മുട്ടിക്കൊമ്പൻ ദൗത്യം വിജയം
ആദ്യം വട്ടം കറക്കി, പിന്നെ മുട്ടുമടക്കി

എഐ എൻഹാൻസ്ഡ് ചിത്രം
ബത്തേരി: വയനാട്ടിലെ വടക്കനാട് – വള്ളുവാടി മേഖലകളിൽ ആഴ്ചകളോളം ഭീതി പടർത്തുകയും കർഷകന്റെ ജീവനെടുക്കുകയും ചെയ്ത ‘മുട്ടിക്കൊമ്പൻ’ എന്ന കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വെച്ചു പിടികൂടി. 13 ദിവസം നീണ്ടുനിന്ന അതിശക്തമായ തിരച്ചിലിനൊടുവിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ആനയെ ദൗത്യസംഘം പിടികൂടിയത്. താത്തൂർ സെക്‌ഷനിലെ ഓനച്ചൻ കവലയിൽ വെച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ മയക്കുവെടി വെച്ചത്.
മുട്ടിക്കൊമ്പനെ പിടികൂടാൻ കഴിഞ്ഞ രണ്ടാഴ്ചയായി വൻ സന്നാഹമാണ് മേഖലയിൽ ക്യാമ്പ് ചെയ്തിരുന്നത്. പലതവണ ആനയെ കണ്ടെത്തിയെങ്കിലും ദൗത്യസംഘത്തെ വെട്ടിച്ച് കാടിനുള്ളിലേക്ക് മറയുന്നത് പതിവായിരുന്നു. ഇടയ്ക്ക് വനപാലകർക്ക് നേരെ ആന പാഞ്ഞടുത്തതും ദൗത്യം തടസപ്പെടുത്തി. ഒടുവിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വനത്തിന്റെ അതിർത്തിയിൽ ആനയെ കണ്ടെത്തുകയും കൃത്യമായ നീക്കത്തിലൂടെ മയക്കുവെടി വെക്കുകയുമായിരുന്നു.
വനം വകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ, ബയോളജിസ്റ്റ് വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള 80 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്. വിക്രം, സൂര്യ, പ്രമുഖ, ഉണ്ണികൃഷ്ണൻ, കോന്നി സുരേന്ദ്രൻ എന്നീ അഞ്ച് കുങ്കിയാനകളെയാണ് ദൗത്യത്തിനായി വിന്യസിച്ചിരുന്നത്. പിടികൂടിയ ആനയെ ലോറിയിൽ കയറ്റി മുത്തങ്ങ ആനപ്പന്തിയിലെത്തിക്കും.
മാർച്ച് നാലിന് വടക്കനാട് സ്വദേശിയായ കർഷകൻ രജീവ് (37) ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആനയെ പിടികൂടാൻ ഉത്തരവിടുകയായിരുന്നു.










0 comments