കാലാവസ്ഥ ചതിച്ചു, പ്രതീക്ഷയറ്റ് മത്സ്യത്തൊഴിലാളികൾ: സഹായം നൽകാതെ യുഡിഎഫ് സർക്കാർ

photo: എ ആർ അരുൺരാജ്
കൊല്ലം : കാലാവസ്ഥ ചതിച്ചതോടെ ട്രോളിങ് നിരോധനം അവസാനിച്ചതിനു പിന്നാലെ കടലിലേക്ക് പോയ മത്സ്യത്തൊഴിലാളികളെല്ലാം മടങ്ങി. ട്രോളിങ് നിരോധനം അവസാനിച്ച ശേഷം വെള്ളി അർധരാത്രിയോടെ വിവിധ തുറമുഖങ്ങളിൽനിന്ന് ആവേശത്തോടെ പോയ തൊഴിലാളികളാണ് പാതിവഴിയിൽ മടങ്ങിയത്. കൊല്ലം ജില്ലയിൽ ശക്തമായ മഴയും കാറ്റും ഉണ്ടായതോടെ നൂറുകണക്കിനു ബോട്ടുകളിലെയും വള്ളങ്ങളിലെയും തൊഴിലാളികൾ തങ്കശേരി തുറമുഖത്താണ് കയറിയത്. ഇതോടെ ആളും ആരവവും ഒഴിഞ്ഞ് നീണ്ടകര, ശക്തികുളങ്ങര തുറമുഖങ്ങൾ മൂകമായി. വ്യാപാരികളോ ലേലക്കാരോ ആരും തന്നെ തുറമുഖത്ത് എത്തിയിരുന്നില്ല.
ട്രോളിങ് നിരോധനം കാരണം 52ദിവസമായി ജോലിയില്ലാതെ വീട്ടിലിരുന്ന തൊഴിലാളികൾ ഏറെ പ്രതീക്ഷയോടെയാണ് നിരോധനം നീങ്ങിയ ദിവസം കടലിലിറങ്ങിയത്. ആഭരണങ്ങൾ പണയപ്പെടുത്തിയും സഹകരണ സംഘങ്ങളിൽനിന്ന് വായ്പയെടുത്തുമാണ് പലരും വള്ളവും ബോട്ടുമടക്കം അറ്റകുറ്റപ്പണി നടത്തിയത്. എന്നാൽ, മഴയും കാറ്റും ശക്തമായി തുടരുന്നതിനാൽ കടലിൽ പോകരുതെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് വന്നവന്നതോടെ ബോട്ടുമായി കരയിലേക്കു മടങ്ങുകയായിരുന്നു. ഇതോടെ മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലകളിൽ പണിയെടുക്കുന്നവരും പ്രതിസന്ധിയിലായി.
കാലാവസ്ഥാ വ്യതിയാനവും ട്രോളിങ് നിരോധനവും സൃഷ്ടിക്കുന്ന പ്രതിസന്ധിയെ അതിജീവിക്കാൻ റേഷനും പഞ്ഞമാസ ആശ്വാസ തുകയും ഉൾപ്പെടെയുള്ള ഒരു സഹായവും നൽകാൻ സർക്കാർ തയ്യാറാകാഞ്ഞതും തൊഴിലാളികൾക്ക് ഇരുട്ടടിയായി.










0 comments