കെഎസ്ആർടിസിക്ക് മുന്നിൽ കാട്ടാന; പരിഭ്രാന്തിയിലായി യാത്രക്കാർ

കൊല്ലം: പുനലൂർ-അച്ചൻകോവിൽ പാതയിൽ കെഎസ്ആർടിസി ബസിന് മുന്നിൽ കാട്ടാന ഇറങ്ങി. നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന ബസിന് മുന്നിലാണ് ആന വന്നുപെട്ടത്. അപ്രതീക്ഷിതമായി ആനയെ കണ്ടതോടെ യാത്രക്കാർ അല്പനേരം പരിഭ്രാന്തിയിലായി.
എന്നാല്‍ ബസ് കണ്ടതോടെ അസ്വസ്ഥതകളൊന്നും പ്രകടിപ്പിക്കാതെ ആന വേഗത്തിൽ കാടിനുള്ളിലേക്ക് മടങ്ങി. ദൂരെ വെച്ചുതന്നെ ബസ് കണ്ട ആന വാഹനങ്ങളെ തടയാനോ ആക്രമിക്കാനോ മുതിരാതെ ഒഴിഞ്ഞുമാറി കാട്ടിലേക്ക് കയറിപ്പോയി. ഇതുമൂലം യാത്രക്കാർക്ക് ഏറെ നേരം വഴിയിൽ കാത്തുകിടക്കേണ്ടി വന്നില്ല.
അച്ചൻകോവിൽ പാതയിൽ കാട്ടാനകൾ റോഡിലിറങ്ങുന്നത് പതിവാണെങ്കിലും, വാഹനങ്ങളെ ആക്രമിക്കുന്ന സ്വഭാവം ഈ മേഖലയിലെ ആനകൾക്ക് സാധാരണയായി ഉണ്ടാകാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു. വലിയ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകാതെ ആന കാടുകയറിയത് യാത്രക്കാർക്ക് വലിയ ആശ്വാസമായി.








0 comments