print edition പുതിയ ലേബർ കോഡുകൾ പിൻവലിക്കുക; എകെജിസിടി സംസ്ഥാന സമ്മേളനം സമാപിച്ചു

ഡോ. എൻ മനോജ്, ഡോ. ടി മുഹമ്മദ് റഫീഖ്
കൊല്ലം: തൊഴിലാളിയുടെ അവകാശങ്ങളും സാമൂഹിക സുരക്ഷയും സ്വാതന്ത്ര്യവും ഇല്ലാതാക്കുന്ന പുതിയ ലേബർ കോഡുകൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് അസോസിയേഷൻ ഓഫ് കേരള ഗവ. കോളേജ് ടീച്ചേഴ്‌സ് -(എകെജിസിടി) 68–ാമത് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കൊല്ലത്ത് മൂന്നുദിവസമായി നടന്ന സമ്മേളനം സമാപിച്ചു. സർവകലാശാലകളിലെ ജനാധിപത്യ സംവിധാനം അട്ടിമറിച്ച് സ്വയംഭരണാവകാശം തകർക്കുന്ന ചാൻസലറുടെ ഏകപക്ഷീയ ഇടപെടൽ അവസാനിപ്പിക്കുക, ജനാധിപത്യസ്വാതന്ത്ര്യത്തെയും വൈവിധ്യങ്ങളെയും ഇല്ലാതാക്കുകയും അമിത കേന്ദ്രീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ കേന്ദ്രസർക്കാർ പിൻവലിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
കേരള നിയമസഭ പാസാക്കിയ നിയമത്തിന്റെ ബലത്തിൽ മാത്രം ചാൻസലർ പദവിയിൽ തുടരുന്ന ഗവർണർ എല്ലാ ജനാധിപത്യ മര്യാദകളെയും അട്ടിമറിച്ച് കാലടി സർവകലാശാല വൈസ് ചാൻസലറെ തൽസ്ഥാനത്തുനിന്നു മാറ്റിയ നടപടിയിൽ സമ്മേളനം ശക്തമായി പ്രതിഷേധിച്ചു. അക്കാദമിക മികവ് പരിഗണിക്കാതെ അക്കാദമിക സമിതികളിൽ സംഘപരിവാറുകാരെ നിറയ്ക്കുന്ന തെറ്റായ നടപടികളിൽനിന്ന് ചാൻസലർ പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എൻ മനോജ് പ്രസിഡന്റ്, ടി മുഹമ്മദ് റഫീഖ് ജന. സെക്രട്ടറി
എകെജിസിടി സംസ്ഥാന പ്രസിഡന്റായി പ്രൊഫ. എൻ മനോജ്, ജനറൽ സെക്രട്ടറിയായി പ്രൊഫ. ടി മുഹമ്മദ് റഫീഖ് എന്നിവരെ കൊല്ലത്ത് ചേർന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഡോ. കെ വി മഞ്ജുള ആണ് ട്രഷറർ. മറ്റ് ഭാരവാഹികൾ: പ്രൊഫ. വിനു ഭാസ്കർ, ഡോ. സി ആർ രജിത (വൈസ് പ്രസിഡന്റുമാർ), പ്രൊഫ. പി ആർ പ്രിൻസ്, പ്രൊഫ. എം എസ് മുരളി, പി വി രഘുദാസ്, ഡോ. പി എച്ച് ഷാനവാസ് (സംസ്ഥാന സെക്രട്ടറിമാർ).
സമ്മേളന സ്‌മരണയിൽ കൊല്ലത്തൊരു സ്‌നേഹവീട്
ഗവ. കോളേജ് അധ്യാപകരുടെ ഏറ്റവും വലിയ കരുത്തുറ്റ സംഘടനയായ എകെജിസിടി സംസ്ഥാന സമ്മേളനത്തിന്റെ സ്‌മരണയ്‌ക്കായി കൊല്ലം ജില്ലയിലെ ഒരു കുടുംബത്തിന് വീട് നിർമിച്ചുനൽകും. സംഘടനയുടെ 68–-ാം സംസ്ഥാന സമ്മേളനമാണ് കൊല്ലത്ത് ചേർന്നത്. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിൽ ജനറൽ സെക്രട്ടറി ടി മുഹമ്മദ് റഫീഖ് സ്‌നേഹവീട് പ്രഖ്യാപിച്ചു. സാമൂഹിക പ്രതിബദ്ധത മുൻനിർത്തി വേണം എല്ലാ സംഘടനാ പ്രവർത്തനവും നടത്തേണ്ടത് എന്ന നിലപാടാണ് എക്കാലവും സംഘടന മുന്നോട്ടുവച്ചിട്ടുള്ളത്. മുണ്ടക്കൈ– -ചൂരൽമല ദുരന്തത്തിൽ സംഘടന നേരിട്ടുനൽകിയ 50 ലക്ഷവും സാലറി ചലഞ്ചിൽ പങ്കെടുത്ത സംഘടനാംഗങ്ങൾ നൽകിയ നാലുകോടിയിലേറെ വരുന്ന തുകയും ഈ പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നു. മുൻകാലങ്ങളിൽ ഓഖി, പ്രളയം തുടങ്ങിയ ദുരന്തങ്ങളിലും സമാന പ്രവർത്തനങ്ങൾ എകെജിസിടി നടത്തിയതായും അദ്ദേഹം പറഞ്ഞു. വെള്ളി മുതൽ ഞായർ വരെ സി കേശവൻ മെമ്മോറിയൽ ടൗൺ ഹാളിലും ജില്ലാ പഞ്ചായത്ത് ജയൻ സ്‌മാരക ഹാളിലുമായാണ് സമ്മേളനം നടന്നത്.










0 comments