ad
Deshabhimani

കാർഷിക, ടൂറിസം രം​ഗത്തെയാകെ ബാധിക്കും; കരടുവിജ്ഞാപത്തിൽ മിണ്ടാതെ സർക്കാർ; മലയോര ജനത ആശങ്കയിൽ

Urakkuzhi Waterfalls Kakkayam

കക്കയം അണക്കെട്ടിന് സമീപമുള്ള ഉരക്കുഴി വെള്ളച്ചാട്ടം

avatar
സ്വന്തം ലേഖകൻ

Published on Sep 19, 2026, 11:36 AM | 1 min read

കോഴിക്കോട്‌: മലയോര ജനതയുടെ തലയ്ക്കുമുകളിൽ തൂങ്ങിയാടുന്ന വാളായി പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖല കരടുവിജ്ഞാപനം. അന്തിമ വിജ്ഞാപനത്തിന്‌ ആഴ്ചകൾ മാത്രം ശേഷിക്കുമ്പോൾ കോഴിക്കോട് ജില്ലയിലെയും കാർഷിക, ടൂറിസം മേഖലകളാകെ ആശങ്കയിലാണ്‌. ഇതിന്‌ പരിഹാരം കാണാൻ സർക്കാരിന്റെ ഭാഗത്തുനിന്ന്‌ കാര്യമായ ഇടപെടലുകൾ ഇല്ലാത്തത്‌ കർഷകരുടെയും ടൂറിസം മേഖലയെ ആശ്രയിച്ച്‌ ജീവിക്കുന്നവരുടെയും നെഞ്ചിടിപ്പേറ്റുകയാണ്‌.


ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി എൽഡിഎഫ്‌ സർക്കാർ നൽകിയ റിപ്പോർട്ട്‌ അംഗീകരിക്കാതെയാണ്‌ കേന്ദ്രം വീണ്ടും കരടുവിജ്ഞാപനം പുറത്തിറക്കിയത്‌. കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപാറ, ചെമ്പനോട, താമരശേരി താലൂക്കിലെ കട്ടിപ്പാറ, കെടവൂർ, കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുതുപ്പാടി, തിരുവമ്പാടി, വടകര താലൂക്കിലെ കാവിലുംപാറ, തിണൂർ വില്ലേജുകളാണ്‌ കോഴിക്കോട് ജില്ലയിലായി പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നത്‌.


ടൂറിസം കേന്ദ്രങ്ങളായ കക്കയം, കരിയാത്തുംപാറ, പെരുവണ്ണാമൂഴി, തുഷാരഗിരി, അമരാട്‌ തുടങ്ങിയ പ്രദേശങ്ങളെയെല്ലാം വിജ്ഞാപനം ബാധിക്കും. ചുരം നവീകരണം, ദേശീയപാത നവീകരണം തുടങ്ങിയ പദ്ധതികളെയും വിജ്ഞാപനം ദോഷകരമായി ബാധിക്കും.


ജൂലൈ 27നാണ്‌ കേന്ദ്രം പരിസ്ഥിതിലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട്‌ കരട്‌ വിജ്ഞാപനം പുറത്തിറക്കിയത്‌. 60 ദിവസം കഴിഞ്ഞാൽ അന്തിമ വിജ്ഞാപനമാകും. ഇ‍ൗ മാസം 25 വരെയാണ്‌ പരാതികൾ നൽകാനുള്ള അവസരമുള്ളത്‌.


കൃഷിയിടങ്ങളെയും തോട്ടങ്ങളെയും ജനവാസകേന്ദ്രങ്ങളെയും പൂർണമായി ഒഴിവാക്കി വനമേഖലകളെമാത്രം പട്ടികയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ നിലപാട്‌. ഇതിനായി കൃത്യമായ ഇടപെടലുകളും നടത്തി. കേരളം നൽകിയ റിപ്പോർട്ടുപോലും പരിഗണിക്കാതെയാണ്‌ കേന്ദ്രം പഴയ വിജ്ഞാപനം വീണ്ടുമിറക്കിയത്‌. പ്രതിപക്ഷത്താകുമ്പോൾ വലിയ സമരങ്ങൾ നടത്തിയ യുഡിഎഫ്‌ നേതൃത്വം ഇപ്പോൾ മിണ്ടുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home