print edition ‘ധവളം’ പേരിന്; ഉള്ളടക്കം രാഷ്‌ട്രീയം


സി കെ ദിനേശ്
Published on Jun 05, 2026, 12:01 AM | 1 min read
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് വിറ്റുതുലയ്‌ക്കൽ തന്ത്രം നടപ്പാക്കാൻ യുഡിഎഫ് സർക്കാരിന്റെ ധവളപത്രം. ഉമ്മൻചാണ്ടി സർക്കാരിന്റേതടക്കം മുൻപുള്ളതെല്ലാം പൊളിറ്റിക്കൽ പേപ്പറുകളും ഇപ്പോഴത്തേത് വസ്‌തുതാവിശകലനവുമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ അവകാശവാദം.
അന്ധമായ രാഷ്‌ട്രീയ വിരോധത്തിന്റെയും ജനവിരുദ്ധ നയപ്രഖ്യാപനങ്ങളുടെയും പത്രമാണ് യുഡിഎഫ് സർക്കാർ സഭയിൽവച്ച ധവളപത്രം. പൊതുകടം, പൊതുമേഖലയുടെ സഞ്ചിത നഷ്‌ടം, കിഫ്‌ബി തുടങ്ങിവയെക്കുറിച്ചും തെറ്റിദ്ധാരണ പരത്തുന്ന കണക്കാണിത്. ജനങ്ങൾക്ക് ആവശ്യമായ പദ്ധതികളിൽ ചെലവ് കര്‍ശനമായി ഞെരുക്കി, കണക്കിൽ കമ്മി കുറച്ചുകാണിച്ചതാണ് മുൻ യുഡിഎഫ് സർക്കാരുകളുടെ ചരിത്രം. എല്‍ഡിഎഫ് ഭരണകാലത്ത് ജനങ്ങളുടെ ഒരാവശ്യവും നിരാകരിക്കാതെ വരുമാനം ഉയര്‍ത്തി കമ്മി കുറയ്‌ക്കുകയാണ് ചെയ്‌തത്. 2001 മുതലുള്ള കണക്കുകളിൽ ഇത് വ്യക്തം.
കിഫ്‌ബി കേരളത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് 2016–2021 കാലത്തെ യുഡിഎഫ് എംഎൽഎമാർക്കടക്കം സംശയമുണ്ടാകില്ല. മണ്ഡലങ്ങളിൽ നടക്കുന്ന വികസനം സംബന്ധിച്ച എംഎൽഎമാരുടെ ആശങ്കയെക്കുറിച്ച് മുഖ്യമന്ത്രിക്കുതന്നെ സഭയിൽ പറയേണ്ടിവന്നു. കിഫ്‌ബി പ്രവർത്തിക്കുന്നത് നിയമസഭയിൽ ഏകകണ്ഠമായി പാസാക്കിയ നിയമം അനുസരിച്ചാണ്. അതുവിട്ട് പ്രവർത്തിച്ചതായി ധവളപത്രവും പറയുന്നില്ല. കിഫ്‌ബി പൊളിച്ചാൽ വികസനം അവതാളത്തിലാകും.
2016ൽ ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത് പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്‌ടം സംസ്ഥാനത്തിന്റെ ധനക്കമ്മിയുടെ 66 ശതമാനമായെന്നാണ്. അന്നും കെഎസ്‌ആർടിസിയും വാട്ടർ അതോറിറ്റിയും സപ്ലൈകോയും കെഎസ്‌ഇബിയും നഷ്‌ടത്തിലായിരുന്നു. 2016ൽ കെഎസ്‌ആർടിസിയുടെ നഷ്‌ടം 4217 കോടിയായിരുന്നെങ്കിൽ ഇന്നത് 1580 കോടിയാണെന്ന് ധവളപത്രം വ്യക്തമാക്കുന്നു. ഇവയെല്ലാം സേവന മേഖലയാതിനാൽ ലാഭനഷ്‌ടങ്ങൾ കണക്കാക്കാറില്ല.
അഴിമതി നടത്താനായി പൊതുമേഖലയെ വിറ്റുതുലയ്‌ക്കുകയോ പണയപ്പെടുത്തുകയോ ചെയ്യുകയെന്നതാണ് ധവളപത്രത്തിലെ സൂചന. മുണ്ട് മുറുക്കിയുടുക്കാൻ പറഞ്ഞ എ കെ ആന്റണിയുടെ വാക്കുകൾ ധവളപത്രം അന്വർഥമാക്കുന്നു. മോദിയോടുള്ള ചങ്ങാത്തംമൂലമാകാം നയപ്രഖ്യാപനത്തിലോ ധവള പത്രത്തിലോ കേന്ദ്രത്തിനെതിരെ ഒരുവരിയില്ല. തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞതെന്തോ അതിന് കടകവിരുദ്ധമായി പ്രവർത്തനം തുടങ്ങിയ സർക്കാർ, അതിന്റെ പേരിൽ വലിയ ജനരോഷം നേരിടേണ്ടിവരും എന്നുറപ്പ്.










0 comments