സംഘർഷം തടയാൻ 3 ബിൽ പാസാക്കി , വന്യജീവി ആക്രമണംമൂലമുള്ള മരണസംഖ്യ കുറഞ്ഞു , നഷ്‌ടപരിഹാരത്തുക വർധിപ്പിച്ചു
print edition 5 വർഷം; ക്രിയാത്മക ഇടപെടൽ ; മനുഷ്യ, വന്യജീവി സംഘർഷം കുറഞ്ഞു

തിരുവനന്തപുരം
മനുഷ്യ– വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി അഞ്ച് വർഷത്തിനിടെ ക്രിയാത്മക ഇടപെടലുകളും ഒട്ടേറെ പരിഷ്‌കാരങ്ങളും വനം വകുപ്പിൽ നടപ്പാക്കിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി സംരക്ഷണ ഭേദഗതി ബിൽ, വനം ഭേദഗതി ബിൽ, നിക്ഷിപ്‌ത വനഭൂമി ഭേദഗതി ബിൽ എന്നിവ നിയമസഭ ഇതിനായി പാസാക്കി.
ബഫർസോണിന്റെ പേരിൽ ജനവാസമേഖലയിലുള്ളവരെ സർക്കാർ കുടിയിറക്കിയില്ലെന്നും മന്ത്രി പറഞ്ഞു. ബഫർസോണിന് പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള ഭൂമി സംരക്ഷിക്കണമെന്നായിരുന്നു കേന്ദ്ര സർക്കാർ നിഷ്‌കർഷിച്ചിരുന്നത്. എന്നാൽ ഇൗ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഒരു കിലോമീറ്ററാക്കി കുറച്ചു. ഇതോടെ ബഫർസോണിൽ നിന്ന് ജനവാസമേഖലയെ പൂർണമായും ഒഴിവാക്കാനായി.
മനുഷ്യവന്യജീവി സംഘർഷത്തെ സംസ്ഥാന സവിശേഷ ദുരന്തമായും പ്രഖ്യാപിച്ചു. നഷ്‌ടപരിഹാരത്തുക വർധിപ്പിച്ചു. 72.52 കോടി രൂപ നൽകി. കാട്ടുപന്നികളെ കൊല്ലുന്നതിന് തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും അധികാരം നൽകി. 28 ആർആർടികളെയും വിന്യസിച്ചു.
സൗരോർജ വൈദ്യുതവേലി (570 കി.മീ), റെയിൽ ഫെൻസ് (10 കി.മീ), ആന പ്രതിരോധമതിൽ (1.611 കി.മീ), ആനക്കിടങ്ങ്(46.78 കി.മീ), ക്രാഷ്‌ഗാർഡ് സ്‌റ്റീൽ റോപ് വേലി (10 കി.മീ), സൗരോർജ തൂക്കുവേലി (242 കി.മീ) എന്നിവ നിർമിച്ചു. ഫുഡ് ഫോഡർ വാട്ടർ മിഷൻവഴി വനത്തിനുള്ളിൽ 55 കുളം, 38 ചെക്ക് ഡാം, 642 ബ്രഷ് വുഡ് ചെക്ക് ഡാം എന്നിവ നിർമിച്ചു. 1968 ഹെക്‌ടർ പരിസ്ഥിതി പുനഃസ്ഥാപിച്ചു. ഇൗ പ്രവർത്തനങ്ങൾ വന്യജീവികൾ ജനവാസമേഖലയിലേക്കിറങ്ങുന്നത് ഒരുപരിധിവരെ തടയാനായി. സർപ്പ ആപ് ആവിഷ്‌കരിച്ചതിലൂടെ സംസ്ഥാനത്ത് പാന്പ് കടിയേറ്റുള്ള മരണവും കുറഞ്ഞു. 500പേരെ ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാരായി നിയമിച്ചു. ഇക്കോടൂറിസം കേന്ദ്രങ്ങളിൽ ആദിവാസിവിഭാഗത്തിലുൾപ്പെടെയുള്ള 2172പേർക്ക് ജോലി നൽകി. ഇരവികുളം ദേശീയപാർക്ക്, പെരിയാർ ടൈഗർ റിസർവ് എന്നിവ ദേശീയതലത്തിൽ റാങ്കിങ്ങിൽ ഒന്നാമതെത്തി.
360 കോടി ചെലവിൽ തൃശൂർ സുവോളജിക്കൽ പാർക്ക് യാഥാർഥ്യമാക്കി. വെള്ളിമുതൽ പാർക്കിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.










0 comments