ആക്കുളം– ചേറ്റുവ ജലപാത ഗതാഗതത്തിന് തുറന്നതോടെ കൊല്ലത്തിന്റെ തീരദേശവും വികസനക്കുതിപ്പിലാണ്
print edition പശ്‌ചിമതീര കനാൽ പദ്ധതി ; പൂർത്തിയാക്കിയത് 38.92 കിലോമീറ്റർ ജലപാത

ചിലക്കൂർ തുരങ്കത്തിൽ ബോട്ട് എത്തിയപ്പോൾ
കൊല്ലം
പശ്ചിമതീര കനാൽ പദ്ധതിയിൽ കൊല്ലം ജില്ലയിൽ പൂർത്തിയായത് 38.92 കിലോമീറ്റർ ജലപാത. 10 വർഷത്തിനിടെ ഇത്രയും ദൂരത്തെ നവീകരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിച്ചത് 19 കോടി രൂപ. ആക്കുളം–ചേറ്റുവ ജലപാത ഗതാഗതത്തിന് തുറന്നതോടെ കൊല്ലം തീരവും വികസനക്കുതിപ്പിലാണ്.
കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള ദേശീയ ജലപാത (എൻഡബ്ല്യു 3)യിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള 168കി.മീ പൂർണതോതിൽ ഗതാഗതയോഗ്യമാണ്. കോവളം മുതൽ കൊല്ലം വരെയുള്ള സംസ്ഥാന ജലപാത ക്ലാസ്3 സ്റ്റാൻഡേർഡിലേക്ക് (40 മീറ്റർ വീതി) വികസിപ്പിക്കാനുള്ള നടപടി പുരോഗമിക്കുന്നു.
നടയറക്കായല്‍ മുതൽ അഷ്‌ടമുടി മൗത്ത് വരെയുള്ള 19 കിലോമീറ്റർ സംസ്ഥാന ജലപാതയും അഷ്ടമുടി മൗത്ത് മുതൽ അഴീക്കൽ വരെയുള്ള 19.92 കിലോമീറ്റർ ദേശീയ ജലപാതയും ഉൾപ്പെട്ടതാണ് ജില്ലയിലെ പശ്ചിമതീര ജലപാത. ഉള്‍നാടന്‍ ജലഗതാഗത വകുപ്പിനാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല. പശ്ചിമതീര ജലപാതയുടെ ഭാഗമായ നടയറക്കായൽ (55.17 കിലോമീറ്റർ) മുതൽ അഷ്‌ടമുടിക്കായൽ വരെയുള്ള 19 കിലോമീറ്റർ ബന്ധിപ്പിക്കാൻ പ്രധാനമായും രണ്ട് തോടുകളുണ്ട്. നടയറക്കായലിനെയും പരവൂർ കായലിനെയും ബന്ധിപ്പിക്കുന്ന മണിയംകുളം തോടും പരവൂർ കായലിനെയും അഷ്‌ടമുടിക്കായലിനെയും ബന്ധിപ്പിക്കുന്ന കൊല്ലം തോടും. നഗരഹൃദയത്തിലൂടെ ഒഴുകുന്ന 7.8 കിലോമീറ്റർ നീളമുള്ള കൊല്ലം തോട് ഭരണപരമായ സൗകര്യത്തിനുവേണ്ടി ആറുഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇവയും ജലഗതാഗതയോഗ്യം.
മാലിന്യം നീക്കംചെയ്യൽ, ആഴംകൂട്ടൽ, കാടും മരങ്ങളും നീക്കി പാർശ്വഭിത്തി നിർമിച്ച് സംരക്ഷിക്കാനുള്ള പ്രവൃത്തികൾ എന്നിവ 2014ൽ ആരംഭിച്ചിരുന്നു. കൊല്ലം തോടിനെ ദേശീയ ജലപാതയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് സ്ഥലം ഏറ്റെടുപ്പും പുനരധിവാസവും ബാക്കിയുണ്ട്. ഇതില്‍ റീച്ച് ഒന്ന് ഒഴികെ ഭാഗങ്ങളിൽ പട്ടയം ഉള്ളതും ഇല്ലാത്തതുമായ എഴുപതിലേറെ വീടുകള്‍ നില്‍ക്കുന്നു. ഇവിടെ ജില്ലാ ഭരണകേന്ദ്രവും റവന്യു വകുപ്പും ഉള്‍നാടൻ ജലഗതാഗത വകുപ്പും ചേർന്ന് കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ നടപടി തുടങ്ങി.
കടമ്പ തുരന്ന്
ചരക്കുനീക്കത്തിനും ഗതാഗതത്തിനുമായി 1824ലാണ് തിരുവനന്തപുരം വള്ളക്കടവ് മുതല്‍ വര്‍ക്കല കുന്ന് വരെ പാര്‍വതി പുത്തനാര്‍ ജലപാത നിർമിച്ചത്. തിരുവിതാംകൂറിലെ അന്നത്തെ റീജന്റ് ആയിരുന്ന ഗൗരി പാര്‍വതിബായിയുടെ പേര് ചേർത്താണ് ജലപാതയെ പാര്‍വതി പുത്തനാറെന്ന് വിളിച്ചത്.
പ്രധാന കായലുകളിൽ ഇടയ്‌ക്കിടെ തോടുകള്‍ വെട്ടിയായിരുന്നു നിർമാണം. വേളി, കഠിനംകുളം കായലുകളെ ബന്ധിപ്പിച്ചായിരുന്നു ജലപാത നിര്‍മാണം ആരംഭിച്ചത്. എന്നാൽ, തുടര്‍നിര്‍മാണത്തില്‍ വര്‍ക്കല കുന്ന് വലിയ കടമ്പയായി. തിരുവനന്തപുരത്തുനിന്ന് വള്ളങ്ങളിൽ വന്നവർ വര്‍ക്കല കുന്നിനുശേഷം കാല്‍നടയായാണ് ആലപ്പുഴയിലേക്കും മറ്റും പോയത്.
ഇത് പരിഹരിക്കാൻ 1876ല്‍ ഇന്നത്തെ ശിവഗിരിയിലും ചിലക്കൂരിലും രണ്ട് തുരങ്കം നിര്‍മിച്ചു. ഇതാണ് വര്‍ക്കല തുരപ്പ്. 15,000 കിലോമീറ്റളോളം ഗതാഗതയോഗ്യമായ ഉള്‍നാടന്‍ ജലപാതകളുള്ള രാജ്യത്ത്, തുരങ്കമുള്ള ഏക ജലപാതയാണിത്. 722 മീറ്ററാണ് ശിവഗിരി തുരങ്കത്തിന്റെ നീളം. ചിലക്കൂര്‍ തുരങ്കം 340 മീറ്ററും. 1960വരെ തുരങ്കം ഉപയോഗിച്ചിരുന്നു. പിന്നീട് വെള്ളവും ചെളിയും നിറഞ്ഞ് ഉപയോഗശൂന്യമായി.
ചിലക്കൂര്‍ തുരങ്കത്തില്‍ ദൃശ്യവിരുന്ന്
വിനോദസഞ്ചാരികള്‍ക്ക് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ വിരുന്നൊരുക്കുന്ന രാജ്യത്തെ ആദ്യതുരങ്കപാതയായി വർക്കലയിലെ ചിലക്കൂര്‍. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും സന്ദേശവും അവതരിപ്പിക്കുന്നതിനൊപ്പം കേരള ചരിത്രം, ടൂറിസം കേന്ദ്രങ്ങള്‍, സാംസ്‌കാരിക പൈതൃകം തുടങ്ങിയവ പ്രതിപാദിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയാണ് 340 മീറ്ററുള്ള തുരങ്കത്തിൽ കാണാനാകുക. സിയാൽ പുറത്തിറക്കിയ വൈദ്യുതബോട്ടിൽനിന്ന് പ്രൊജക്‌ടർ ഉപയോഗിച്ച് വീഡിയോ മാപ്പിങ് സാങ്കേതികവിദ്യയിലൂടെയാണ് തുരങ്കത്തിന്റെ ചുവരുകളിൽ ദൃശ്യങ്ങൾ കാണുക. ഗുരുവിന്റെ ജീവിതം പറയുന്ന ആറ് മിനിറ്റുള്ള ദൃശ്യാവിഷ്‌കാരമാണ് പ്രധാന ആകര്‍ഷണം. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് ശ്രീനാരായണ ഗുരുവിന്റെ ഫ്രെയിമുകൾ തയ്യാറാക്കിയത്. 20 പേർക്ക് സഞ്ചരിക്കാവുന്നതാണ് ബോട്ട്. 4.5 കോടി രൂപ ചെലവിലാണ് പദ്ധതി.
32 കിലോമീറ്റർ കനാൽ വെട്ടും
പശ്ചിമതീര കനാൽ പദ്ധതിക്കായി 32 കിലോമീറ്റർ ദൂരത്തിൽ പുതിയ കനാലുണ്ടാകും. മാഹി–വളപട്ടണം റീച്ചിൽ 26 കിലോമീറ്ററും നീലേശ്വരം മുതൽ ചിത്താരി പുഴവരെ 6 കിലോമീറ്ററുമാണ് നിർമിക്കുക. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 24 മീറ്റർ വീതിയും 2.2 മീറ്റർ ജലനിരപ്പുമാണ് കനാലിന് ഉണ്ടാകുക. കോവളം–ബേക്കൽ പാതയുടെ മൊത്തം നീളം 616 കിലോമീറ്ററാണ്. നദികള്‍, കായലുകള്‍, കനാലുകള്‍ എന്നിവയെ ബന്ധിപ്പിച്ചാണ് ജലപാത യാഥാർഥ്യമാക്കുന്നത്. തൃശൂർ കോട്ടപ്പുറം മുതൽ കോഴിക്കോടുവരെ ദേശീയജലപാതയുടെ ഭാഗമാണെങ്കിലും നവീകരണത്തിനായി സമർപ്പിച്ച പദ്ധതിക്ക് കേന്ദ്രസർക്കാർ ഇതുവരെ തുക അനുവദിച്ചിട്ടില്ല.
സംസ്ഥാന സര്‍ക്കാരും കൊച്ചിന്‍ ഇന്റർനാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (സിയാല്‍) ചേര്‍ന്ന് 2018ല്‍ രൂപീകരിച്ച സംയുക്ത സംരംഭമായ കേരള വാട്ടര്‍വേയ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (ക്വിൽ) ആണ് പദ്ധതി നടപ്പാക്കുന്നത്. തെക്കന്‍ കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗതത്തിന്റെ സുപ്രധാന കണ്ണിയായ ചിലക്കൂര്‍ തുരങ്കത്തിന്റെ നവീകരണവും വിനോദസഞ്ചാരം ലക്ഷ്യമിട്ടുള്ള സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളും സിയാല്‍ ഏറ്റെടുത്ത് നടപ്പാക്കും. ഇതുവഴി കൂടുതൽ സഞ്ചാരികളെ ആകര്‍ഷിക്കാനാകും.










0 comments