മുറികളിൽ രക്തക്കറ, മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കാഞ്ഞങ്ങാട് വീട്ടമ്മ വീടിനകത്ത് മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: മാവുകാൽ ആനന്ദാശ്രമത്തിന് സമീപത്തെ ഇരുനില വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആനന്ദാശ്രമം പ്രണവം അപ്പാർട്ട്‌മെന്റിന് സമീപത്തെ 'കൃഷ്ണകൃപ'യിൽ താമസിക്കുന്ന എ സി ധനലക്ഷ്മി നമ്പ്യാർ (68) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ അജാനൂർ പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ പ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് വിവരം പുറംലോകമറിയുന്നത്.
വീടിന്റെ കോളിംഗ് ബെൽ അടിച്ചുവെങ്കിലും വാതിൽ തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വീടിനകത്ത് നിന്ന് ഈച്ചകൾ മൂളുന്ന ശബ്ദം കേൾക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരെയും ഹോസ്ദുർഗ് പൊലീസിനെയും വിവരമറിയിച്ചു. ഫോറൻസിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി വീട് തുറന്ന് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ തറയിലാണ് മൃതദേഹം കണ്ടെത്തിയത്.
വീടിനുള്ളിൽ മൽപിടുത്തം നടന്നതായുള്ള സൂചനകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ധനലക്ഷ്മി മരിച്ചു കിടന്ന കിടപ്പുമുറിയിൽ രക്തം തളം കെട്ടിക്കിടക്കുന്നുണ്ട്. കൂടാതെ ഹാളിലും അടുക്കളയിലും രക്തക്കറകൾ കണ്ടെത്തി. ഹാളിലെ ഗ്ലാസ് ടീപ്പോയ് തകർന്ന നിലയിലും കിടപ്പുമുറി അലങ്കോലപ്പെട്ട നിലയിലുമാണ്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.
വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ അസ്വാഭാവികതയുള്ളതിനാൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭർത്താവ് റിട്ട. നേവി സിവിൽ ഉദ്യോഗസ്ഥനായ കുഞ്ഞികൃഷ്ണൻ നായർ കോവിഡ് കാലത്ത് മരണപ്പെട്ടിരുന്നു. അതിനുശേഷം ധനലക്ഷ്മി ഈ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. സഹോദരങ്ങൾ: എ സി ശ്രീധരൻ നമ്പ്യാർ (ചെർക്കള, പാടി), മാലിനി അമ്മ (മാതമംഗലം പാണപ്പുഴ), എ സി മോഹൻരാജ് (പനയാൽ), പരേതരായ എ സി ബാലകൃഷ്ണൻ നമ്പ്യാർ, എ സി രാമചന്ദ്രൻ നമ്പ്യാർ.










0 comments