print edition ആഗോള ടൂറിസം സ്പോട്ടായി വണ്ടർ കേരളം

എസ് കിരൺബാബു
Published on Apr 02, 2026, 12:00 AM | 3 min read
തിരുവനന്തപുരം: കൊച്ചു സംസ്ഥാനമെന്ന വിശേഷണത്തിൽനിന്ന് ലോകമറിയുന്ന, കാണാൻ കൊതിക്കുന്ന വലിയ കേരളമായി നമ്മുടെ നാട് തനിയെ മാറിയതല്ല. ഇച്ഛാശക്തിയും ദീർഘവീക്ഷണവുമുള്ള സർക്കാരിന്റെ ഇടപെടലിലൂടെ മാറ്റിയെടുത്തതാണ്. ഇന്ന് ആഗോള ടൂറിസം സ്പോട്ടായി കേരളം തലയുയർത്തി നിൽക്കുമ്പോൾ "കേരള മോഡൽ' പകർത്തുകയാണ് പല സംസ്ഥാനങ്ങളും.
കേരളമാകെ ഒരു ടൂറിസംകേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ് വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിയത്. ജനപങ്കാളിത്ത വിനോദ സഞ്ചാരത്തിന് പുതുമുഖംനൽകി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ഉത്തരവാദിത്വ ടൂറിസം മിഷനെ ലോകം ഉറ്റുനോക്കുകയാണ്. ഉത്തരവാദിത്ത ടൂറിസം പ്രാദേശിക സമ്പത്ത് വ്യവസ്ഥയുടെ വളർച്ചയ്‌ക്ക് സഹായിക്കുക മാത്രമല്ല, സ്ത്രീശാക്തീകരണത്തിന്റെ വേദികൂടിയായി മാറി. സ്ത്രീ സംരംഭകരെ ഉള്‍പ്പെടുത്തി പ്രത്യേക നെറ്റ്‌വര്‍ക്കുണ്ടാക്കി. പലിശ ഇളവോടെ വായ്പ നല്‍കുന്ന പദ്ധതി നടപ്പാക്കുന്നു.
നൂതന പദ്ധതികളും നവീനമായ ഉൽപന്നങ്ങളും സജ്ജമാക്കിയാണ് കേരള ടൂറിസം ഈ മുന്നേറ്റം സാധ്യമാക്കിയത്. ഒട്ടനവധി പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിച്ചു. കൂടുതല്‍ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പിലാക്കി. രൂപകൽപനാ നയത്തിന്റെ ഭാഗമായി ആളൊഴിഞ്ഞ പ്രദേശങ്ങളിലും പാലങ്ങൾക്ക് അടിയിലും വി പാർക്കുകൾ സജ്ജമാക്കി. ഡെസ്റ്റിനേഷന്‍ വെഡിങ്, ഡെസ്റ്റിനേഷന്‍ ചലഞ്ച്, സിനി ടൂറിസം, ഹെലി ടൂറിസം, ക്രൂസ് ടൂറിസം, കാരവന്‍ ടൂറിസം തുടങ്ങി വമ്പൻ പദ്ധതികൾ നടപ്പാക്കി. കേരളത്തിന്റെ പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ പ്രധാന ഘടകമാകുവാന്‍ ടൂറിസത്തിന് സാധിച്ചു. സര്‍ക്കാരും ടൂറിസം വകുപ്പും പൊതുമേഖലയും സഹകരണ മേഖലയും സ്വകാര്യമേഖലയും ഒന്നിച്ചുചേരുന്ന കരുത്താണ് കേരള ടൂറിസത്തിന്.
പോയ വർഷം എത്തിയത് 2.56 കോടി സഞ്ചാരികൾ
കേരളത്തിലേക്കുള്ള ആഭ്യന്തര, വിദേശസഞ്ചാരികളുടെ എണ്ണം സർവകാല റെക്കോഡിലാണ്. 2025 ൽ 2,58,80,365 സഞ്ചാരികളാണ് കേരളം സന്ദർശിച്ചത്. 2024-ലെ കണക്കനുസരിച്ച് 2.29 കോടി (2,29,85,363) സഞ്ചാരികളെത്തിയിരുന്നു. 2023ൽ 2,25,20,698, 2022ൽ 1,92,12,963 എന്നിങ്ങനെ തുടര്‍ച്ചയായി സഞ്ചാരികളുടെ എണ്ണം റെക്കോഡ് ഭേദിക്കുകയാണ്.
സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെ കോവിഡാനന്തരം വിനോദസഞ്ചാര മേഖലയിൽ ചരിത്രപരമായ മുന്നേറ്റമാണ് കേരള ടൂറിസം സാധ്യമാക്കിയത്. കാലത്തിനനുസരിച്ച് മാര്‍ക്കറ്റിങ് വിപുലപ്പെടുത്തിയതും വ്യത്യസ്തമായ വിനോദസഞ്ചാര പദ്ധതികൾ നടപ്പാക്കിയതുമാണ് കുതിപ്പിന് കാരണം. ചൈന മുതല്‍ ഓസ്ട്രേലിയവരെയുള്ള രാജ്യങ്ങളില്‍ മാര്‍ക്കറ്റിങും ടൂറിസം സഹകരണവും ശക്തമാക്കി. സംസ്ഥാനത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവമായ ഓണം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ വിപുലമായാണ് ആഘോഷിച്ചത്. ഇത് കാണാൻ വിദേശസഞ്ചാരികളും കേരളത്തിലെത്തി. സംസ്ഥാന ടൂറിസം വകുപ്പ് കഴിഞ്ഞ വർഷം സംഘടിപ്പിച്ച ടൂറിസം നിക്ഷേപക സംഗമത്തില്‍ 15116.65 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനവും ലഭിച്ചിരുന്നു.
വരുമാനം 50,000 കോടി കടന്നു
ടൂറിസം വരുമാനത്തിലും വലിയ മുന്നേറ്റമാണ്. 2024-ല്‍ 45,053.61 കോടി രൂപയാണ് ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനമെങ്കിൽ കഴിഞ്ഞ വർഷം ഇത് 50,000 കോടി രൂപയായി. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലുള്ള കുതിപ്പാണ് ഈ നേട്ടം സാധ്യമാക്കിയത്. 2025ല്‍ 2,50,58,366 ആഭ്യന്തര സഞ്ചാരികള്‍ കേരളത്തിലെത്തി.
ഇടുക്കിയാണ് ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ മുന്നില്‍ 46,79,800. എറണാകുളം (44,29,899), തിരുവനന്തപുരം (43,75,846), തൃശൂര്‍ (31,24,696), വയനാട് (14,73,710), കോഴിക്കോട് (14,69,253) എന്നി ജില്ലകളാണ് തൊട്ടുപിന്നില്‍. തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തെലങ്കാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിൽനിന്ന് സഞ്ചാരികളെത്തുന്നുണ്ട്.
2025ല്‍ 8,21,999 വിദേശ സഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11.33 ശതമാനം കൂടുതലാണ്.
യുകെ, അമേരിക്ക, ഒമാന്‍, ജര്‍മ്മനി, ഫ്രാന്‍സ്, മലേഷ്യ, ഓസ്ട്രേലിയ, മാലദ്വീപ്, സൗദി അറേബ്യ, യുഎഇ, ക്യാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് കേരളത്തിലേക്ക് കൂടുതലായി എത്തുന്നത്. വിദേശ സഞ്ചാരികളുടെ വരവില്‍ എറണാകുളം ജില്ലയാണ് മുന്നില്‍. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളാണ് തൊട്ടുപിന്നില്‍.
പുരസ്കാര നിറവിൽ കേരള ടൂറിസം
ഇന്റർനാഷണല്‍ സെന്റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസം ഇന്ത്യയുടെ 2023ലെ സുവർണ പുരസ്കാരം ഉത്തരവാദിത്വ ടൂറിസം മിഷന്
കേന്ദ്ര ടൂറിസം വകുപ്പിന്റെ രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് സുവർണ പുരസ്കാരം കാന്തല്ലൂർ പഞ്ചായത്തിന്
മാർക്കറ്റിങ് വിഭാഗത്തിൽ പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ സുവർണ പുരസ്കാരം
ന്യൂയോര്‍ക്ക് ടൈംസ് (2023) തയ്യാറാക്കിയ പട്ടിക പ്രകാരം കേരളം ലോകത്ത് കണ്ടിരിക്കേണ്ട 53 ടൂറിസം കേന്ദ്രങ്ങളിലൊന്ന്
മുന്‍നിര യാത്രാ പ്ലാറ്റ്ഫോമിലൊന്നായ booking.comന്റെ 2026ല്‍ നിര്‍ബന്ധമായും കാണേണ്ട യാത്രാ കേന്ദ്രങ്ങളില്‍ കൊച്ചിയും
വേൾഡ് ട്രാവൽ മാർട്ടില്‍ ഗ്ലോബൽ ആർടി അവാർഡ് (2022) വാട്ടർ സ്ട്രീറ്റ് പദ്ധതിക്ക്
ഐസിആർടി ഇന്ത്യ റെസ്പോൺസിബിൾ ടൂറിസം ഗോൾഡ് അവാർഡ് (2023) കേരളത്തിന്









0 comments