വാളയാർ ആൾക്കൂട്ട കൊലപാതകം; ഒരു ബിജെപി പ്രവർത്തകൻ കൂടി അറസ്റ്റിൽ

ഷാജി
വാളയാർ : വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിൽ ഛത്തീസ്‌ഗഢ് ബിലാസ്‌പുർ സ്വദേശി രാംനാരായൺ ഭയ്യാൽ കൊല്ലപ്പെട്ട കേസിൽ ഒരു ബിജെപി പ്രവർത്തകനെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സജീവ ആർഎസ്എസ് - ബിജെപി പ്രവർത്തകനായ കിഴക്കേ അട്ടപ്പള്ളം സ്വദേശി ഷാജി(38)യെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. ഇതോടെ സംഭവത്തിൽ അറസ്റ്റിലായ ആളുകളുടെ എണ്ണം എട്ടായി.
സഹോദരിയെ തേടിയെത്തിയതാണെന്ന് ഭയ്യാൽ പറഞ്ഞപ്പോൾ ബംഗ്ലാദേശിൽനിന്ന് അനധികൃതമായി വന്നതല്ലേ എന്ന് ആക്രോശിച്ചാണ് പ്രതികൾ അതിക്രൂരമായി മർദിച്ചത്. ഹിന്ദി അറിയാവുന്ന അക്രമികൾ ഭയ്യാൽ പറയുന്നത് മനസ്സിലായിട്ടും തല്ലിച്ചതച്ചു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ശരീരത്തിൽ എല്ലായിടത്തും ഭയ്യാലിന് അടിയേറ്റിരുന്നുവെന്ന് മൃതദേഹം പോസ്‌റ്റ്‌മോർട്ടം ചെയ്‌ത പൊലീസ് സർജൻ ഡോ. ഹിതേഷ് ശങ്കർ വെളിപ്പെടുത്തി. ബുധൻ വൈകിട്ട് ആറിനാണ് മർദ്ദനമേറ്റത്. രാത്രി ഭയ്യാൽ മരിച്ചു.
കേസിൽ അനന്തൻ, വിനോദ്കുമാർ, ജഗദീഷ്കുമാർ, ബിജെപി പ്രവർത്തകരായ എ അനു,സി പ്രസാദ്, സി മുരളി, കെ ബിബിൻ, എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. രാം നാരായണിനെ മർദ്ദിച്ച സംഘത്തിൽ ഷാജിയും ഉൾപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മുരളി, അനു എന്നിവർ 15 വർഷം മുമ്പ് അട്ടപ്പള്ളത്ത് സിഐടിയു പ്രവർത്തകൻ സ്റ്റീഫനെയും ഡിവൈഎഫ്ഐ പ്രവർത്തകൻ വിനോദിനെയും വെട്ടിയ കേസിൽ പ്രതികളാണ്. ഇവരെ കോടതിയിൽ എത്തിച്ചപ്പോൾ ബിജെപി പ്രവർത്തകർ കാണാൻ വന്നിരുന്നു. എസ്‌ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ആർഎസ്‌എസ് പ്രവർത്തകനുമായ ആർ ജിനീഷും കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, പ്രതികളുടെ ആർഎസ്‌എസ് ബന്ധവും സംഘപരിവാറിന്റെ വിദ്വേഷ രാഷ്‌ട്രീയവും കണ്ടില്ലെന്ന് നടിക്കുകയാണ് മാധ്യമങ്ങൾ. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം ഗോപകുമാർ പറഞ്ഞു.










0 comments