എപ്പോൾ വേണമെങ്കിലും തീരുവ ഉയർത്താൻ സാധിക്കും; മോദിയോട് ട്രംപ്

ന്യൂയോർക്ക്: ഏത് അവസരത്തിലും ഇന്ത്യയ്ക്കു മേലുള്ള തീരുവ കുത്തനെ ഉയർത്താൻ സാധിക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ താൻ സന്തുഷ്ടനല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അറിയാമെന്നും തീരുവ "വളരെ വേഗത്തിൽ" ഉയർത്താൻ തനിക്ക് കഴിയുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ഫ്ലോറിഡയിൽ നിന്ന് വാഷിംഗ്ടൺ ഡിസിയിലേക്കുള്ള യാത്രാമധ്യേ എയർഫോഴ്‌സ് വണ്ണിൽ ഞായറാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പരാമർശങ്ങൾ.
ട്രംപ് ഇന്ത്യയ്ക്ക് മേൽ ചുമത്തിയ തീരുവകളാണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ഗണ്യമായി കുറയ്ക്കുന്നതിന് പ്രധാന കാരണം എന്ന് യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം പറഞ്ഞതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പരാമർശം. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 500 ശതമാനം ലെവി ചുമത്തുന്ന തന്റെ താരിഫ് ബില്ലിനെക്കുറിച്ചും ഗ്രഹാം സംസാരിച്ചു. ആഗസ്‌ത് മുതലാണ് ട്രംപിന്റെ 50 ശതമാനം പ്രതികാര തീരുവ നിലവിൽ വന്നത്. റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ട്രംപിന്റെ തീരുവ ചുമത്തൽ. തന്റെ തീരുവ ഭീഷണിയെ തുടർന്നാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് തയ്യാറായതെന്നും ട്രംപ് മുമ്പ് ആവർത്തിച്ചിരുന്നു.










0 comments