print edition ‘എന്തുകൊണ്ട് കേരളത്തിന് എയിംസ് അനുവദിക്കുന്നില്ല’; കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കേരളത്തിന് എയിംസ് അനുവദിക്കാത്തതിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. എയിംസ് അനുവദിക്കുന്നത് 11 വർഷമായി പരിഗണനയിലുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം വെെകുന്നതെന്ന് കോടതി ആരാഞ്ഞു.
രാജ്യത്ത് പുതുതായി അനുവദിച്ച 22 എയിംസുകളിൽ 18 എണ്ണവും ഇതിനകം പ്രവർത്തനക്ഷമമായി. നാലെണ്ണം നിർമാണഘട്ടത്തിലുമാണ്. എന്നിട്ടും കേരളത്തിനില്ല. ഇത്തരം വിവേചനം അനുവദിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. എയിംസ് അനുവദിക്കുമെന്നത് കേന്ദ്രത്തിന്റെ പാഴ്‌വാക്കുകൾ മാത്രമാണോയെന്ന് ബെഞ്ച് ആരാഞ്ഞു. മറ്റു സംസ്ഥാനങ്ങൾക്ക് എയിംസ് അനുവദിച്ചതിലെ മാനദണ്ഡം എന്താണെന്നും കേരളം ഇതിന് അനുയോജ്യമല്ലേയെന്നും കോടതി ചോദിച്ചു.എയിംസ് സ്ഥാപിക്കാൻ കാസർകോടിനെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ‘എയിംസ് കാസർകോട് കൂട്ടായ്മ’ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
എയിംസിനായി സംസ്ഥാന സർക്കാർ കോഴിക്കോട് കിനാലൂരിൽ ഭൂമി കണ്ടെത്തി സജ്ജമാക്കിയിരുന്നു. എന്നിട്ടും കേന്ദ്രസർക്കാർ നടപടികളുമായി മുന്നോട്ടുപോകാത്തതാണ് വിമർശത്തിനിടയാക്കിയത്. സംസ്ഥാന സർക്കാർ കണ്ടെത്തിയ ഭൂമി എയിംസിന് അനുയോജ്യമാണോ എന്ന് പരിശോധിച്ചുള്ള പഠനറിപ്പോർട്ട് എവിടെയെന്നും കോടതി ചോദിച്ചു. കഴിഞ്ഞതവണ ഹർജി പരിഗണിക്കുന്പോൾ, റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ചിരുന്നു.
എയിംസ് അനുവദിക്കുന്നതിൽ കേന്ദ്രമന്ത്രിസഭയാണ് നയപരമായ തീരുമാനം എടുക്കേണ്ടതെന്ന് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി കോടതിയെ അറിയിച്ചു. കേരളത്തിന്റെ ആവശ്യം ന്യായമാണെന്നും നയപരമായ തീരുമാനങ്ങളുടെ പേരിൽ മാത്രം കേരളത്തെ മാറ്റിനിർത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ വിശദീകരണം നൽകാൻ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ വീണ്ടും രണ്ടാഴ്ച സമയം തേടി. ഹർജി 25ന് വീണ്ടും പരിഗണിക്കും.










0 comments