ad
Deshabhimani

കാട്ടാന ആക്രമണത്തിൽ 3 മാസത്തിനിടെ 9 മരണം

print edition വനഭേദഗതി ബില്ലിൽ 
മലക്കംമറിഞ്ഞ്‌ സർക്കാർ

animal attack
avatar
ബിമൽ പേരയം

Published on Aug 29, 2026, 12:00 AM | 1 min read

തിരുവനന്തപുരം: കാട്ടാന മനുഷ്യജീവനെടുക്കുന്നത്‌ തുടരുന്പോഴും ശാശ്വതപരിഹാരമായ വനം–വന്യജീവി സംരക്ഷണ നിയമ ഭേദഗതിയിൽനിന്ന്‌ പിന്മാറി വനംവകുപ്പ്‌. മൂന്നു മാസത്തിനിടെ ഒന്പതുപേർ കാട്ടാനയാക്രമണത്തിൽ മരിച്ചു. ഇടുക്കി രാജാക്കാട്‌ തലക്കുളത്ത്‌ കർഷകൻ എസ്‌ ഒച്ചപ്പനാണ്‌ ഒടുവിലത്തെ ഇര.


ഒറ്റമൂലിയില്ലെന്നും കാട്ടാനയെ അകറ്റാൻ ചക്ക ശേഖരിക്കുമെന്നും തട്ടിവിട്ട വനംമന്ത്രിക്ക്‌ നിയമഭേദഗതിയിൽ മിണ്ടാട്ടമില്ല. ബിൽ നിയമസഭയിൽ പാസാക്കി ഗവർണർ ഒപ്പിട്ട്‌ രാഷ്‌ട്രപതിയുടെ മുന്നിൽ അംഗീകാരത്തിനായി എൽഡിഎഫ്‌ സർക്കാർ സമർപ്പിച്ചു. എന്നാൽ അതിൽ സമ്മർദം ചെലുത്താനോ സംസ്ഥാനതാൽപ്പര്യം നേടിയെടുക്കാനോ യുഡിഎഫ്‌ സർക്കാർ തയ്യാറാകുന്നില്ല. മനുഷ്യരുടെ ജീവനും കൃഷിക്കും ഭീഷണിയായ ആക്രമണകാരികളായ വന്യജീവികളെ കൊല്ലാനുള്ള അനുമതിയാണ്‌ ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്‌. ബില്ലിൽ രാഷ്ട്രപതി ആവശ്യപ്പെട്ട വിവരങ്ങൾകൂടി സംസ്ഥാനം മറുപടി നൽകേണ്ടതുണ്ട്‌. ഇല്ലെങ്കിൽ ബിൽ നിരസിക്കും.


ഓരോ മരണം നടക്കുന്പോഴും നാട്ടുകാരുടെ പ്രതിഷേധത്തിന്‌ സർക്കാർ നൽകുന്നത്‌ പുല്ലുവിലയാണ്‌. അധികാരത്തിൽ വന്നാൽ മനുഷ്യ–വന്യജീവി സംഘർഷത്തിന്‌ ഉടൻ പരിഹാരമെന്നായിരുന്നു പ്രതിപക്ഷനേതാവായിരുന്നപ്പോൾ വി ഡി സതീശൻ പറഞ്ഞത്‌. പ്രതിപക്ഷത്തിരിക്കുന്പോൾ അങ്ങനെയെല്ലാം പറയുമെന്നും ഭരാണത്തിലെത്തുന്പോൾ സാഹചര്യം അതല്ലെന്നുമാണ്‌ ഇപ്പോഴത്തെ നിലപാട്‌.


അപകടമുണ്ടാകുന്പോൾ മാത്രം വനം ഉദ്യോഗസ്ഥരുടെ അവലോകനയോഗം വിളിക്കും. ലക്ഷങ്ങൾ ചെലവിട്ട്‌ ജനുവരിയിൽ അന്താരാഷ്‌ട്ര നേച്ചർ ഫിലിം ഫെസ്‌റ്റിവെൽ സംഘടിപ്പിക്കുകയാണ്‌ വനംവകുപ്പ്‌. സോഷ്യൽ ഫോറസ്‌ട്രി ക്ലബ്ബുകളും നേച്വർ ക്ലബ്ബുകളും പുനഃക്രമീകരിച്ച്‌ വിദ്യാർഥികളെ പ്രകൃതി സംരക്ഷണത്തിന്റെ പ്രചാരകരാക്കുമെന്നാണ്‌ അവകാശവാദം. പോഡ്‌ കാസ്‌റ്റ്‌ സീരീസ്‌ കൊണ്ട്‌ മനുഷ്യ–വന്യജീവി സംഘർഷങ്ങൾക്ക്‌ പരിഹാരം കാണാനാകില്ല. മനുഷ്യജീവന്‌ വില കൽപ്പിച്ച്‌, അരനൂറ്റാണ്ട്‌ പഴക്കമുള്ള കേന്ദ്രനിയമത്തിൽ തിരുത്തൽ വരുത്താൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാണ്‌ ജനങ്ങളുടെ ആവശ്യം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home