ad
Deshabhimani

print edition നെഞ്ചുരുകി ദുരന്തബാധിതൻ;‘ഞങ്ങളുടെ കണ്ണീരുകാണാൻ ആരുമില്ലാതായി

Wayanad

ഇബ്രാഹിം

avatar
അജ്‌നാസ്‌ അഹമ്മദ്‌

Published on Sep 11, 2026, 02:40 AM | 1 min read

കൽപ്പറ്റ : വിദേശത്ത്‌ 26 വർഷം പണിയെടുത്ത്‌ ചോരനീരാക്കി ഉണ്ടാക്കിയ കിടപ്പാടവും സമ്പാദ്യവുമാണ്‌ ഉരുളെടുത്തത്‌. ചൂരൽമലയിൽ മൂന്നുനിലകെട്ടിടമുണ്ടായിരുന്നു. മൂന്ന്‌ ക്വാർട്ടേഴ്‌സും ആറ്‌ കടമുറിയും. വീട്‌ പൂർണമായും തകർന്നു. തലചായ്‌ക്കാൻ സ്വന്തമായൊരിടമില്ലാതെ പെരുവഴിയിലാണിപ്പോൾ. അതിവേഗം പണിനടത്തി ട‍ൗൺഷിപ്പിൽ ഒന്നാംഘട്ട ഗുണഭോക്താക്കൾക്ക്‌ വീട്‌ കൈമാറുന്നതുകണ്ടപ്പോൾ ആശ്വാസമായിരുന്നു. ഇനിയുള്ള വീട്‌ എന്ന്‌ കിട്ടുമെന്നതിലോ കടത്തിന്റെ കാര്യത്തിലോ ആർക്കുമിപ്പോൾ ഉത്തരമില്ല. ഞങ്ങളുടെ കണ്ണീരുകാണാൻ ആരുമില്ലാതായി’– മുണ്ടക്കൈ ഉരുൾ അതിജീവിതരുടെ സമരത്തിനെത്തി കുടുംബം അനുഭവിക്കുന്ന ദുരിതം പങ്കുവച്ചപ്പോൾ പരത്തോളി ഇബ്രാഹിമിന്റെ തൊണ്ടയിടറി കണ്ണുനിറഞ്ഞു.


‘പൊരിവെയിലിൽ കിടപ്പാടത്തിനായി ഇങ്ങനെ വന്നുനിൽക്കേണ്ടി വരുമെന്ന്‌ കരുതിയിരുന്നില്ല. ആരുടെ മുമ്പിലും കൈനീട്ടേണ്ടി വന്നിട്ടില്ലായിരുന്നു. അധ്വാനിച്ച്‌ കുടുംബം പോറ്റി. പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിലെത്തി സന്തോഷത്തോടെ ജീവിക്കുന്നതിനിടയിലായിരുന്നു ദുരന്തം. ടാക്‌സി ജീപ്പ്‌ വാങ്ങാൻ ദുരന്തത്തിനുമുമ്പ്‌ ഏഴുലക്ഷം രൂപ വായ്‌പയെടുത്തിരുന്നു. വായ്‌പയിപ്പോൾ 10 ലക്ഷംരൂപയായെന്നാണ്‌ ബാങ്കിൽനിന്ന്‌ അറിയിച്ചത്‌. ജീപ്പ്‌ ഓടിച്ചാണ്‌ ഉപജീവനം നടത്തുന്നത്‌. ബാങ്കുകാർ അതും ജപ്‌തി ചെയ്യുമോയെന്ന ഭീതിയിലാണിപ്പോൾ’– വിതുമ്പൽ അടക്കിയിട്ടും കണ്ണീർ നിയന്ത്രിക്കാനാകാതെ ഇബ്രാഹിം പറഞ്ഞു. ഭാര്യ ഖദീജയ്‌ക്കൊപ്പമാണ്‌ സമരത്തിനെത്തിയത്‌. വിദേശത്തുണ്ടായിരുന്ന മകൻ ന‍ൗഷിക്കിന്റെ ജോലികൂടെ യുദ്ധമൂലം നഷ്‌ടമായ ദുഃഖത്തിലാണ്‌ കുടുംബം.


മന്ത്രി ടി സിദ്ദിഖിനെ കൺവീനറാക്കി യുഡിഎഫ്‌ സർക്കാർ ട‍ൗൺഷിപ്പിനായി പുതിയ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചപ്പോൾ സെപ്‌തംബറിൽ മുഴുവൻ കുടുംബങ്ങൾക്കുമുള്ള വീട്‌ കൈമാറുമെന്നായിരുന്നു വാഗ്‌ദാനം. വീട്‌ നിശ്ചയിക്കാനുള്ള നറുക്കെടുപ്പുപോലും നടത്താത്തതിനാലാണ്‌ കുടുംബങ്ങൾ പ്രതിഷേധത്തിനെത്തിയത്‌. എൽഡിഎഫ്‌ സർക്കാർ ദുരന്തബാധിതരുടെ മുഴുവൻ കടവും ഏറ്റെടുത്ത്‌ കലക്‌ടറുടെ അക്ക‍ൗണ്ടിലേക്ക്‌ തുക കൈമാറിയെങ്കിലും മാറിവന്ന സർക്കാർ, ബാങ്കുകളിൽ നിന്നുള്ള ബാധ്യത ഒഴിവാക്കാൻ ഇടപെടുന്നില്ല. കടമുറികൾ നഷ്‌ടമായവർക്ക്‌ ഫെബ്രുവരിയിൽ ഏഴുലക്ഷം രൂപ എൽഡിഎഫ്‌ സർക്കാർ അനുവദിച്ചിരുന്നു. ഒന്നിൽ കൂടുതൽ വീട്‌ നഷ്‌ടമായവർക്ക്‌ ട‍ൗൺഷിപ്പിലെ വീടിനുപുറമെ നാലുലക്ഷം രൂപ വീതവും നൽകാൻ തീരുമാനിച്ചതാണ്‌. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ ദുരന്തബാധിതർക്കുള്ള ആനുകൂല്യ വിതരണങ്ങളെല്ലാം മുടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home