print edition ജലപാതയിലും കേരളം കുതിക്കും ; ആദ്യഘട്ടം നാടിന് സമർപ്പിച്ചു

പശ്ചിമതീര ജലപാത പദ്ധതിയുടെ ഒന്നാംഘട്ടമായ ആക്കുളം -ചേറ്റുവ റീച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ചിലക്കൂർ ടണലിൽ ഒരുക്കിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ കാണുന്നതിനായി ബോട്ടിൽ പുറപ്പെട്ടപ്പോൾ
വർക്കല
ഒരു സ്വപ്‌നപദ്ധതികൂടി യാഥാർഥ്യമാക്കി എൽഡിഎഫ് സർക്കാർ. പശ്ചിമതീര ജലപാത വികസന പദ്ധതിയുടെ ആദ്യഘട്ടമായ ആക്കുളം–ചേറ്റുവ റീച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള പാതയ്‌ക്ക് നീളം 280 കിലോമീറ്റർ. ഇത് ജലയാത്രയ്‌ക്കും ചരക്കുനീക്കത്തിനും ഒരുപോലെ പ്രയോജനപ്പെടും. വിനോദസഞ്ചാര സാധ്യതകളും വളരെയേറെ. ചേറ്റുവ–കോഴിക്കോട്, കോഴിക്കോട്–വടകര, വടകര–മാഹി, മാഹി–വളപട്ടണം, വളപട്ടണം–നീലേശ്വരം, നീലേശ്വരം–ബേക്കൽ റീച്ചുകൾ ഘട്ടം ഘട്ടമായി പൂർത്തീകരിക്കും. 2018–2025 കാലയളവിൽ 600 കോടിയോളം രൂപ ചെലവഴിച്ചു. പദ്ധതിയുടെ ഭാഗമായി 579 കുടുംബങ്ങൾക്ക് 150 കോടി രൂപ ചെലവിട്ട് സുരക്ഷിത പുനരധിവാസം ഉറപ്പാക്കി.
കനാൽ തീരസൗന്ദര്യവൽക്കരണം, പുനരധിവാസ പദ്ധതികൾ, ബോട്ട് ജെട്ടികളുടെ നിർമാണം എന്നിവ പുരോഗമിക്കുകയാണ്.
കേരള വാട്ടർവേയ്‌സ് ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചേഴ്സ് ലിമിറ്റഡ്(ക്വിൽ), കേരള ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള ഇൻലാൻഡ് നാവിഗേഷൻ ഡിവിഷൻ, കിഫ്‌ബി, സിയാൽ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ചിലക്കൂർ ബീച്ച് പാർക്കിൽ നടന്ന ചടങ്ങിൽ ചിലക്കൂർ ടണൽ വിനോദസഞ്ചാര പദ്ധതിയും ജലപാതയുടെ ഭാഗമായ കോഴിക്കോട് മൂഴിക്കൽ ലോക്ക് കം ബ്രിഡ്‌ജും കഠിനംകുളം സെന്റ് ആൻഡ്രൂ പാലവും വടകര–മാഹി കനാലിന്റെ പൂർത്തീകരിച്ച 14 കിലോമീറ്റർ ഭാഗവും കോഴിക്കോട് കോട്ടപ്പള്ളി പാലത്തിന്റെ നിർമാണവും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങിൽ വി ജോയി എംഎൽഎ അധ്യക്ഷനായി. മന്ത്രി കെ കൃഷ്‌ണൻകുട്ടി മുഖ്യാതിഥിയായി. ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ചടങ്ങിൽ പങ്കെടുത്തു.










0 comments