6 മിനിറ്റിൽ രാജവെമ്പാലയും വലയിൽ; കൂളായി പിടികൂടി റോഷ്‌നി

ജി എസ് റോഷ്‌നി
ബിമൽ പേരയം
Published on Jul 08, 2025, 10:01 AM | 2 min read
തിരുവനന്തപുരം: വിളി വന്നാൽ ഉടൻ വാഹനവുമെടുത്ത് കുതിക്കും. പാമ്പിനെ പരിക്കില്ലാതെ പിടികൂടി സുരക്ഷിതമായി കാട്ടിലേക്കയക്കുക മാത്രമാണ് റോഷ്‌നിയുടെ ലക്ഷ്യം. സൂക്ഷ്‌മമായ നീക്കങ്ങളിലൂടെ ശാസ്‌ത്രീയമായി ബാഗിനുള്ളിലാക്കാനുള്ള വനം വകുപ്പിന്റെ പരിശീലനം 2019ലാണ് ലഭിച്ചത്. പാമ്പിനെ പിടിക്കാൻ, ആഗ്രഹത്തോടൊപ്പം ഉള്ളിൽ ഒരിഷ്‌ടവും കൂടി ഉണ്ടായാൽമതിയെന്ന് പറയുന്നു റോഷ്‌നി.
ദൂരദർശനിലും ആകാശവാണിയിലും ന്യൂസ് റീഡറായിരുന്ന ജി എസ് റോഷ്‌നി 2017ലാണ് ബീറ്റ്‌ഫോറസ്‌റ്റ് ഓഫീസറായി ജോലിയിൽ പ്രവേശിക്കുന്നത്. പരുത്തിപ്പള്ളി ഫോറസ്‌റ്റ് ഓഫീസിൽ ആർആർടി (ദ്രുതകർമസേന) അംഗമാണ്. ഇതിനകം എണ്ണൂറിലധികം പാമ്പുകളെ പിടികൂടി. ദിവസം അമ്പതോളം കോളുകൾ എത്തും. അധികവും നഗരങ്ങളിൽനിന്നാണ്. പേപ്പാറ അഞ്ചുമരുതുംമൂടുനിന്ന് പിടികൂടിയ രാജവെമ്പാലയ്‌ക്ക് 20 കിലോയിലധികം ഭാരവും 18 അടിയോളം നീളവുമുണ്ട്. അണലിയെയും പെരുമ്പാമ്പിനെയും മൂർഖനെയുമൊക്കെ നിരവധി തവണ പിടികൂടിയിട്ടുണ്ടെങ്കിലും രജവെമ്പാല ആദ്യമാണ്.
ടെൻഷനൊന്നുമില്ലാതെ കൂളായി പിടികൂടി. ആറു മിനിറ്റിനുള്ളിലാണ് വലയിലാക്കിയത്. രാജവെമ്പാലയെ പിടികൂടുകയെന്നത് ദീർഘകാലമായുള്ള സ്വപ്‌നമായിരുന്നെന്ന് റോഷ്‌നി പറഞ്ഞു. സഹകരണ വകുപ്പ് സീനിയർ ഇൻസ്‌ട്രക്‌ടറായ ഭർത്താവ് സജിത് കുമാർ പ്രോത്സാഹനമായി ഒപ്പമുണ്ട്. ദേവനാരായണനും സൂര്യനാരായണനുമാണ് മക്കൾ.
കൂളായി പിടിക്കാം പാമ്പിനെ; ആർആർടി സുരക്ഷിതം
ഒരു ടൂൾ ഹുക്ക് മാത്രമേ വേണ്ടൂ പിടികൂടാൻ. എല്ലാ ഉപകരണങ്ങളും വനംവകുപ്പ് നൽകുന്നുണ്ട്. ആർആർടി സുരക്ഷിതമല്ലെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുന്നവർക്ക് പാമ്പുപിടിത്തത്തെക്കുറിച്ച് ധാരണയില്ല. ഇറുകിയ യൂണിഫോംപോലും കംഫർട്ട് അല്ല. നീളൻ ബൂട്ടും ഗ്ലൗസുമെല്ലാം തടസ്സമാണ്. പലപ്പോഴും പാമ്പിനെ തൊടാതെ തന്നെ ബാഗിലാക്കാം. അപൂർവമായേ വാലിൽപ്പോലും പിടിക്കേണ്ടതുള്ളൂ. സുരക്ഷിതമായ ശാസ്‌ത്രീയ മാർഗമാണ് നിലവിൽ അവലംബിക്കുന്നതെന്നും റോഷ്‌നി പറഞ്ഞു. പാമ്പുകടിയേറ്റാൽ അതിവേഗം ആന്റിവെനം കിട്ടുന്ന ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്. പാമ്പിനെ പിടികൂടി പ്രദർശിപ്പിക്കുന്നതിനോടും താൽപ്പര്യമില്ല. എല്ലാവരെയും സുരക്ഷിതമാക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്.
മരണനിരക്ക് കുറഞ്ഞു
2017 മുതൽ 2019വരെ സംസ്ഥാനത്ത് 334 പേർ പാമ്പുകടിയേറ്റ് മരിച്ചെന്നാണ് റിപ്പോർട്ട്. വർഷം 110മരണം വരെ. 2020 മുതൽ മരണനിരക്ക് കുറഞ്ഞു. 2020ൽ 76, 2021ൽ 40, 2022ൽ 42 എന്നിങ്ങനെയാണ് മരണസംഖ്യ. 2020 ആഗസ്‌തിലാണ് വനം വകുപ്പ് സർപ്പ ആപ്പ് നടപ്പാക്കിയത്. പരിശീലനം നേടിയ അംഗീകൃത സ്‌നേക്ക് റെസ്ക്യുവർമാരുടെ സഹായത്തോടെ മനുഷ്യവാസ മേഖലയിൽനിന്ന് പാമ്പുകളെ ശാസ്‌ത്രീയമായി പിടികൂടി അതിന്റെ ആവാസവ്യവസ്ഥയിൽ എത്തിക്കാനുള്ള മാർഗനിർദേശം നടപ്പാക്കിയതോടെയാണ് നിയന്ത്രിക്കാനായത്.








0 comments