print edition 4 മാസം; ദേവികുളത്ത് പൊലിഞ്ഞത് 4ജീവൻ; ആദിവാസി കർഷകനെ ചക്കക്കൊമ്പൻ ചവിട്ടിക്കൊന്നു

വിജയൻ
ഇടുക്കി : പാലക്കാട് അട്ടപ്പാടിയിൽ വിനോദസഞ്ചാരിയായ സ്ത്രീയെ കാട്ടാന കൊലപ്പെടുത്തി മണിക്കൂറുകൾക്കകം ഇടുക്കി പൂപ്പാറയിൽ ആദിവാസി കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു. പൂപ്പാറ പന്നിയാറിന് സമീപം പന്തടിക്കളത്ത് വിജയനെ(47)യാണ് ‘ചക്കക്കൊമ്പൻ’ എന്ന ഒറ്റയാൻ ചവിട്ടിക്കൊന്നത്. ബുധൻ രാവിലെ അഞ്ചരയോടെ വീടിന് സമീപത്തെ റോഡിൽവച്ചാണ് വിജയനെ ആക്രമിച്ചത്.
ചൊവ്വ രാത്രി വിജയന്റെ കൃഷിയിടത്തിൽ ചക്കക്കൊമ്പൻ നാശം വരുത്തിയിരുന്നു. ഇക്കാര്യം സമീപത്ത് താമസിക്കുന്ന അനുജനെ അറിയിച്ച് തിരികെ വരുന്പോഴാണ് ആനയുടെ മുന്നിൽപ്പെട്ടത്. ആനയുടെ ചവിട്ടേറ്റ വിജയൻ തൽക്ഷണം മരിച്ചു. നാട്ടുകാരാണ് മൃതദേഹം കണ്ടത്. പൊലീസെത്തി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ദേവികുളം റേഞ്ചിന് കീഴിൽ മാത്രം നാലുമാസത്തിനിടെ നാലുപേരാണ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണമെന്നും ഉടൻ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് പൊലീസിനെയും വനപാലകരെയും നാട്ടുകാർ തടഞ്ഞു.
ഇവിടെ തന്പടിച്ച മൂന്ന് കാട്ടാനകളെ മാറ്റുമെന്നും വിജയന്റെ കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. വിജയന്റെ ഭാര്യ ദേവി. മക്കൾ: അനീഷ്, ബിനീഷ്,സേതുലക്ഷ്മി, വിജയലക്ഷ്മി.
ചൊവ്വാഴ്ച വൈകിട്ട് 6.30ന് അട്ടപ്പാടിയിലെ ചീരക്കടവ് ഭവാനിപ്പുഴയിലിറങ്ങിയ മണ്ണാർക്കാട് നായടിക്കുന്ന് സ്വദേശി ബുഷ്റ(52)യാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.









0 comments