്കാനാകൂ. ഉന്നത ഉദ്യോഗസ്ഥരോട്‌ ഇക്കാര്യം പറഞ്ഞെങ്കിലും ആരും കണക്കിലെടുക്കുന്നില്ല. ചെയ്‌ത്‌ തീർക്കണം എന്നു മാത്രമാണ്‌ പറയുന്നത്‌.

ജിജുമോൻ, ബിഎൽഒ, നെടുമങ്ങാട്‌ മന്നൂർകോണം വാർഡ്‌






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home