ad
Deshabhimani

ഉരുളെടുത്ത ജീവിതങ്ങളും വിറങ്ങലിച്ചുപോയ രണ്ട് വർഷവും; ഹൃദയഭൂമിയിൽ ഒത്തുകൂടി പ്രിയപ്പെട്ടവർ

Photo: എം എ ശിവപ്രസാദ്

ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ വെള്ളാർമല സ്കൂളിലെ വിദ്യാർഥികളുടെ ഓർമകളിൽ പൂക്കളർപ്പിച്ച് അധ്യാപകർ | ചിത്രം : എം എ ശിവപ്രസാദ്

വെബ് ഡെസ്ക്

Published on Jul 30, 2026, 10:25 AM | 1 min read

കൽപറ്റ: 2024 ജൂലൈ 29ന് ഉറങ്ങാൻ കിടന്നപ്പോൾ അവർ ഓർത്തിട്ടുണ്ടാകില്ല, മണിക്കൂറുകൾക്കകം തങ്ങളുടെ ജീവതം മുഴുവൻ കീഴ്മേൽ മറിയപ്പെടാൻ പോവുകയാണെന്ന്. സുഖമായ ഉറക്കത്തിനിടയിലെ ഒരു ദുഃസ്വപ്നം പോലെയാണ് ജൂലെെ 30ന് പലരും ആ ഒച്ച കേട്ടത്. ഉറക്കം നഷ്ടമായതിന്റെ ആലസ്യത്തിൽ തിരിഞ്ഞുകിടന്ന് ഉറങ്ങാനൊരുങ്ങിയ അവരിൽ പലരും ഇന്ന് ജീവനോടെയില്ല. പലരുടെയും ഉറക്കവും സന്തോഷവും മണ്ണിലലിഞ്ഞുചേർന്നു.


രാത്രിയിൽ കൂടെക്കിടന്നവരിൽ പലരും വെള്ളത്തിൽ ഒലിച്ചുപോയി. മക്കളും ഭാര്യയും അച്ഛനമ്മമാരും അനിയനും അനിയത്തിയുമെല്ലാം ഒരു കാണാമറയത്തേക്ക് എന്നപോലെ കൺമുന്നിൽ നിന്നും നഷ്ടമായി. ഒരിക്കലും തിരികെപ്പിടിക്കാനാകാത്ത നഷ്ടങ്ങളായിരുന്നു അവ. ഉരുൾപൊട്ടലിന്റെ ശക്തിയിൽ ഒഴുക്കിൽപ്പെട്ട മനുഷ്യശരീരങ്ങളും അവശിഷ്ടങ്ങളും കിലോമീറ്ററുകൾ ഒഴുകിനടന്ന കാഴ്ച ഭീതിജനകമായിരുന്നു.


കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദാരുണവും ഭീതിജനകവുമായ പ്രകൃതിദുരന്തങ്ങളിൽ ഒന്നായിരുന്നു മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം. പശ്ചിമഘട്ട മലനിരകളിൽ പെയ്ത അതിശക്തമായ മഴയെത്തുടർന്നുണ്ടായ ഈ ദുരന്തം ഒരു വലിയ ജനവിഭാഗത്തെ മാത്രമല്ല അവരുടെ ജീവിതത്തേയും സ്വപ്നങ്ങളേയും കൂടിയാണ് ഇല്ലാതാക്കിയത്. 2024 ജൂലൈ 30-ന് പുലർച്ചെ 1:15 ഓടെയാണ് ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത്. പിന്നീട് പുലർച്ചെ 4:00 മണിയോടെ രണ്ടാമതും ശക്തമായ ഉരുൾപൊട്ടലുണ്ടായി.


വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽപ്പെട്ട മുണ്ടക്കൈ, ചൂരൽമല, അട്ടമല തുടങ്ങിയ ഗ്രാമങ്ങൾ പൂർണ്ണമായോ ഭാഗികമായോ തുടച്ചുനീക്കപ്പെട്ടു. നാനൂറിലധികം ആളുകൾ മരണപ്പെടുകയും നൂറിലധികം ആളുകളെ കാണാതാവുകയും ചെയ്തു എന്നാണ് കണക്കുകൾ. നൂറുകണക്കിന് വീടുകൾ, ചൂരൽമലയിലെ സ്കൂൾ, കടകൾ, പാലങ്ങൾ, ആരാധനാലയങ്ങൾ എന്നിവ പൂർണമായി തകർന്നു.


കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം നടന്നിട്ട് ഇന്ന് രണ്ടാണ്ട് തികയുകയാണ്. ദുരന്തത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ടവർക്ക് സ്മരണാഞ്ജലി അർപ്പിക്കാനായി ഇന്ന് പുത്തുമലയിലെ ഹൃദയഭൂമിയിൽ പ്രിയപ്പെട്ടവരെല്ലാം ഒത്തുചേർന്നു. രണ്ട് വർഷം മുൻപ് വരെ ജീവിതത്തിലുണ്ടായിരുന്നവരുടെ ഓർമകൾ അവിടെവെച്ച് അവർ വീണ്ടും പുതുക്കി. ഒരു റോസാപ്പൂവ് നൽകി അവരുടെ ഓർമകളെ അവർ വീണ്ടും നെഞ്ചോട് ചേർത്തു. കൂടെയുണ്ടായിരുന്നവരും കൂടെപ്പിറപ്പായിരുന്നവരും കൂടെ പഠിച്ചിരുന്നവരും കൂടെ കളിച്ചിരുന്നവരുമെല്ലാം ഒരുമിച്ച് അന്തിയുറങ്ങുന്നയിടത്ത് അവർ നിശബ്ദമായി അവരോട് മനസുകൊണ്ട് ചേർന്ന് നിന്നു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home