print edition മതരാഷ്ട്രവാദത്തോട് ഒരുതരത്തിലും യോജിക്കാനാകില്ല: കാന്തപുരം

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക ആഘോഷങ്ങളുടെ വിളംബര സമ്മേളന പ്രഖ്യാപനം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കുന്നു
കോട്ടക്കൽ: മതരാഷ്ട്രവാദത്തോട് ഒരുതരത്തിലും യോജിക്കാനാവില്ലെന്നും രാഷ്ട്രീയലാഭത്തിനായി തീവ്രചിന്താഗതിക്കാരുമായി കൂട്ടുകൂടുന്നത് ജനാധിപത്യ സങ്കൽപ്പങ്ങൾക്ക് ആഘാതമേൽപ്പിക്കുമെന്നും സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ. മലപ്പുറം കോട്ടക്കലിലെ ബഹ്‌റുൽ ഉലൂം നഗറിൽ നടന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 100ാം വാർഷിക സമ്മേളന വിളംബര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുസ്വരതയെ സംരക്ഷിക്കുന്ന നിലപാടുകളാണ് രാഷ്ട്രീയ പാർടികളിൽനിന്നുണ്ടാവേണ്ടത്. രാഷ്ട്രീയ പ്രവർത്തനം ജനാധിപത്യത്തിനും ജനക്ഷേമത്തിനും വേണ്ടിയുള്ളതാകണം. തെരഞ്ഞെടുപ്പുകളിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും പകരം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കും വികസനത്തിനുമായിരിക്കണം മുൻഗണന നൽകേണ്ടത്. സുന്നി ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഐക്യശ്രമങ്ങളുമായി മുന്നോട്ടുപോവണം. കാന്തപുരം പറഞ്ഞു.
2027 ജനുവരി 28മുതൽ 31വരെ മലപ്പുറത്ത് 100ാം വാർഷിക സമ്മേളനം നടക്കുമെന്നും കാന്തപുരം പറഞ്ഞു. അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ വിളംബര സമ്മേളനം ആരംഭിച്ചു. സമസ്ത വൈസ് പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനംചെയ്തു. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ല്യാർ അധ്യക്ഷനായി. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൾ ഖാദർ മുസ്ല്യാർ, ഇബ്രാഹീം ഖലീലുൽ ബുഖാരി തങ്ങൾ, പേരോട് അബ്ദുറഹ്മാൻ, സി മുഹമ്മദ് ഫൈസി, വണ്ടൂർ അബ്ദുൾ റഹ്മാൻ ഫൈസി, ഡോ. മുഹമ്മദ് അബ്ദുൾ ഹക്കീം അസ്ഹരി, അബ്ദുള്ള അഹ്‌സനി ചെങ്ങാനി, സുലൈമാൻ മാളിയേക്കൽ, അബ്ദുൾ ജലീൽ ചെറുശോല, അലവി കൊളത്തൂർ എന്നിവർ സംസാരിച്ചു.










0 comments