print edition വനിതാ കമീഷൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

തിരുവനന്തപുരം
അന്താരാഷ്‌ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി വനിതാ കമീഷന്റെ നേതൃത്വത്തിൽ, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഇതിന്റെ ഭാഗമായി ചേർന്ന സമ്മേളനം മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്‌തു. സാമൂഹിക സംഘർഷങ്ങൾക്കും പ്രതിസന്ധികൾക്കും അപ്പുറത്തേക്ക് സ്വന്തം വ്യക്തിത്വത്തിന്റെ സാധ്യതകൾ ഉയർത്തിപ്പിടിക്കാൻ സ്ത്രീകൾക്ക് കഴിയുന്നുവെന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.
സ്‌ത്രീശക്തി പുരസ്കാരം, ജാഗ്രതാ സമിതി പുരസ്കാരം, മാധ്യമപുരസ്കാരം എന്നിവ മന്ത്രി സമ്മാനിച്ചു. സംസ്ഥാനത്തെ ആദ്യ കാഴ്‌ചപരിമിതിയുള്ള ജഡ്‌ജിയായി ചുമതലയേൽക്കാൻ ഒരുങ്ങുന്ന സി തന്യനാഥൻ, തെങ്ങുകയറ്റത്തിൽ മാസ്റ്റർ ട്രെയിനറായ സുനി ലീ, കയാക്കിങ് മത്സരങ്ങളിലൂടെയും പരിസ്ഥിതി പ്രവർത്തനങ്ങളിലൂടെയും പാഠപുസ്തകത്തിൽ ഇടംപിടിച്ച ഇ സ്വാറില, പവർ ലിഫ്‌റ്ററായി മാറിയ എ പി സൈനബ, പർവതാരോഹക സീനാ സാറ മജ്‌നു, രാജവെമ്പാല അടക്കമുള്ള ഇഴജന്തുക്കളെ ജനവാസ മേഖലയിൽനിന്ന് മാറ്റുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി എസ് റോഷ്‌നി എന്നിവരെ ആദരിച്ചു.
വനിതാ കമീഷൻ ചെയർപേഴ്‌സൺ പി സതീദേവി അധ്യക്ഷയായി.
എഴുത്തുകാരി ഡോ. ചന്ദ്രമതി, കമീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. പി കുഞ്ഞായിഷ, അഡ്വ. എലിസബത്ത് മാമൻ കുഞ്ഞ്, ജെൻഡർ കൺസൾട്ടന്റ് ഡോ. ടി കെ ആനന്ദി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, കമീഷൻ മെമ്പർ സെക്രട്ടറി കെ ഹരികുമാർ, കമീഷൻ ഡയറക്ടർ ഷാജി സുഗുണൻ എന്നിവർ സംസാരിച്ചു. നാടക പ്രവർത്തക ഉഷ ചന്ദ്രബാബുവിന്റെ ഏകപാത്ര നാടകം "സുജാതയുടെ സ്വപ്നങ്ങൾ സുഹ്‌റയുടെയും' അരങ്ങേറി.










0 comments