ad
Deshabhimani

print edition കരുതലാണ്‌ വയനാട്‌; അതിജീവിക്കും

LDF WAYANAD.jpg
avatar
വി ജെ വർഗീസ്‌

Published on Mar 14, 2026, 12:00 AM | 2 min read

കൽപ്പറ്റ: ലോകത്തിന്‌ മുന്നിൽ വയനാട്‌ ഇന്നൊരു മാതൃകയാണ്‌. അതിജീവനത്തിന്റെ, സമാനതകളില്ലാത്ത ഉയിർപ്പിന്റെ കേരളം മോഡൽ. ഉരുൾ തകർത്തെറിഞ്ഞൊരു ജനത ലോകത്തെ വിസ്‌മയിപ്പിച്ച്‌ പുതുജീവിതം നെയ്യുന്നു. എൽഡിഎഫ്‌ സർക്കാരിന്റെ കരുതലും കരുത്തുമാണ്‌ ഇ‍ൗ കൊച്ചുജില്ലയെ ലോകത്തിന്റെ നെറുകയിലേക്ക്‌ ഉയർത്തിയത്‌.


2024 ജൂലൈന്‌ 29ന്‌ രാത്രി പുഞ്ചിരിമട്ടത്ത്‌ ഉരുൾപ്പൊട്ടി പുന്നപ്പുഴയിലൂടെ ഒലിച്ചുപോയ മുണ്ടക്കൈയും ചൂരൽമലയും കൽപ്പറ്റയിൽ ട‍ൗൺഷിപ്പായി. ദുരന്തബാധിതരെ മുഴുവൻ ജീവന്റെ കരയ്‌ക്കടിപ്പിച്ചു. ഇതിൽ അവസാനിക്കുന്നില്ല ജില്ലയുടെ കുതിപ്പ്‌. പതിറ്റാണ്ടുകളായുള്ള ചുരം ദുരിതയാത്രയ്‌ക്ക്‌ പരിഹാരമായി മേപ്പാടി കള്ളാടിയിൽനിന്ന്‌ കോഴിക്കോട്‌ ആനക്കാംപൊയിലിലേക്ക്‌ തുരങ്കം കടന്ന്‌ ഹൃദയപാത നീളുന്നു. മനംനിറച്ച്‌ മലയോര ഹൈവേ. യാഥാർഥ്യമായി ഗവ. മെഡിക്കൽ കോളേജ്‌. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനക്കുതിപ്പിനാണ്‌ പത്താണ്ട്‌ സാക്ഷ്യം വഹിച്ചത്‌.


മാനന്തവാടി, കൽപ്പറ്റ, ബത്തേരി എന്നീ നിയമസഭാ മണ്ഡലങ്ങളാണ്‌ ജില്ലയിലുള്ളത്‌. മാനന്തവാടി, ബത്തേരി മണ്ഡലങ്ങൾ പട്ടികവർഗ സംവരണമാണ്‌. മന്ത്രി ഒ ആർ കേളുവാണ്‌ മാനന്തവാടിയുടെ ജനപ്രതിനിധി. തുടർച്ചയായി രണ്ടുതവണ മാനന്തവാടിയിൽനിന്ന്‌ വിജയിച്ചു. ഉമ്മൻചാണ്ടി മന്ത്രിസഭയിലെ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്‌മിയെയാണ്‌ രണ്ടു തവണയും തോൽപ്പിച്ചത്‌. സമാനതകളില്ലാത്ത വികസനമാണ്‌ മന്ത്രിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലും ജില്ലയിലും എത്തിയത്‌. കോൺഗ്രസ്‌ കുത്തകയായിരുന്ന മാനന്തവാടി ഇപ്പോൾ എൽഡിഎഫിന്റെ സുരക്ഷിത മണ്ഡലമാണ്‌.


ബത്തേരി എംഎൽഎയായ കോൺഗ്രസിലെ ഐ സി ബാലകൃഷ്‌ണൻ തുടർച്ചയായി മൂന്നുതവണ വിജയിച്ചു. മുൻകാലങ്ങളിലെ രാഷ്‌ട്രീയ സാഹചര്യമല്ല ഇത്തവണ. നിയമനക്കോഴയിൽ കുഴങ്ങി ഡിസിസി ട്രഷററായിരുന്ന എൻ എം വിജയനും മകനും ജീവനൊടുക്കിയതിലെ കൊടുങ്കാറ്റ്‌ അടങ്ങിയിട്ടില്ല. ബാലകൃഷ്‌ണനെതിരെ ആത്മഹത്യാക്കുറിപ്പ്‌ എഴുതിവച്ചാണ്‌ വിജയൻ ജീവനൊടുക്കിയത്‌. ആത്മഹത്യാ പ്രേരണാക്കേസിൽ എംഎൽഎ അറസ്‌റ്റിലായി. നിയമനക്കോഴയിൽ ഒന്നാം പ്രതിയായി വിജിലൻസ്‌ അന്വേഷണവും നേരിടുന്നു. ഇത്തവണ വിജയം സുനിശ്ചിതമാക്കാനുള്ള ഒരുക്കത്തിലാണ്‌ എൽഡിഎഫ്‌.


കോഴിക്കോട്ടുനിന്ന്‌ ചുരം കയറി എത്തിയ ടി സിദ്ദിഖാണ്‌ കൽപ്പറ്റ എംഎൽഎ. 2016ൽ സിപിഐ എമ്മിലെ സി കെ ശശീന്ദ്രൻ ജയിച്ച സീറ്റ്‌ 2021ൽ ആർജെഡിക്കായിരുന്നു. മുണ്ടക്കൈ ഉരുൾപ്പൊട്ടലും അതിജീവനവുമാണ്‌ കൽപ്പറ്റ മണ്ഡലത്തിലെ പ്രധാന വിഷയം. ദുരന്തബാധിതരുടെ പുനരധിവാസവും ട‍ൗൺഷിപ്‌ നിർമാണവും സജീവ ചർച്ചയാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയുള്ള യുഡിഎഫ്‌ പ്രചാരണം, ദുരന്തബാധിതരുടെ പേരിൽ പണം പിരിച്ചുള്ള കോൺഗ്രസിന്റെയും യൂത്ത്‌ കോൺഗ്രസിന്റെയും വഞ്ചന, ട‍ൗൺഷിപ്പിനോട്‌ ടി സിദ്ദിഖിന്റെ മുഖംതിരിക്കൽ, വീട്‌ നൽകുന്നതിനെ എതിർത്തത്‌, പ്രതിപക്ഷ നേതാവിന്റെ നുണപ്രചാരണം തുടങ്ങിയതിനെല്ലാം കോൺഗ്രസ്‌ മറുപടി പറയേണ്ടിവരും. മണ്ഡലം തിരിച്ചുപിടിക്കാനുറച്ചാണ്‌ എൽഡിഎഫ്‌ ഒരുക്കം. ബിജെപി തീർത്തും പരിങ്ങലിലാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച സി കെ ജാനു ഇപ്പോൾ യുഡിഎഫ്‌ പാളയത്തിലാണ്‌. യുഡിഎഫിനോട്‌ സീറ്റ്‌ ആവശ്യമുയർത്തി ജാനു വിലപേശുകയാണ്‌.


മൂന്ന്‌ മണ്ഡലങ്ങളിലായി 6,40,968 വോട്ടർമാരാണുള്ളത്‌. 3,27,702 സ്‌ത്രീ വോട്ടർമാരും 3,13,264 പുരുഷന്മാരും രണ്ട്‌ ട്രാൻസ്‌ജെൻഡർ വോട്ടർമാരും. 2021ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 33,900 വോട്ടർമാർകൂടി. 2021ൽ 6,07,068 വോട്ടർമാരായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home