ad
Deshabhimani

മുണ്ടക്കൈ–ചൂരൽമല ഉരുൾ ദുരന്തബാധിതർക്ക്‌ വീട്‌ 
നിർമിക്കാനെന്ന പേരിൽ കുന്നമ്പറ്റയിൽ കോൺഗ്രസ്
 വാങ്ങിയ ഭൂമിയിൽ കാട്ടാനയിറങ്ങി , വി ഡി സതീശൻ കാട്ടാനശല്യമില്ലെന്ന്‌ പറഞ്ഞ്‌ 
 മടങ്ങിയത്‌ ദിവസങ്ങൾക്കുമുമ്പ്‌

print edition കോൺഗ്രസിന്റെ "കാട്ടാനയില്ലാത്തോട്ട'ത്തിൽ ആനയിറങ്ങി

wild elephant

കോൺഗ്രസ്‌ വാങ്ങിയ ഭൂമിയുടെ അതിർത്തിയിലെ തോട്ടത്തിൽ കാട്ടാനപിണ്ഡം ചൂണ്ടിക്കാണിക്കുന്ന തോട്ടം ഉടമ വനജകുമാരി

avatar
അജ്‌നാസ്‌ അഹമ്മദ്‌

Published on Feb 16, 2026, 02:30 AM | 2 min read


കുന്നമ്പറ്റ

മുണ്ടക്കൈ–ചൂരൽമല ഉരുൾ ദുരന്തബാധിതർക്ക്‌ വീട്‌ നിർമിക്കാനെന്ന പേരിൽ കുന്നമ്പറ്റയിൽ കോൺഗ്രസ് വാങ്ങിയ ഭൂമിയിൽ കാട്ടാനയിറങ്ങി. വെള്ളി രാത്രി ഒമ്പതോടെ എത്തിയ കാട്ടാന സമീപത്തെ തോട്ടത്തിലെ കൃഷി നശിപ്പിച്ചു. കോൺഗ്രസ്‌ വാങ്ങിയ 3.24 ഏക്കറുമായി അതിർത്തി പങ്കിടുന്ന ശീതള എസ്‌റ്റേറ്റിലെ വനജകുമാരിയുടെ തോട്ടത്തിലെ കാപ്പി, കവുങ്ങ്‌ അടക്കമുള്ളവയാണ്‌ ചവിട്ടിമെതിച്ചത്‌. യുഡിഎഫ്‌ പുതുയുഗ യാത്രയുടെ ഭാഗമായി ജില്ലയിലെത്തിയ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ ഭൂമി സന്ദർശിച്ച്‌ കാട്ടാനശല്ല്യമില്ലെന്ന്‌ പറഞ്ഞ്‌ മടങ്ങി ദിവസങ്ങൾക്കുള്ളിലാണ്‌ സംഭവം.


കോൺഗ്രസ്‌ വാങ്ങിയ ഭൂമിയിലൂടെ എത്തിയ ആന വനജകുമാരിയുടെ തോട്ടത്തിൽ മണിക്കൂറുകൾ തമ്പടിച്ചു. സമീപത്തെ തോട്ടങ്ങളിലെ വിളകളും നശിപ്പിച്ചിട്ടുണ്ട്‌. തോട്ടങ്ങൾക്ക്‌ ചുറ്റും വൈദ്യുതി വേലിയുണ്ടെങ്കിലും ഇത്‌ തകർത്താണ്‌ എത്തുന്നത്‌. പ്രദേശത്ത്‌ നേരത്തെ കാട്ടാന ആക്രമണത്തിൽ രണ്ട്‌ തൊഴിലാളികൾ കൊല്ലപ്പെടുകയും ഒരാൾക്ക്‌ ഗുരുതര പരിക്കേൽക്കുകയും ചെയ്‌തിരുന്നു.


ദുരന്തബാധിതരുടെ പേരിൽ പണം പിരിച്ച്‌ വീട്‌ നിർമിച്ചുനൽകാത്തതിൽ വലിയ വിമർശം ഉയർന്നപ്പോഴാണ്‌ കോൺഗ്രസ്‌ ഭൂമി വാങ്ങിയത്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ട്‌ ജനങ്ങളുടെ കണ്ണിൽപ്പൊടിയിടലായിരുന്നു ലക്ഷ്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകരുതെന്ന്‌ പ്രചരിപ്പിച്ചാണ്‌ കോൺഗ്രസും യൂത്ത്‌ കോൺഗ്രസും കോടികൾ പിരിച്ചത്‌. 230 വീട്‌ നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, 3.24 ഏക്കറിൽ പരമാവധി 25 വീടാണ്‌ നിർമിക്കാനാകുക.


ജനുവരി 13ന്‌ ഭൂമിയുടെ രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കിയപ്പോൾ പത്ത്‌ ദിവസത്തിനുള്ളിൽ വീടിന്‌ കല്ലിടുമെന്നായിരുന്നു ടി സിദ്ദിഖ്‌ എംഎൽഎ അടക്കമുള്ള നേതാക്കളുടെ പ്രഖ്യാപനം. മാധ്യമങ്ങളെ ക്ഷണിച്ച്‌ കാപ്പിച്ചെടികൾ വെട്ടിമാറ്റിയത്‌ ഒഴിച്ചാൽ ഭൂമിയിൽ ഒരു പ്രവൃത്തിയും നടത്തിയിട്ടില്ല.


​‘ജീവനിൽ ഭയമുള്ളവർക്ക്‌ 
പുറത്തിറങ്ങാനാകില്ല’

​ജീവനിൽ ഭയമുള്ളവർക്ക്‌ ഇറങ്ങി നടക്കാനാകാത്ത അവസ്ഥയാണ്‌. വർഷത്തിൽ ഒമ്പത്‌ മാസവും കാട്ടാന എത്താറുണ്ട്‌. ഇത്തവണ ഒരാനയാണ്‌ എത്തിയത്. കാട്ടാനകൾ കൂട്ടമായി വരാറാണ്‌ പതിവ്‌. ഏക വരുമാനമാർഗമായിരുന്ന കാപ്പിയും കവുങ്ങും പൂർണമായും നശിപ്പിച്ചു. സൂര്യനസ്‌തമിച്ചാൽ പുറത്തിറങ്ങാനാകില്ല. പുലർച്ചവരെ ജനവാസകേന്ദ്രത്തിൽ തമ്പടിച്ചാണ്‌ മടങ്ങുന്നത്‌. ചിന്നംവിളിച്ചെത്തി വീടിനുനേരെയും പലപ്പോഴും ആക്രമണമുണ്ടായി. പന്നി, മാൻ, കുരങ്ങ്‌ എന്നിവയുടെ ശല്ല്യവും രൂക്ഷമാണ്‌. കോൺഗ്രസ്‌ ഭൂമി വാങ്ങിയശേഷം പ്രദേശത്ത്‌ വന്യമൃഗശല്ല്യം ഇല്ലെന്നാണ്‌ പ്രചരിപ്പിക്കുന്നത്‌. പ്രശ്‌നത്തിന്‌ ശാശ്വത പരിഹാരമുണ്ടാക്കേണ്ട ജനപ്രതിനിധികളാണ്‌ കള്ളം പറയുന്നത്‌–വനജകുമാരി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home