ad
Deshabhimani

വയനാട് പുനരധിവാസം

ഉയരുന്നത് വീടുകൾ മാത്രമല്ല, ഒരായിരം പ്രതീക്ഷകൾ കൂടി

Wayanad Rehabilitation
വെബ് ഡെസ്ക്

Published on Mar 01, 2026, 09:10 AM | 2 min read

2024 ജൂലൈ 30. കേരളമൊന്നാകെ വിറങ്ങലിച്ച ദിനം. കുത്തിയൊലിച്ചെത്തിയ ഉരുളിൽ തകർന്നത് ഒരായിരം മനുഷ്യരുടെ സ്വപ്നങ്ങളും സന്തോഷങ്ങളുമായിരുന്നു. ദുരന്തം നടന്ന് 579ാം ദിനം സർക്കാർ ഒലിച്ചുപോയ സ്വപ്നങ്ങൾക്ക് പുതുജീവൻ നൽകുകയാണ്. 2024 ജൂലൈ 30നാണ് വയനാട്- മലപ്പുറം അതിർത്തി പ്രദേശമായ മുണ്ടക്കൈ- ചൂരൽമല പുഞ്ചിരിമട്ടം പ്രദേശങ്ങളിൽ അർധരാത്രി പന്ത്രണ്ടരയോടെ ഉരുൾപൊട്ടിയത്. പിന്നാലെ പുലർച്ചെ 4.30ഓടെ വീണ്ടും ഉരുൾപൊട്ടി. വീടുകളും കടകളും സ്കൂളുകളുമടക്കം മുണ്ടക്കൈ- ചൂരൽമല ടൗൺ ഒന്നാകെ മണ്ണിനടിയിലായി.


നൂറുകണക്കിന് മനുഷ്യർ ജീവിച്ചിരുന്ന സ്ഥലമാണെന്ന് പറയാൻ സാധിക്കാത്ത രീതിയിൽ മുണ്ടക്കൈയെ മണ്ണ് മൂടി. ജീവന്റെ ഒരു തുടിപ്പുപോലും അവശേഷിക്കുന്നുണ്ടെന്ന് പറയാൻ സാധിക്കാത്ത അവസ്ഥ. മുണ്ടക്കൈയെ ഉരുൾ തകർത്തെന്ന് പുറംലോകമറിഞ്ഞത് ചൂരൽമല ടൗണിലേക്ക് മലവെള്ളവും പാറകളും അവശിഷിടങ്ങളും ഒലിച്ചെത്തിയപ്പോഴാണ്. രക്ഷാപ്രവർത്തനം ഉടനടി പുരോ​ഗമിക്കുന്നതിനിടെയാണ് ചൂരൽമലയിലേക്കും ​​ദുരന്തമെത്തിയത്.


സർക്കാർ സംവിധാനങ്ങളും ജനങ്ങളും സന്നദ്ധ സംഘടനകളും സൈന്യവും ദ്രുത​ഗതിയിൽ രക്ഷാദൗത്യം ആരംഭിച്ചു. പാലം തകർന്നതിനാൽ ഇരുകരകളിലായി കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ സൈന്യത്തിന്റെ ഹെലികോപ്റ്ററെത്തി. എൻഡിആർഎഫ് സംഘം വടം കെട്ടി അക്കരെയെത്തി കയറുകളിൽ ജനങ്ങളെ ഇക്കരെയെത്തിച്ചു. ദുരന്തദിനം വൈകിട്ടോടെ സൈന്യം താൽക്കാലിക പാലം നിർമിച്ചു.


298 പേർ മരിച്ചതായാണ് കണക്ക്. കാണാതായവർ നിരവധി. ദിവസങ്ങളുടെ തിരച്ചിലിലാണ് പലരുടെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കുത്തിയൊലിച്ച മൃതദേഹങ്ങളിൽ പലതും സമീപജില്ലകളിൽ നിന്നാണ് കണ്ടെത്തിയത്. മണ്ണിനടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താൻ സ്നിഫർ ഡോ​ഗുകളെയെത്തിച്ച് പരിശോധന ആരംഭിച്ചു.


കരളലിയിക്കുന്ന കാഴ്ചകളായിരുന്നു ദുരന്തമുഖത്തും ദുരിതാശ്വാസ ക്യാമ്പുകളിലും. മക്കളെ തിരയുന്ന അച്ഛനമ്മമാരും ഒറ്റപ്പെട്ടുപോയ കുട്ടികളും എന്താണ് സംഭവിച്ചതെന്നുപോലും മനസിലാക്കാൻ സാധിക്കാത്ത പിഞ്ചുകുഞ്ഞുങ്ങളുമെല്ലാം ക്യാമ്പുകളിൽ നിറഞ്ഞു. മണ്ണിനടിയിൽ മനുഷ്യരെ തിരയുന്ന രക്ഷാപ്രവർത്തകർക്കൊപ്പം തങ്ങളുടെ പ്രിയപ്പെട്ടവരെ തിരഞ്ഞ് പ്രദേശവാസികളും കൂടി. തങ്ങളുടെ ഉടമകളെ തിരഞ്ഞ് പ്രിയപ്പെട്ട വളർത്തുമൃ​ഗങ്ങൾ ദുരന്തസ്ഥലത്ത് നടക്കുന്നത് ഹൃദയം പിളർക്കുന്ന കാഴ്ചയായിരുന്നു.


മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി. ദുരന്തബാധിതരുടെ പുനരധിവാസമായിരുന്നു മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി. വീടും കുടുംബവും ഉറ്റവരെയും സ്വപ്നങ്ങളെയും നഷ്ടപ്പെട്ട നിരവധിയാളുകളാണ് സർക്കാരിനുമുന്നിലുണ്ടായിരുന്നത്. ഒട്ടും വൈകാതെ തന്നെ സർക്കാർ നടപടിക്രമങ്ങളാരംഭിച്ചു. എല്ലാവർക്കും താമസവും ജീവിതവും ഉറപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. പിന്നീട് അതിനുള്ള നടപടികളായിരുന്നു.


ദുരന്തമുണ്ടായി ഏഴു മാസങ്ങൾക്കു ശേഷം മാർച്ച് 27ന് കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. നിയമതടസങ്ങൾ മറികടന്നാണ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ വീടൊരുങ്ങാൻ തുടങ്ങിയത്. 2025 ഏപ്രിലിൽ മാതൃകാ വീടിന്റെ നിർമാണം ആരംഭിച്ചു. ടൗൺഷിപ്പിൽ വീട് വേണ്ടാത്തവർക്ക് 2025 ജൂണിൽ തുക ലഭ്യമാക്കി. ഡിസംബറോടെ നൂറു വീടുകളുടെ വാർപ്പ് പൂർത്തിയായി. ജനുവരി ആ​ദ്യം തന്നെ 237 വീടുകളുടെ വാർപ്പ് പൂർത്തിയാക്കി.


ആദ്യവീടിന്റെ നിർമാണം ആരംഭിച്ച് 320ാം ദിനമാണ് സ്വപ്നം പൂർത്തിയാകുന്നത്. 410 വീടുകളുള്ള ടൗൺഷിപ്പിലെ 178 വീടുകളാണ് ആദ്യഘട്ടത്തിൽ കൈമാറുന്നത്. 105 ദിവസംകൊണ്ടാണ്‌ മാതൃകാവീട്‌ പൂർത്തിയാക്കിയത്‌. കാലാവസ്ഥയടക്കം അവ​ഗണിച്ച് രണ്ടായിരത്തി അഞ്ഞൂറോളം തൊഴിലാളികൾ രാപകലില്ലാതെ പണിയെടുത്തതോടെയാണ് ദ്രുതവേ​ഗത്തിൽ വീടൊരുങ്ങിയത്. മാർച്ച് ഒന്നിന് മുഖ്യമന്ത്രി ജനങ്ങൾക്ക് വീടുകളുടെ താക്കോൽ കൈമാറുന്നതോടെ ജീവനുദിക്കുന്നത് കുറച്ചുവീടുകൾക്കു മാത്രമല്ല ഒരായിരം പ്രതീക്ഷകൾക്കുകൂടിയാണ്. ഒരു ​ഗ്രാമമൊന്നാകെ പുനർജനിക്കുന്ന അതിജീവനത്തിന്റെ മഹത്തായ മാതൃകയാണ് മുണ്ടക്കൈയ്യിൽ വിരിയുന്നത്.


ഓരോ കുടുംബങ്ങൾക്കും ഏഴ്‌ സെന്റിൽ ആയിരം ചതുരശ്രയടി വീടാണ്‌ നിർമിച്ചുനൽകുന്നത്‌. രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും. ഭാവിവിൽ രണ്ടു നിലയാക്കാൻ കഴിയുന്ന നിലയിൽ പ്രകൃതിദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള അടിത്തറയാണ്‌ ഒരുക്കുക. മുകൾ നിലയിലേക്ക്‌ പടികളുമുണ്ടാകും. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടി പർപ്പസ്‌ ഹാൾ, ലൈബ്രറി എന്നിവയും ടൗൺഷിപ്പിലുണ്ടാകും. ആറുമാസംകൊണ്ട്‌ പ്രവൃത്തി പൂർത്തിയാക്കും. ടൗൺഷിപ്പിലേക്ക്‌ വരാത്ത കുടുംബങ്ങൾക്ക്‌ 15 ലക്ഷം രൂപവീതം നൽകും. ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയെയും കേരളം മറികടക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home