print edition വീടെവിടെ കോൺഗ്രസേ

കോൺഗ്രസ് ഇനിയും വീടുകളുടെ നിർമാണം ആരംഭിക്കാത്ത സ്ഥലത്ത് കല്ലിടൽ ചടങ്ങിന്റെ പന്തൽ നിർമിക്കാനായിവച്ച കല്ലുകൾ. മേപ്പാടി കുന്നമ്പറ്റയിൽ ഫെബ്രുവരി 26ന് ആണ് രാഹുൽ ഗാന്ധി വീടുകൾക്ക് കല്ലിട്ടത്
വി ജെ വർഗീസ്
Published on Mar 25, 2026, 12:00 AM | 1 min read
കൽപ്പറ്റ : മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ നാലാംദിനം. 2024 ആഗസ്‌ത് രണ്ട്. എങ്ങും മരണത്തിന്റെ ഗന്ധം. ആർത്തലച്ചുപെയ്യുന്ന മഴയിലും ഉരുളൊഴുക്കിയവർക്കായി മനുഷ്യസാധ്യമായ സർവതും ഉപയോഗിച്ചുള്ള സർക്കാർ തെരച്ചിൽ. ഇൗ ദിനത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനമുണ്ടായത്.
‘ദുരന്തബാധിതർക്ക് 100 വീട് നിർമിച്ചുനൽകും’. തൊട്ടടുത്ത ദിവസം യൂത്ത് കോൺഗ്രസിന്റെ പ്രഖ്യാപനം – ‘ആറുമാസത്തിനകം 30 വീട് നിർമിച്ചുനൽകും’. പിന്നാലെ കെപിസിസി പ്രസിഡന്റായിരുന്ന കെ സുധാകരന്റെ വക ‘തങ്ങളും 100 വീട് നിർമിക്കുമെന്ന’പ്രഖ്യാപനം വന്നു. 20 മാസമായി കേരളം ചോദിക്കുന്നു– വീടെവിടെ കോൺഗ്രസേ?, പിരിച്ച പണമെവിടെ കോൺഗ്രസേ? ഉത്തരമില്ല.
ദുരന്തബാധിതർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയാണ് കോൺഗ്രസ് പണം പിരിച്ചത്. ഇതിന്റെ കണക്കാണ് കേരളം ചോദിക്കുന്നത്. ‘വീട് നിർമാണത്തിന് കട്ട് ഓഫ് ഡേറ്റ് ഇല്ലെന്നാണ്’ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിലപാട്. കോടികൾ പിരിച്ച് മുക്കിയത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നുകണ്ട് ഒടുവിൽ മേപ്പാടി കുന്നന്പറ്റയിൽ കാട്ടാനശല്യമുള്ള മൂന്നേക്കർ കാപ്പിത്തോട്ടം വാങ്ങി. ഫെബ്രുവരി 26ന് ‘തറക്കല്ലിടൽ നാടകം’. ആദ്യം വീട് പ്രഖ്യാപിച്ച രാഹുൽ ഗാന്ധിതന്നെ തറക്കല്ലിടാനെത്തി. ഒപ്പം വയനാട് എംപി പ്രിയങ്കയും. ഇരുവരും ചേർന്ന് ഇട്ട തറക്കല്ലുപോലും കാണാനില്ല.
230 വീട് വാഗ്‌ദാനംചെയ്‌ത് 50 വീടിനാണ് തറക്കല്ലിട്ടത്. അടുത്തദിവസം നിർമാണം ആരംഭിക്കുമെന്നായിരുന്നു നേതാക്കളുടെ പ്രസംഗം. ചടങ്ങിനുമുന്പ് നിർമിക്കുന്ന വീടുകളുടേതെന്ന് പറഞ്ഞ് വ്യാജ വീഡിയോ പ്രദർശിപ്പിച്ചും കബളിപ്പിച്ചു. വീടിന്റെ രൂപരേഖപോലും തയ്യാറായിട്ടില്ല. തറക്കല്ലിട്ട സ്ഥലം ശൂന്യമാണ്. രഹുലിന്റെയും കോൺഗ്രസിന്റെയും ഗ്യാരന്റിയുടെ ബാക്കിപത്രമായി പന്തലിടാൻ ഉപയോഗിച്ച കല്ലുകൾ അവിടവിടെ കിടക്കുന്നുണ്ട്.










0 comments