വൈദ്യുതി കരാറിൽ അമിത തിടുക്കം എന്തിന് ? വസ്തുതകൾ മൂടിവെച്ച് മുഖ്യമന്ത്രി നുണ പറയുന്നു; പി രാജീവ്

പി രാജീവ് മാധ്യമങ്ങളെ കാണുന്നു
തിരുവനന്തപുരം: വൈദ്യുതി വിഷയത്തിൽ വസ്തുതകൾ മൂടിവെച്ച് മുഖ്യമന്ത്രി നുണ ആവർത്തിക്കുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ് പറഞ്ഞു. ഹിമാചൽ പ്രദേശിൽനിന്നുള്ള വൈദ്യുതി ഒഴിവാക്കി ജനറൽ നെറ്റ്‌വർക് ആക്‌സസ് പ്ലാറ്റ്ഫോമിൽനിന്ന് (ജിഎൻഎ) 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തിനും കരാറിനെ എതിർത്ത കെഎസ്ഇബി ചെയർമാനെ പുറത്താക്കിയതിനും പിന്നിൽ വലിയ അഴിമതിയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കരാറുണ്ടാക്കിയ ജിഎൻഎ കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളതാരാണ് ? എല്ലാ വസ്തുതകളും മറച്ചുവെച്ചുകൊണ്ട് എന്തിനാണ് സംസ്ഥാനത്തിന് ഇത്രയും വലിയ നഷ്ടം ഉണ്ടാകുന്ന കരാറിലേയ്ക്ക് സർക്കാർ എത്തുന്നു..? നിലവിൽ ടെൻഡറുകളില്ലാതെ അമിത തിടുക്കത്തിൽ വൈദ്യുതി വാങ്ങേണ്ട സാഹചര്യം കേരളത്തിലുണ്ടോ? ഇതുസംബന്ധിച്ച് റെഗുലേറ്ററി കമീഷന്റെ ശുപാർശയോ, പരിശോധനയോ നടത്തിയിട്ടുണ്ടോ എന്നും പി രാജീവ് ചോദിച്ചു.
ഹിമാചൽ കരാർ നടപ്പാക്കിയാൽ 2232 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ കണക്ക് വിചിത്രമാണ്. ജിഎൻഎ പ്ലാറ്റ്ഫോമിൽ നിന്ന് യൂണിറ്റിന് 8.30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുമ്പോൾ അത് 24 മണിക്കൂറും വാങ്ങണം. അങ്ങനെ പകൽ വാങ്ങുന്ന അധിക വൈദ്യുതി സൂക്ഷിക്കാനാവില്ല. പകരം കുറഞ്ഞ നിരക്കിൽ വിൽക്കണം. ആരും വാങ്ങാൻ ഇല്ലെങ്കിൽ ആ വൈദ്യുതി സൗജന്യമായി സറണ്ടർ ചെയ്യണം. അങ്ങനെ വൈദ്യുതി സറണ്ടർ ചെയ്യുകയാണ് കേരളം ചെയ്യുന്നത്. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുമ്പോൾ 5 രൂപ അധികം കൊടുക്കണമെന്നും ഇത് വലിയ നഷ്ടമാണെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാൽ ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് 24 മണിക്കൂർ അല്ല. പീക്ക് സമയമായ 6 മണി മുതൽ 12 വരെയുള്ള സമയങ്ങളിലാണ്. ഇതിന് 1281 കോടിയാണ് വരുന്നത്. പിന്നെ എങ്ങനെയാണ് 2000 കോടി രൂപയിലധികം നഷ്ടമാണ് വരുന്നതെന്ന് മുഖ്യമന്ത്രി പറയുന്നത്.
നിലവിൽ നാഷണൽ പവർ എക്സ്ചേഞ്ചിൽ ആവശ്യത്തിനു വൈദ്യുതിയുണ്ട്. പവർ എക്സ്ചേഞ്ച് രണ്ട് തരത്തിൽ വൈദ്യുതി വാങ്ങിക്കാം. നാളത്തേയ്ക്ക് ഇന്നത്തെ നിരക്കിൽ വാങ്ങാം. അല്ലെങ്കിൽ അതതു ദിവസത്തേയ്ക്ക് അരമണിക്കൂർ മുൻപ് അപ്പോഴുള്ള വിലയ്ക്ക് വാങ്ങാം. അപ്പോൾ അങ്ങനെ വാങ്ങുന്നതാണോ ലാഭം എന്ന് പരിശോധന നടത്തിയിട്ടുണ്ടോയെന്നും പി രാജീവ് ചോദിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്ര തിടുക്കപ്പെട്ട് ടെൻഡറില്ലാതെയും നടപടി ക്രമങ്ങളില്ലാതെ സംസ്ഥാനത്തിന് ബാധ്യതകളുണ്ടാക്കുന്ന രീതിയിൽ വാങ്ങേണ്ട സാഹചര്യമെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണക്കുകൾ പരിശോധിക്കുമ്പോൾ ഹിമാചലിൽ നിന്നും വൈദ്യുതി വാങ്ങിക്കുന്നതാണ് സംസ്ഥാനത്തിന് ലാഭമെന്നും പി രാജീവ് കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി നിരന്തരം ആവർത്തിക്കുന്ന ഒന്നാണ് കഴിഞ്ഞ സർക്കാർ കരാർ റദ്ദാക്കിയതുകൊണ്ടാണ് വൈദ്യുതി പ്രതിസന്ധിയെന്നും, വീക്ഷണമില്ല എന്നും. റെഗുലേറ്ററി കമീഷന്റെ സൈറ്റ് പരിശോധിച്ചാൽ റെഗുലേറ്ററി കമീഷൻ കരാർ റദ്ദാക്കിയതിലൂടെ 400-450 മെഗാവാൾട്ട് വൈദ്യുതി നഷ്ടപ്പെട്ടുവെന്ന് മനസിലാകും. എന്നാൽ 2000 മെഗാവാൾട്ടിലധികം 25 വർഷത്തിന്റെയും 10 വർഷത്തിന്റെയും ഉൾപ്പടെയുള്ള ദീർഘകാല കരാറുകളിലൂടെ കഴിഞ്ഞ സർക്കാർ വാങ്ങിയിട്ടുണ്ട്. ഇതെല്ലാം പകൽ പോലെ വ്യക്തമായി കിടക്കുമ്പോഴും ഒരേ പല്ലവിയാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്. വസ്തുതകൾ എല്ലാം മറച്ചുവെച്ചുകൊണ്ട് നുണ സത്യമെന്ന രീതിയിൽ അവതരിപ്പിക്കുകയാണെന്നും പി രാജീവ് വ്യക്തമാക്കി.
കഴിഞ്ഞ സർക്കാർ സമയത്ത് റെഗുലേറ്ററി കമീഷൻ അംഗീകരിച്ചിട്ടുള്ള നിയമപരമായിട്ടുള്ള ടെൻഡറോ പവർ പർച്ചേയ്സ് കരാറിന്റെ വ്യവസ്ഥയോ അനുസരിച്ചല്ലാതെ വൈദ്യുതി കരാർ മുഖ്യമന്ത്രി കാണേണ്ടി വന്നിട്ടില്ല. ജിഎൻഎ കമ്പനി ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം മാത്രമാണ്. ചരിത്രത്തിൽ ആദ്യമായിട്ടാണ് അങ്ങനെയൊരു ഡിജിറ്റൽ പ്ലാറ്റ്ഫോം അങ്ങോട്ട് വൈദ്യുതി നൽകാമെന്ന് പറഞ്ഞ് വരുന്നത്. ഇത് വലിയ ബാധ്യതയാണ് നമ്മുടെ സംസ്ഥാനത്തിന് ഉണ്ടാക്കുന്നതെന്നും വലിയ അഴിമതിക്കാണ് വൈദ്യുതി കരാറിലൂടെ വഴിയൊരുങ്ങുന്നതെന്നും പി രാജീവ് പറഞ്ഞു. ജിഎൻഎയ്‌ക്കുവേണ്ടി ഹിമാചൽ പ്രദേശിൽനിന്നുള്ള കരാർ ഒഴിവാക്കിയാൽ 727 കോടി രൂപയുടെ അധികബാധ്യതയാണ് സർക്കാരിനുണ്ടാകുക. ഈ വസ്തുതകളാണ് മുഖ്യമന്ത്രി വി ഡി സതീശൻ മറച്ചുവെച്ച് നുണ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.








0 comments