ad
Deshabhimani

print edition സർഗാത്മക വിമർശങ്ങളിൽ കാമ്പുള്ളത്‌ ഉൾക്കൊള്ളും: എം എ ബേബി

m a baby award to anand

സമഗ്ര സംഭാവനയ്ക്കുള്ള ദേശാഭിമാനി പുരസ്കാരം ആനന്ദിന് സമ്മാനിച്ച് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി സംസാരിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Feb 25, 2026, 12:00 AM | 1 min read

ഇരിങ്ങാലക്കുട: സർഗാത്മക വിമർശങ്ങൾ കേട്ട്‌ കാമ്പുള്ളവ ഉൾക്കൊള്ളുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ശരിയല്ലാത്ത വിമർശങ്ങൾ തിരസ്‌കരിക്കും. വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും യോജിപ്പുകൾ കണ്ടെത്തി മുന്നോട്ടു പോകും. പാർടി മുഖപത്രമായ ദേശാഭിമാനി സമഗ്രസംഭാവനാ പുരസ്കാരം ആനന്ദിനും ലീലാവതി ടീച്ചർക്കും സമ്മാനിക്കുന്നത് ഇതിന്റെ തെളിവാണ്. പുരസ്‌കാരം ആനന്ദ്‌ സ്വീകരിക്കുന്നതും ഇത്തരം യോജിപ്പുകളുടെ ഭാഗമാണെന്ന്‌ കരുതുന്നു. വിമർശങ്ങളില്ലാത്ത സമൂഹം ജീവനില്ലാത്ത സമൂഹമാണെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി സമഗ്ര പുരസ്കാരം ആനന്ദിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.


കമ്യൂണിസ്റ്റുകാരെയും കമ്യൂണിസ്റ്റ് ആശയങ്ങളെയും എതിർക്കുന്നവർക്കും ദേശാഭിമാനി പുരസ്കാരങ്ങൾ നൽകാറുണ്ട്. വിമർശിക്കുന്നവരാണെങ്കിലും നന്മയുടെ പക്ഷത്തുള്ളവരെ ആദരിക്കും. ആനന്ദിന്റെ രചനകളിൽ കമ്യൂണിസ്റ്റ് ആശയങ്ങളെ എതിർക്കുന്നുണ്ട്. ‘വിടവുകൾ എന്ന കൃഷിഭൂമി’യെന്ന പുസ്‌തകം ഇതിന്‌ തെളിവാണ്‌. അതേസമയം അദ്ദേഹത്തിന്റെ രചനകളിൽ സംഘപരിവാറിന്റെ അക്രമാസക്ത ദേശീയബോധത്തെയും നവ ഫാസിസ്റ്റ് പ്രവണതകളേയും അഭിപ്രായസ്വാതന്ത്ര്യത്തിനു നേരെയുള്ള ഭരണകൂട ഭീകരതയേയും വിമർശിക്കുന്നു. ഭാവിയിൽ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അവസ്ഥ എന്തായിരിക്കുമെന്ന ചോദ്യങ്ങൾ ഉയരുന്ന കാലമാണിത്‌.


1970ൽ ഇറങ്ങിയ‘ആൾക്കൂട്ട’ത്തിലെ കഥാപാത്രം റിപ്പബ്ലിക്കിന്റെ അവസ്ഥ ചിന്തിക്കുന്നുണ്ട്‌. മാറുന്ന കാലത്തിനനുസൃതമായി വികസിക്കുന്ന കൃതിയാണ്‌ ക്ലാസിക്‌. ആ അർഥത്തിൽ ആൾക്കൂട്ടം ക്ലാസിക്കാവുന്നു. ആനന്ദ്‌ സർഗാത്മകതയുടെയും ചിന്താപരതയുടെയും ദന്തഗോപുരങ്ങളിൽ കഴിയുന്ന എഴുത്തുകാരനാണെന്ന്‌ ചിലർ കരുതും. എന്നാൽ, അതല്ല വസ്‌തവം. അദ്ദേഹം സാംസ്‌കാരിക കാർമികനാണ്‌. മനുഷ്യർക്കിടയിലുള്ള അസമത്വങ്ങൾക്ക്‌ അവസാനമുണ്ടാകണമെന്നാണ്‌ ആനന്ദിന്റെ കാഴ്‌ചപ്പാട്. മനുഷ്യർ തമ്മിലുള്ള അനീതികൾ പരിഹരിച്ചാൽ പോരാ, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിലുള്ള അനീതിയും മാറണമെന്ന്‌ കൃതികളിലാകെ കാണാമെന്നും എം എ ബേബി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home