കാസർകോട് കടമുറിയിലിട്ട് തീകൊളുത്തിയ യുവതി മരിച്ചു

കാസർകോട്: കാസർകോട് കടമുറിയ്ക്കകത്തിട്ട് യുവാവ് തീ കൊളുത്തിയ യുവതി മരിച്ചു. മണ്ണടുക്കത്ത് സ്റ്റേഷനറി കട നടത്തുന്ന രമിത (27)യാണ് മരിച്ചത്. കടമുറി ഒഴിയാൻ ആവശ്യപ്പെട്ടതിന്റെ പ്രതികാരമായി യുവാവ്, യുവതിയെ കടമുറിക്കകത്തിട്ട് ദേഹത്ത് മരപ്പണിക്ക് ഉപയോഗിക്കുന്ന തിന്നർ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മുന്നാട് മണ്ണടുക്കത്ത് കഴിഞ്ഞ ചൊവ്വ വൈകിട്ട് 3.15നായിരുന്നു സംഭവം.
രമിതയുടെ കടയുടെ തൊട്ടടുത്ത് ഫർണിച്ചർ കട നടത്തുന്ന തമിഴ്നാട് സ്വദേശി രാമാമൃതത്തെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് സ്ഥിരം കടയിൽ വന്ന് ശല്യപ്പെടുത്തുന്ന രാമാമൃതത്തിനെതിരെ യുവതി കഴിഞ്ഞ മാസം 22ന് ബേഡകം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇയാളോട് കട ഒഴിയാൻ ആവശ്യപ്പെട്ടതിനാൽ, കട പിന്നീട് തുറന്നില്ല.
സാധനങ്ങൾ എടുത്ത് കൊണ്ടുപോകാൻ മാത്രം ചില ദിവസങ്ങളിൽ കടയിലെത്തിയ രാമാമൃതം ചൊവ്വ വൈകിട്ട് ചെറിയ ഒരു പന്തവും തീപ്പെട്ടിയും കൈയിൽ കരുതിയാണ് വന്നത്. നേരെ യുവതിയുടെ കടയിലെത്തി ദേഹത്ത് തിന്നർ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഉടൻ ബസ് സ്‌റ്റോപ്പിലുണ്ടായ ബസിൽ കയറി ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഭവം കണ്ട, നാട്ടുകാർ പ്രതിയെ തടഞ്ഞുവച്ചു. തുടർന്ന് യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് പ്രതിയെ പിടികൂടി ബേഡകം പൊലീസിൽ ഏൽപ്പിച്ചു. അമ്പത് ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു. ഇൻക്വസ്റ്റ് നടത്തിയ ശേഷം പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതശരീരം ബന്ധുക്കൾക്ക് വിട്ടുനൽകും.











0 comments