ad
Deshabhimani

വയനാട് ടൗൺഷിപ്പിൽ വീടുകൾക്ക് അറ്റകുറ്റപ്പണികൾക്ക് അഞ്ച് വർഷത്തെ ഗ്യാരണ്ടി: വ്യാജപ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജൻ

K RAJAN.jpg
വെബ് ഡെസ്ക്

Published on Apr 18, 2026, 12:54 PM | 1 min read

വയനാട്: വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളിൽ വിള്ളൽ കണ്ടെത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. വിള്ളലേറ്റെന്ന് പരാതി ഉയർന്ന വീടുകൾ നേരിട്ട് സന്ദർശിച്ച് പരിശോധിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


വീടുകളുടെ വാട്ടർ പ്രൂഫിങ്ങ് നടപടികൾ പൂർത്തിയായിട്ടില്ലെന്നും, വെള്ളം കിനിഞ്ഞ ഭാഗത്ത് പെൻസിൽ കൊണ്ട് വരച്ചതിനെയാണ് വിള്ളലായി ചിത്രീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. പൂർണ്ണമായും ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷം മാത്രമേ ദുരന്തബാധിതർക്ക് വീടുകൾ കൈമാറൂ.


വീടുകളുടെ നിർമ്മാണത്തിൽ സർക്കാർ പുലർത്തുന്ന ജാഗ്രതയെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. വീടുകൾ കൈമാറിക്കഴിഞ്ഞാലും അടുത്ത അഞ്ച് വർഷത്തേക്ക് ഉണ്ടാകുന്ന എന്ത് കേടുപാടുകളും പരിഹരിക്കാനുള്ള ചുമതല നിർമ്മാണ കരാറെടുത്ത ഊരാളുങ്കൽ സൊസൈറ്റിക്കായിരിക്കും.


അറ്റകുറ്റപ്പണികൾക്കായി കമ്പനിക്ക് നൽകാനുള്ള തുകയിൽ ഒരു നിശ്ചിത ശതമാനം സർക്കാർ പിടിച്ചുവെക്കും. അഞ്ച് വർഷത്തിന് ശേഷം പരാതികളൊന്നുമില്ലെന്ന് ഉറപ്പാക്കിയാൽ മാത്രമേ ഈ തുക കൈമാറൂ. ഗുണഭോക്താക്കൾ കൂടി കണ്ട് തൃപ്തി രേഖപ്പെടുത്തിയ ശേഷം മാത്രമേ താക്കോൽ കൈമാറ്റം നടക്കൂ.


ഏപ്രിൽ 15-ന് വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും നിർമ്മാണ തൊഴിലാളികൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോയത് ജോലികളെ ബാധിച്ചതായി മന്ത്രി പറഞ്ഞു. എന്നാൽ നിലവിൽ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.


102 വീടുകളുടെ നിർമ്മാണം ഉടൻ പൂർത്തിയാകും. മെയ് ആദ്യവാരത്തോടെ 178 വീടുകളും കൈമാറാൻ സാധിക്കുമെന്ന് ഊരാളുങ്കലും കിഫ്കോണും ഉറപ്പ് നൽകിയിട്ടുണ്ട്. ടൗൺഷിപ്പിലേക്കുള്ള റോഡിന്റെ നിർമ്മാണം പത്ത് ദിവസത്തിനകം പൂർത്തിയാകും. ഓരോ വീട്ടിലേക്കും ഫർണിച്ചർ വാങ്ങുന്നതിനായി ഒരു ലക്ഷം രൂപ വരെ സർക്കാർ അനുവദിക്കും.


ദുരന്തബാധിതർക്ക് 20 മാസമായി മുടങ്ങാതെ വാടകയും ദിനബത്തയും കൂപ്പണും സർക്കാർ നൽകുന്നുണ്ട്. ഇത് ജനങ്ങളുടെ അവകാശമാണെന്നും ഇത്രയും കാലം മുറതെറ്റാതെ ആനുകൂല്യങ്ങൾ നൽകുന്നത് രാജ്യത്ത് തന്നെ ആദ്യത്തെ അനുഭവമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home