ട്രാക്കിൽ കൂടുതൽ കനംവയ്ക്കുന്ന ചോരക്കറ; യാത്രാ സുരക്ഷയെ ഗൗനിക്കാത്ത ഇന്ത്യൻ റയിൽവേ


ജിഷ്ണു മധു
Published on Nov 03, 2025, 01:50 PM | 5 min read
റെയിൽവേ സുരക്ഷ ശക്തമാക്കിയെന്ന് കൊട്ടിഘോഷിക്കുമ്പോഴും സ്ത്രീകളുടെ തീവണ്ടിയാത്ര ഭീതിയിലാണെന്നതിന്റെ ഒടുവിലത്തെ തെളിവാണ് വർക്കലയ്ക്ക് സമീപം സംഭവിച്ചത്. ട്രയിനിലെ വനിതാ കമ്പാർട്മെന്റിൽ മദ്യപിച്ച് എത്തിയയാൾ യുവതിയെ തള്ളി പുറത്തേക്കിട്ടുള്ള ക്രൂരതയിൽ ജീവൻ തിരികെ കിട്ടിയത് കഷ്ടിച്ചാണ്.
കേരള എക്സ്പ്രസിന്റെ ജനറൽ കമ്പാർട്‌മെന്റിൽ നിന്നാണ് പ്രതിയും തിരുവനന്തപുരം പാലോട് സ്വദേശിയുമായ സുരേഷ് ശ്രീക്കുട്ടിയെ (സോനു, 20) പുറത്തേക്ക് ചവിട്ടിയിട്ടത്. ഞായർ രാത്രി എട്ടോടെ വർക്കല അയന്തിപാലത്തിന് സമീപത്തായിരുന്നു സംഭവം.

ശ്രീക്കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു, പ്രതി സുരേഷ്
ട്രെയിനിലെ ശുചിമുറിക്ക് സമീപംനിന്ന ശ്രീക്കുട്ടിയെ ഒരു പ്രകോപനവുമില്ലാതെ തള്ളിയിടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് അർച്ചനയെയും ഇയാൾ തള്ളിയിടാൻ ശ്രമിച്ചു. കമ്പാർട്‌മെന്റിലുണ്ടായിരുന്ന മറ്റു യാത്രക്കാരാണ് അർച്ചനയെ രക്ഷിച്ചത്. വർക്കലയിൽ നിർത്തിയ ട്രെയിൻ വീണ്ടും പുറപ്പെടാൻ തുടങ്ങിയപ്പോഴാണ് പെൺകുട്ടികൾ ശുചിമുറിയിലേക്ക് പോയത്. ശ്രീക്കുട്ടി വാതിലിന് സമീപത്തുനിന്നശേഷം അർച്ചന ശുചിമുറിയിൽ കയറി. അർച്ചന മടങ്ങിവരുമ്പോഴാണ്, വാതിലിന് സമീപത്തുനിന്ന പെൺകുട്ടിയെ ഇയാൾ നടുവിന് ചവിട്ടിയിടുന്നത് കണ്ടത്. നിലവിളിച്ചതോടെ അക്രമി തനിക്കുനേരെ തിരിഞ്ഞ് കൈയിൽ കടന്നുപിടിച്ച് വലിച്ച് പുറത്തേക്ക് തള്ളാൻ ശ്രമിച്ചെന്നും കമ്പാർട്‌മെന്റിലെ കമ്പിയിൽ പിടിച്ച് തൂങ്ങിക്കിടക്കുകയായിരുന്നെന്നും അർച്ചന പറയുന്നു. നിലവിളി കേട്ട് മറ്റു യാത്രക്കാർ ഓടിയെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
പെൺകുട്ടിയെ തള്ളിയിട്ട വിവരം യാത്രക്കാർ പൊലീസിൽ അറിയിച്ചു. കൊച്ചുവേളിയിൽവച്ച് പ്രതിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് നടത്തിയ തിരച്ചിലിലാണ് അയന്തി പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് കൊല്ലം ഭാഗത്തേക്ക് പോയ മെമു ട്രെയിനിൽ കയറ്റി വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തങ്ങൾക്ക് പ്രതിയുമായി യാതൊരു മുൻ പരിചയവുമില്ലെന്ന് അർച്ചന പൊലീസിന് മൊഴി നൽകി. ആന്തരിക രക്തസ്രാവമുള്ളതിനാൽ ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. യാത്രക്കാരുടെ ജാഗ്രതയില്ലായിരുന്നെങ്കിൽ വീണ്ടും ഒരുപക്ഷെ കൂടുതൽ പേർ ഇയാളുടെ ആക്രമണത്തിന് ഇരയായേനെ എന്നാണ് ലഭിക്കുന്ന വിവരം.
മകൾ നേരിട്ടതിന് സമാനമായ കുറ്റകൃത്യം; സൗമ്യയുടെ അമ്മ സുമതി
വർക്കലയിൽ ഞായറാഴ്ച രാത്രി ട്രെയിനിൽ യുവതി നേരിട്ട അതിക്രമം സൗമ്യ നേരിട്ട പോലെയുള്ള ക്രൂര കൃത്യമെന്ന് ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ സൗമ്യയുടെ അമ്മ സുമതി മാധ്യമങ്ങളോട് പറഞ്ഞു.

സൗമ്യയുടെ അമ്മ സുമതി
സൗമ്യ കൊല്ലപ്പെട്ടപ്പോൾ കുറച്ച് ദിവസത്തേക്ക് കമ്പാർട്ടുമെൻ്റുകളിൽ പരിശോധനകൾ നടന്നു. അതൊക്കെയും പ്രഹസനമായിരുന്നു. ലേഡീസ് കമ്പാർട്ട്മെന്റിലും ജനറൽ കമ്പാർട്ട്മെന്റിലും ഒന്നും സുരക്ഷയില്ല. സൗമ്യക്ക് സംഭവിച്ചത് വേറെ ആർക്കും സംഭവിക്കരുത്. ഇനിയെങ്കിലും ഉദ്യോഗസ്ഥരും പ്രധാനപ്പെട്ടവരും ഇതിലൊരു തീരുമാനം ഉണ്ടാക്കണമെന്ന് സുമതി പറഞ്ഞു.
2011 ഫെബ്രുവരി ഒന്നെന്ന തീയതിയും സൗമ്യയെന്ന പേരും മലയാളി മറക്കാനിടയില്ല. ട്രെയിൻ യാത്രയ്ക്കിടെയാണ് ടെക്സറ്റൈൽ ജീവനക്കാരിയായിരുന്ന സൗമ്യയെ ഗോവിന്ദച്ചാമി ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് സൗമ്യ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. എറണാകുളത്തു നിന്നും ഷൊർണൂർക്ക് പോകുകയായിരുന്ന പാസഞ്ചർ ട്രെയിനിലെ വനിത കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്നു സൗമ്യ.

പിടിയിലായ ഗോവിന്ദച്ചാമി
ആളൊഴിഞ്ഞ കമ്പാർട്ട്മെന്റിൽ അതിക്രമിച്ച് കടന്നാണ് ഗോവിന്ദച്ചാമി അതിക്രൂരമായി സൗമ്യയെ ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ സാക്ഷിമൊഴികളുടേയും സാഹചര്യത്തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വിചാരണ പൂർത്തിയാക്കിയത്.
ദുരന്താനുഭവത്തിന് 14 വർഷം പിന്നിടുമ്പോഴും യാത്രക്കാരുടെ ഭീതി അടങ്ങുന്നില്ല. സൗമ്യ കേസിലെ സുപ്രീം കോടതി വിധിക്ക് ശേഷം ട്രെയിനുകളിൽ സ്ത്രീകൾക്ക് സുരക്ഷയില്ലെന്ന ചർച്ച വീണ്ടും സജീവമായിരുന്നു.
വയോധികയെ തള്ളിയിട്ടത് മോഷണ ശ്രമത്തിനിടെ
2025 ലെ മാത്രം കേസുകൾ പരിശോധിക്കാം. ഈ കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് കവർച്ചാശ്രമത്തിനിടെ വയോധികയെ ട്രെയിനിൽനിന്ന് തള്ളിയിട്ടിരുന്നു. കോഴിക്കോട് സ്റ്റേഷന് തെക്കുഭാഗത്ത് ഒരുകിലോമീറ്റർ അകലെ വട്ടാംപൊയിൽ റെയിൽവേ ഗേറ്റിന് സമീപത്തെ ട്രാക്കിലേക്കാണ് അമ്മിണി തെറിച്ചുവീണത്. പുലർച്ചെ ചണ്ഡീഗഢ്-കൊച്ചുവേളി കേരള സമ്പർക്ക ക്രാന്തി എക്‌സ്പ്രസിൽനിന്നായിരുന്നു മോഷണശ്രമം തടയാൻശ്രമിച്ച വയോധികയെ തള്ളിയിട്ടത്. രണ്ട് ട്രാക്കുകൾക്കിടയിലെ കരിങ്കൽക്കൂനയ്ക്ക് മേലേക്ക് തെറിച്ചുവീണ യാത്രക്കാരിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നീട് ഈ കേസിലെ പ്രതി പിടിയിലായിരുന്നു.

അമ്മിണിയെ ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ
ഓടുന്ന ട്രെയിനിലെ ക്രൂരത ഗർഭിണിയോടും
ഫെബ്രുവരിയിലാണ് രാജ്യത്തെ നടക്കിയ മറ്റൊരു ദാരുണ സംഭവം സുരക്ഷാപിഴവിന്റെ ഭാഗമായി സംഭവിച്ചത്, അതും വനിതാ കംപാർട്മെന്റിൽ. ഫെബ്രുവരി ഏഴിന് നാല് മാസം ഗർഭിണിയായ യുവതി പീഡനശ്രമം തടഞ്ഞതിനെ പേരിൽ ട്രെയിനിൽ നിന്ന് എടുത്തെറിയപ്പെട്ടത്.

ബനിയൻ കമ്പനിയിലെ ജീവനക്കാരിയായ യുവതി തിരുപ്പൂരിൽ നിന്നാണ് ട്രെയിനിൽ കയറിയത്. തുടരുന്ന സ്റ്റേഷനുകളിൽ മറ്റു യാത്രക്കാർ ഇറങ്ങിയതിനാൽ യുവതി വനിതാ കംപാർട്മെന്റിൽ തനിച്ചായി. ഇത് മനസിലാക്കി എത്തിയ പ്രതിയായ ഹേമരാജ് യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഉദ്ദേശം നടക്കില്ലെന്ന് മനസിലായതോടെ പറ്റാവുന്നത്ര ആരോഗ്യത്തോടെ പ്രതിരോധിച്ച യുവതിയുടെ മുടിയിൽ പിടിച്ച് പുറത്തേക്ക് തള്ളിയാണ് അപകടത്തിൽപ്പെടുത്തിയത്. അപകടത്തോടെ യുവതിയുടെ ഗർഭം അലസി പോയിരുന്നു.
പിന്നീട് അറസ്റ്റിലായ പ്രതിയെ തിരുപ്പത്തൂർ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
കാഴ്ച നഷ്ടപ്പെട്ടു; ഇടത് ഭാഗം തളർന്നു; മിണ്ടാത്ത റയിൽവേ
2013 ആഗസ്തിൽ എംബിഎ വിദ്യാർഥിനി കോഴിക്കോട് കാക്കൂർ സ്വദേശിനി ദിഷ ദിവാകരൻ എറണാകുളത്തു നിന്ന് വീട്ടിലേക്കു മടങ്ങുമ്പോൾ മുരിയാട് റെയിൽവേ ട്രാക്കിൽ വീണ് ഗുരുതരാവസ്ഥയിലായ സംഭവത്തിൽ അന്വേഷണം ഉണ്ടായതുമില്ല.

ദിഷ ദിവാകരൻ
ട്രയിനിലെ മോഷണ ശ്രമത്തിനിടയിലായിരുന്നു ദിഷ ആക്രമണത്തിന് ഇരയായത്. ടോയ്‌ലറ്റിന്റെ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് ദിഷ പുറത്തേക്ക് ഇറങ്ങി. ബാഗ് തനിക്ക് കൈമാറാൻ കള്ളൻ ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ചപ്പോൾ അയാൾ ട്രെയിനിൽ നിന്ന് തള്ളിയിട്ടു. നാട്ടുകാർ ചേർന്നാണ് പിന്നീട് യുവതിയെ കണ്ടെത്തിയതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. വീഴ്ചയുടെ ഫലമായി ദിഷയുടെ ഇടതു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. വലത് കണ്ണിന്റെ കാഴ്ചയെയും വീഴ്ച ബാധിച്ചു. സംഭവത്തിന് ശേഷം കൈകളും കാലുകളും ഉൾപ്പെടെ ശരീരത്തിന്റെ ഇടതുവശം തളർന്നുപോയിരുന്നു.
പച്ചതൊടാത്ത സുരക്ഷാ പ്രഖ്യാപനങ്ങൾ
എല്ലാ വനിതാ കംപാർട്മെന്റുകളിലും വനിതാ ആർപിഎഫ് കോൺസ്റ്റബിൾമാരുടെ സേവനം ഉറപ്പുവരുത്തുമെന്നായിരുന്നു സൗമ്യ സംഭവത്തിനുശേഷം റെയിൽവേയുടെ വാഗ്ദാനം. ഇപ്പോൾ പല ട്രെയിനുകളിലും പുരുഷ കോൺസ്റ്റബിൾമാർപോലുമില്ലാത്ത അവസ്ഥയാണുള്ളത്. വൈകിട്ട് ആറിനുശേഷം ഓടുന്ന എല്ലാ ട്രെയിനുകളിലും നാല് പുരുഷ കോൺസ്റ്റബിൾമാരും രണ്ട് വനിതാ കോൺസ്റ്റബിൾമാരും ഉണ്ടാവണമെന്നാണ് റെയിൽവേ നിഷ്കർഷിക്കുന്നതെങ്കിലും നടപ്പാക്കുന്നില്ല.

മെമു, പാസഞ്ചർ, ഇന്റർസിറ്റി അടക്കം മറ്റു പല ട്രെയിനുകളിലും രണ്ടുവീതം വനിതാ കപാർട്മെന്റുകളുണ്ട്. ഇവയിൽ ഭൂരിഭാഗത്തിലും വനിതാ കോൺസ്റ്റബിൾമാരില്ല. ആർപിഎഫ് സ്റ്റേഷനുകളിലും വനിതാ കോൺസ്റ്റബിൾമാർ ആവശ്യത്തിനില്ല.
ട്രെയിനുകളിൽ സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങൾ പതിവാകുമ്പോഴും സുരക്ഷയ്ക്ക് പുല്ലുവില നൽകി റെയിൽവേ. ദീർഘദൂര ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ എന്തും സംഭവിക്കാവുന്ന അവസ്ഥയാണ്. പല ദിവസങ്ങളിലും കാലുകുത്താൻപോലും ജനറൽ കോച്ചുകളിൽ ഇടമുണ്ടാകാറില്ല. ട്രെയിനുകളിൽ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിക്കാറില്ല. തിരക്കേറിയാൽ സ്ലീപ്പർ കോച്ചുകളുടെയും സ്ഥിതി ജനറൽ കോച്ചുകൾക്കു സമാനമാണ്.

യാത്രക്കാർ തമ്മിലുള്ള കശപിശയും ആക്രമണ സംഭവങ്ങളും പതിവാണ്. ട്രെയിനുകളുടെ ലേഡീസ് കോച്ചുകളിൽപ്പോലും അക്രമികളടക്കം കടന്നുകയറുന്നുണ്ട്. ട്രെയിനിലെ സുരക്ഷയുടെ കാര്യം പല ഘട്ടങ്ങളിലും കേരളം ചർച്ച ചെയ്‌തിട്ടുണ്ട്. സൗമ്യ വധത്തിനുശേഷം ഇതേക്കുറിച്ച് സജീവമായ ചർച്ച നടന്നു. തുടർന്ന് സുരക്ഷ ശക്തമാക്കുമെന്ന് റെയിൽവേ ഉറപ്പ് നൽകിയതാണ്. എന്നാൽ, റെയിൽവേ കാര്യമായ ഇടപെടൽ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് വർക്കലയിൽ നടന്ന സംഭവം. സ്വകാര്യവൽക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി റെയിൽവേയിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണ്. ട്രെയിനുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നെങ്കിലും അതും പാഴ്‌വാക്കായി.
റെയിൽവേ ഒഴിവുകൾ; ഒളിച്ചുകളിക്കുന്ന കേന്ദ്രം
റെയിൽവേയിലെ ഒഴിവുകളെയും പുതിയ തസ്തികകളെയും സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് കണക്കുകൾ വെളിപ്പെടുത്താതെ ഒഴിഞ്ഞുമാറി കേന്ദ്രസർക്കാർ.സോണുകളിലും ഡിവിഷനുകളിലും നികത്തപ്പെടാത്ത ഒഴിവുകളുടെ എണ്ണമോ, കഴിഞ്ഞ അഞ്ചു വർഷത്തെ നിയമനങ്ങളുടെ വാർഷികക്കണക്കോ വെളിപ്പെടുത്താൻ മന്ത്രാലയം തയ്യാറായില്ല. പകരം പരീക്ഷകളിലെ അപേക്ഷകരുടെ എണ്ണമാണ് ജൂലായിൽ വി ശിവദാസൻ എംപി ഉന്നയിച്ച ചോദ്യങ്ങൾക്ക് കേന്ദ്രം മറുപടിയായി നൽകിയത്. കേന്ദ്രസർക്കാർ നടപടി പാർലമെന്ററി ജനാധിപത്യ മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് എംപി പറഞ്ഞു.

പരീക്ഷകൾക്കായി അപേക്ഷിച്ചവരുടെ എണ്ണം രാജ്യത്തെ തൊഴിൽ പ്രതിസന്ധി എത്രത്തോളം രൂക്ഷമാണ് വെളിപ്പെടുത്തുന്നതാണ്. എണ്ണായിരത്തോളം ഒഴിവുകൾക്ക് അരക്കോടിയോളം പേർ അപേക്ഷിക്കുന്ന സ്ഥിതിയാണ്. 4,203 ഒഴിവുകളിലേക്ക് നടത്തിയ കോൺസ്റ്റബിൾ പരീക്ഷയ്ക്ക് മാത്രം 45.3 ലക്ഷം പേരാണ് അപേക്ഷിച്ചത്. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിൽ 18,799 ഒഴിവുകളിൽ 18.4 ലക്ഷം പേർ അപേക്ഷിച്ചു. വൻതോതിൽ തസ്തികകൾ വെട്ടികുറയ്ക്കുകയും നിയമന പ്രക്രിയ തന്നെ വൈകിക്കുകയും ചെയ്യുന്ന നടപടിയാണ് റെയിൽവേയുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. വീഴ്ചകൾ ജനങ്ങളുടെ മുന്നിൽ എത്തിക്കാതിരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത് – വി ശിവദാസൻ മുൻപ് പറഞ്ഞു.
സുരക്ഷയ്‌ക്ക് പുല്ലുവില ; ജീവനക്കാരെ കുറച്ച് റെയിൽവേ
സ്വകാര്യവൽക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ഡിവിഷനിൽ മെയിന്റനൻസ്, ഓപ്പറേഷണൽ വിഭാഗം ജീവനക്കാരെ കുറച്ച് ദക്ഷിണ റെയിൽവെ. കമേഴ്‌സ്യൽ വിഭാഗം കൂടാതെ 8,761 തസ്‌തികകളാണ് നിലവിലുള്ളത്. ഇതിൽ 1,407 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. സുരക്ഷാ വിഭാഗത്തിൽ 18, ലോക്കോ പൈലറ്റ്, പോയ്ന്റ്സ്മാൻ , സ്റ്റേഷൻ മാസ്റ്റർ തുടങ്ങിയവയിൽ 225, എൻജിനീയറിങ് 492, മെക്കാനിക്കൽ 418, ഇലക്‌ട്രിക്കൽ 254 വീതം ഒഴിവുകളാണുള്ളത്. ഇതിൽ നിയമനം നടത്താനുള്ള നടപടി സ്വീകരിച്ചിട്ടില്ല. യാത്രക്കാരുടെ സുരക്ഷയടക്കമുള്ള കാര്യങ്ങളിൽ കടുത്ത ആശങ്കയുണർത്തുന്നതാണ് റെയിൽവേയുടെ അലംഭാവം.

വളരെ പ്രധാനപ്പെട്ട മേഖലകൾ ഉൾപ്പെടുന്ന ‘കോർ’ വിഭാഗത്തിൽ സ്വകാര്യവൽക്കരണം പാടില്ലെന്നത് വളരെക്കാലമായി റെയിൽവേ പിന്തുടർന്നിരുന്ന പ്രഖ്യാപിത നിലപാടായിരുന്നു. സുരക്ഷ, അറ്റകുറ്റപ്പണി, ഓപ്പറേഷണൽ തുടങ്ങിയവ കോർ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. എന്നാൽ മോദി സർക്കാർ അധികാരമേറ്റതിനുശേഷം ഇതിന് മാറ്റം വരുത്തി. 2024 ന് ശേഷം സ്വകാര്യവൽക്കരണം കൂടുതൽ തീവ്രമായി. പുതിയ പദ്ധതികൾ പൂർത്തിയായാലും അവിടെ ആവശ്യത്തിന് നിയമനങ്ങളില്ല. തിരുവനന്തപുരം ഡിവിഷനുകീഴിൽ നാഗർകോവിൽ–-തിരുനെൽവേലി, എറണാകുളം–കായംകുളം പാതകളുടെ ഇരട്ടിപ്പിക്കൽ പൂർത്തിയായെങ്കിലും ആവശ്യമായ ട്രാക്‌മാൻ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിച്ചിട്ടില്ല. ഇതിനായി തസ്‌തിക സൃഷ്‌ടിച്ചിട്ടില്ല.
ഓരോ റെയിൽവേ സോണിലും ജീവനക്കാരുടെ എണ്ണം കുറയ്‌ക്കാൻ ‘ക്വാട്ട’ നിശ്‌ചയിച്ചിരിക്കുകയാണെന്ന് ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ (ഡിആർഇയു) ഭാരവാഹികൾ പറഞ്ഞു. കമേഴ്‌സ്യൽ വിഭാഗത്തിൽ മാത്രം പ്രതിവർഷം രണ്ടുശതമാനം ജീവനക്കാരെ കുറയ്‌ക്കാനാണ് നിർദേശം. ഷൊർണൂർ–-എറണാകുളം പാതയിൽ ആധുനിക സിഗ്‌നലിങ് സംവിധാനം പൂർത്തിയായാൽ അതിന്റെ പരിപാലനവും അറ്റകുറ്റപ്പണിയും എങ്ങനെയായിരിക്കുമെന്ന് റെയിൽവേ ഉന്നത ഉദ്യോഗസ്ഥർക്കുപോലും നിശ്‌ചയമില്ല. നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് ജോലി കൃത്യമായി നടത്താൻ ഡിവിഷണൽ റെയിൽവേ ബ്രാഞ്ച് മാനേജർമാർ ബുദ്ധിമുട്ടുന്നു.










0 comments