'20,000 സ്ത്രീകൾക്ക് സമ്മാനം തരാം'; ബിജെപി മേയറുടെ പരിപാടിക്കിടെ യുവതിക്ക് ദാരുണാന്ത്യം

മീററ്റ്: ഉത്തർപ്രദേശിലെ ബറേലിയിൽ ബിജെപി മേയറും മകനും ചേർന്ന് സംഘടിപ്പിച്ച രക്ഷാബന്ധൻ ആഘോഷപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതിക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരുക്കേറ്റു. ചന്ദ്രഗുപ്ത് പുരം സ്വദേശിയും ഭാര്യ മധു (45) ആണ് മരണപ്പെട്ടത്. മുൻ സൈനികൻ ഭഗവാൻ സിങ്ങാണ് ഭർത്താവ്.
വ്യാഴാഴ്ച ബറേലി ക്ലബ് ഗ്രൗണ്ടിലായിരുന്നു പരിപാടി. യുവ സേവക് സംഘും പാർത്ഥ് ഗൗതം ഫൗണ്ടേഷനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഇത്തവണ ഏകദേശം 20,000 സ്ത്രീകൾക്ക് ക്ഷണം നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്. പങ്കെടുക്കുന്നവർക്ക് സമ്മാനങ്ങളും ഭക്ഷണവും നൽകുമെന്ന് സംഘാടകർ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ഏകദേശം 15,000 പേരെയാണ് ക്ഷണിച്ചിരുന്നത്. എന്നാൽ അത്രയും പേരെ ക്ഷണിക്കുമ്പോൾ തക്കതായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയില്ലെന്ന് ആളുകൾ ആരോപിക്കുന്നു.
വ്യാഴാഴ്ച രാവിലെ 10 മണിയോടെ ആരംഭിച്ച പരിപാടിയിൽ ഉച്ചയ്ക്ക് 3 മണിയോടെ ആളുകളുടെ എണ്ണം അനിയന്ത്രിതമായി ഉയരുകയായിരുന്നു. വേദിയിലേക്ക് ആളുകൾ ഇരച്ചുകയറിയതോടെയാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മധുവിനെ തൊട്ടടുത്ത മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് മൂന്ന് സ്ത്രീകളെ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
സഹോദരി അയൽവാസികളായ സ്ത്രീകൾക്കൊപ്പമാണ് പരിപാടിക്ക് പോയതെന്നും തിരക്കിൽപ്പെട്ടാണ് അപകടമുണ്ടായതെന്നും മധുവിന്റെ സഹോദരൻ അനേഷ് സിങ് പറഞ്ഞു. ഇത്രയും വലിയ ജനക്കൂട്ടം പ്രതീക്ഷിച്ച പരിപാടിക്കാവശ്യമായ സുരക്ഷയും തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തെക്കുറിച്ച് പൊലീസോ പ്രാദേശിക ഭരണകൂടമോ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. 20,000 സ്ത്രീകൾക്ക് ക്ഷണവും സമ്മാനവാഗ്ദാനവും നൽകിയ പരിപാടിയിൽ അതിനനുസരിച്ചുള്ള സുരക്ഷാ-ജനക്കൂട്ട നിയന്ത്രണ സംവിധാനം ഒരുക്കിയിരുന്നില്ലെന്ന വിമർശനം ശക്തമാണ്.










0 comments