print edition വി എസിന്റെ പോരാട്ടങ്ങളുടെ നേർവരയിലേക്ക്: വാചാലം ഇൗ കാവ്യവർണങ്ങൾ

വി പ്രതാപ്
Published on Oct 19, 2025, 01:22 AM | 1 min read
അമ്പലപ്പുഴ: കാവ്യ ബ്രഷ് എടുത്താൽ വർണങ്ങൾ വാചാലമാകും. കേൾവി ശക്‌തിയും സംസാരശേഷിയും ജന്മനാ ഇല്ലെങ്കിലും ചായക്കൂട്ടുകളിൽ ജീവൻതുടിക്കുന്ന ചിത്രങ്ങൾ രചിക്കാൻ അതൊന്നും തടസമാവുന്നില്ല. മലയാളക്കരയുടെ സമരസൂര്യൻ വി എസ് അച്യുതാനന്ദന്റെ പോരാട്ടജീവിതം ചിത്രീകരിക്കാൻ കാവ്യയുമുണ്ട്. വി എസിന്റെ വസതിയായ പുന്നപ്ര വേലിക്കകത്ത് വീടിന്റെ ചുറ്റുമതിലിലാണ് ചിത്രരചന.
ആലപ്പുഴ സൗത്ത് ആര്യാട് അവലൂക്കുന്ന് കലാഭവനിൽ കെ ആർ രഘുനാഥിന്റെയും ശ്രീകലയുടെയും മകൾ കാവ്യ എസ് നാഥിന് ചെറുപ്പം മുതലേ ചിത്രരചനയിൽ കന്പമുണ്ടായിരുന്നു. പ്ലസ്ടുവിന് ശേഷം രാജാ രവിവർമ ഫൈൻആർട്സ് കോളേജിൽനിന്ന് ചിത്രരചന ശാസ്ത്രീയമായി അഭ്യസിച്ചു. തൃപ്പൂണിത്തുറ ആർ എൽ വി കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. ചിത്രപ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്.
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ കേരള ലളിതകലാ അക്കാദമിയാണ് വി എസിന്റെ സ്മരണാർഥം "വി എസ് ജീവിതരേഖ" ചിത്രകലാക്യാമ്പിന്റെ ഭാഗമായി ചിത്രരചന സംഘടിപ്പിക്കുന്നത്. അക്കാദമിയുടെ ചിത്രകാരന്മാരായ ടി ബി ഉദയൻ, മുഹമ്മദ് ഹുസൈൻ, സജിത്ത് പനക്കൻ, വിപിൻദാസ് പനക്കൻ എന്നിവർക്കൊപ്പമാണ് കാവ്യ ആക്രലിക്, എമൽഷൻ മാധ്യമങ്ങളിൽ ചായക്കൂട്ടൊരുക്കുന്നത്. വി എസിന്റെ വിപ്ലവ പോരാട്ടഗാഥകൾ നിറയുന്ന ചിത്രരചന എച്ച് സലാം എംഎൽഎ, വി എസിന്റെ മകൻ ഡോ. വി എ അരുൺകുമാർ എന്നിവർ സന്ദർശിച്ചു.









0 comments