ad
Deshabhimani

യുജിസി കരട് വിജ്ഞാപനം വിദ്യാഭ്യാസ മേഖലയെ കച്ചവടവൽക്കരിക്കാനുള്ള നീക്കം, ഉടൻ പിൻവലിക്കണം: പ്രമേയം പാസാക്കി നിയമസഭ

Pinarayi Vijayan Legislative Assembly
വെബ് ഡെസ്ക്

Published on Jan 21, 2025, 11:40 AM | 2 min read


തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കാറ്റിൽ പറത്തുകയും അക്കാദമിക യോഗ്യത അടിസ്ഥാനമാക്കാതെ ആരേയും വൈസ്‌ ചാൻസലറാക്കാൻ അവസരം നൽകുകയും ചെയ്യുന്ന യുജിസിയുടെ പുതിയ കരട്‌ ചട്ടത്തിനെതിരെ കേരള നിയമസഭ ഏകണ്ഠമായി പ്രമേയം പാസാക്കി. സംസ്ഥാന സർക്കാരുകളെ പൂർണ്ണമായും മാറ്റിനിർത്തുന്ന കേന്ദ്ര സർക്കാരിൻറെയും യുജിസിയുടെയും സമീപനം ജനാധിപത്യവിരുദ്ധവും തിരുത്തപ്പെടേണ്ടതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


'ഉന്നതവിദ്യാഭ്യാസരംഗത്തെ കച്ചവടവൽക്കരിക്കാനുള്ള നീക്കമാണ്. ഇത് തീർത്തും പ്രതിഷേധാർഹമാണ്. ഉന്നതവിദ്യാഭ്യാസരംഗത്തെ ജനാധിപത്യമൂല്യങ്ങൾ തകർക്കാനും പ്രസ്തുത മേഖലയിൽ മത-വർഗീയ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരുടെ പിടിയിലൊതുക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായി മാത്രമേ 2025 ലെ കരട് യുജിസി മാനദണ്ഡങ്ങളെ കാണുവാൻ കഴിയൂ. സംസ്ഥാന സർക്കാരുകളുടെയും അക്കാദമിക് വിദ​ഗ്ദ്മാരുടെ അഭിപ്രായങ്ങളും ആശങ്കകളും പരിഗണിച്ച് 2025 ലെ കരട് യുജിസി മാനദണ്ഡങ്ങൾ ഉടൻ പിൻവലിച്ച് ബന്ധപ്പെട്ടവരുമായെല്ലാം വിശദമായ ചർച്ചകൾ നടത്തി അവരുടെ അഭിപ്രായങ്ങൾ ഗൗരവമായി കണക്കിലെടുത്തുകൊണ്ട് മാത്രം പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിക്കണം'- മുഖ്യമന്ത്രി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി സഭയിൽ നടത്തിയ പ്രസംഗം ചുവടെ;


ജനുവരി ആറിന് യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻ (യുജിസി) പുറത്തിറക്കിയ കരട് മാർഗരേഖയിൽ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരുകളുടെയും അക്കാദമിക് വിദഗ്ദ്ധരുടെയും ആശങ്കകൾ വലിയ തോതിൽ ഉയർന്നുവന്നിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രമേയം സഭയിൽ അവതരിപ്പിക്കുന്നത്.


1977 ജനുവരി മൂന്നിന് പ്രാബല്യത്തിൽ വന്ന 42-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഉന്നതവിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റിൽ നിന്നും സമാവർത്തി ലിസ്റ്റിലെ ഇനം 25 ആയി മാറ്റപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലെ സർവ്വകലാശാലകൾ പ്രവർത്തിക്കുന്നത് അതത് സംസ്ഥാന നിയമസഭകൾ പാസാക്കിയ നിയമങ്ങൾക്കനുസൃതമായിട്ടാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ സംസ്ഥാന ലിസ്റ്റിലെ ഇനം 32 പ്രകാരം സർവ്വകലാശാലകളുടെ സ്ഥാപനം, മേൽനോട്ടം എന്നിവ സംബന്ധിച്ചുള്ള അധികാരം സംസ്ഥാനങ്ങൾക്കാണ്. യൂണിയൻ ലിസ്റ്റിലെ ഇനം 66 പ്രകാരം ഉന്നതവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെ ഏകോപനത്തിനും നിലവാരം നിശ്ചയിക്കുന്നതിലും മാത്രമാണ് കേന്ദ്ര സർക്കാരിന് അധികാരമുള്ളത്. ഇതിൻറെ പിൻബലത്തിലാണ് യുജിസി നിയമത്തിൻ കീഴിൽ യുജിസി റെഗുലേഷനുകൾ പുറപ്പെടുവിക്കുന്നത്.


ഭരണഘടനാ നിർമ്മാണ സഭയിൽ ആഗസ്റ്റ് 31, 1949 ന് നടന്ന സംവാദത്തിന് മറുപടി പറഞ്ഞുകൊണ്ട് ഡോ. ബി ആർ അംബേദ്കർ നടത്തിയ പ്രസംഗത്തിൽ യൂണിയൻ ലിസ്റ്റിലെ ഇനം 66 ൻറെ പരിധിയും പരിമിതിയും വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സർവ്വകലാശാലകൾ നടത്തുന്ന ബിരുദ പരീക്ഷകൾക്കുള്ള പാസ് മാർക്കോ മാനദണ്ഡങ്ങളോ പല തരത്തിലായാൽ അത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. ഇതുപോലുള്ള ഏകീകൃതമല്ലാത്ത വ്യവസ്ഥകൾ ഒഴിവാക്കാനും സംസ്ഥാനങ്ങളിൽ ഗൗരവമായ മാനദണ്ഡങ്ങളും ഏകീകൃത രീതികൾ ഉറപ്പുവരുത്താനും മാത്രമാണ് യൂണിയൻ ലിസ്റ്റിൽ ഇങ്ങനെയൊന്ന് ഉൾപ്പെടുത്തിയത് എന്നാണ് അദ്ദേഹം പറഞ്ഞത്.


ഭരണഘടനയുടെ അന്തഃസത്ത ഉൾക്കൊള്ളാതെയുള്ളതും വൈസ് ചാൻസലർ നിയമനത്തിലടക്കം സംസ്ഥാന സർക്കാരുകളുടെ അഭിപ്രായങ്ങളെ പൂർണ്ണമായും ഒഴിവാക്കുന്നതുമായ 2025 ലെ കരട് യുജിസി മാനദണ്ഡങ്ങൾ ഫെഡറൽ സംവിധാനത്തിനും ജനാധിപത്യത്തിനും നിരക്കാത്ത ഒന്നാണെന്നാണ് ഈ സഭയുടെ വ്യക്തമായ അഭിപ്രായം. സർവ്വകലാശാലകളുടെയും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നടത്തിപ്പിനായി ഏതാണ്ട് 80 ശതമാനത്തോളം തുക ചെലവിടുന്നത് സംസ്ഥാന സർക്കാരുകളാണ്. സർവ്വകലാശാലകളുടെ ഗുണനിലവാരം നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന സർക്കാരുകൾക്ക് മുഖ്യമായ പങ്കുണ്ട്. ഇതിനെയെല്ലാം അവഗണിച്ചുകൊണ്ട് യാതൊരു ചർച്ചകളും കൂടാതെ, വൈസ് ചാലൻസലർ നിയമനം പോലുള്ള സുപ്രധാന നിയമനങ്ങളിലും അധ്യാപകരുടെ യോഗ്യത, സേവനവ്യവസ്ഥ എന്നിവയെക്കുറിച്ചും ഉൾക്കൊള്ളിച്ചിട്ടുള്ള വ്യവസ്ഥകൾ സംസ്ഥാന സർക്കാരുകളെ പൂർണ്ണമായും മാറ്റിനിർത്തുന്ന കേന്ദ്ര സർക്കാരിൻറെയും യുജിസിയുടെയും സമീപനം ജനാധിപത്യവിരുദ്ധവും തിരുത്തപ്പെടേണ്ടതുമാണെന്ന് ഈ സഭയ്ക്ക് അഭിപ്രായമുണ്ട്. സർവ്വകലാശാലകളിൽ അക്കാദമിക് വിദ​ഗ്ദരെ വേണമെങ്കിൽ മാറ്റിനിർത്തി സ്വകാര്യ മേഖലയിൽ നിന്നുപോലും വ്യക്തികളെ വൈസ് ചാൻസലർമാരാക്കാമെന്ന സമീപനം.


ഉന്നതവിദ്യാഭ്യാസരംഗത്തെ കച്ചവടവൽക്കരിക്കാനുള്ള നീക്കമാണ്. ഇത് തീർത്തും പ്രതിഷേധാർഹമാണ്. ഉന്നതവിദ്യാഭ്യാസരംഗത്തെ ജനാധിപത്യമൂല്യങ്ങൾ തകർക്കാനും പ്രസ്തുത മേഖലയിൽ മത-വർഗീയ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരുടെ പിടിയിലൊതുക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായി മാത്രമേ 2025 ലെ കരട് യുജിസി മാനദണ്ഡങ്ങളെ കാണുവാൻ കഴിയൂ. സംസ്ഥാന സർക്കാരുകളുടെയും അക്കാദമിക് വിദ​ഗ്ദ്മാരുടെ അഭിപ്രായങ്ങളും ആശങ്കകളും പരിഗണിച്ച് 2025 ലെ കരട് യുജിസി മാനദണ്ഡങ്ങൾ ഉടൻ പിൻവലിച്ച് ബന്ധപ്പെട്ടവരുമായെല്ലാം വിശദമായ ചർച്ചകൾ നടത്തി അവരുടെ അഭിപ്രായങ്ങൾ ഗൗരവമായി കണക്കിലെടുത്തുകൊണ്ട് മാത്രം പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിക്കണമെന്ന് ഈ സഭ കേന്ദ്ര സർക്കാരിനോട് ഐകകണ്ഠ്യേന ആവശ്യപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home