ad
Deshabhimani

അണ്ണന്റെ കഥ പറയാൻ ഇനി ആഴിക്കുട്ടിയില്ല; വി എസിന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു

vs sis.
വെബ് ഡെസ്ക്

Published on Oct 16, 2025, 03:26 AM | 1 min read

അമ്പലപ്പുഴ:​സഹോദരന്റെ വിപ്ലവ പോരാട്ടസ്‌മരണകൾ നെഞ്ചേറ്റി ജീവിച്ച ആഴിക്കുട്ടി ഓർമയായി. വി എസ് അച്യുതാനന്ദന്റെ ഏക സഹോദരി പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി (95) ആണ് വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് വി എസിന്റെ ജന്മവീടുകൂടിയായ വെന്തലത്തറ വീട്ടിൽ വ്യാഴം പുലർച്ചെ 12.10 ഓടെ മരിച്ചത്. ഒരു വർഷത്തിലേറെയായി ശാരീരിക അവശതകളെത്തുടർന്ന് കിടപ്പിലായിരുന്നു.


12 വർഷം മുമ്പ്‌ മകൾ സുശീല മരിച്ചു. തുടർന്ന് മരുമകൻ പരമേശ്വരനും കൊച്ചുമകൻ അഖിൽ വിനായകുമാണ് ആഴിക്കുട്ടിയുടെ കാര്യങ്ങൾ നോക്കിയിരുന്നത്. വി എസ് ഉൾപ്പെടെ മൂന്ന് സഹോദരന്മാർക്ക് ഏക സഹോദരിയായിരുന്നു ആഴിക്കുട്ടി. സഹോദരന്മാരിൽ ഗംഗാധരനും പുരുഷനും നേരത്തെ മരിച്ചു.


ഓണം ഉൾപ്പെടെയുള്ള വിശേഷദിവസങ്ങളിൽ വി എസ് വെന്തലത്തറയിലെ വീട്ടിലെത്തി ആഴിക്കുട്ടിയെ കാണാതെ മടങ്ങാറില്ലായിരുന്നു. 2019ലാണ് അവസാനമായി വി എസ് ആഴിക്കുട്ടിയെ കാണാനെത്തിയത്. ഓണപ്പുടവയുമായെത്തി മടങ്ങിയതാണന്ന്. കിടപ്പിലാകുന്നതിന് മുമ്പുവരെ ആരോഗ്യവിവരം അന്വഷിച്ചെത്തുന്നവരോട് നൂറുനാവോടെ വി എസിനെക്കുറിച്ച്‌ ആഴിക്കുട്ടി സംസാരിക്കും.


‘‘തിരുവിതാകൂർ ഭരിച്ചിരുന്ന ദിവാനെതിരെ സമരം നയിച്ചതിൽ ഒരുവർഷം വി എസിനെ തടവിന് ശിക്ഷിച്ചു. എന്നാൽ അതിന് വിധേയനാകാതെ പൂഞ്ഞാറിൽ കർഷകരെ സംഘടിപ്പിക്കാൻ പോയി. ഇതിനിടെ ഒരു സന്ധ്യാനേരം എന്നെ കാണാൻ അണ്ണനെത്തി. വിവരമറിഞ്ഞ് പിന്നാലെ പൊലീസും. വീടിന്റെ പിന്നിലൂടെ അണ്ണനെ വള്ളത്തിൽ കയറ്റി രക്ഷപ്പെടുത്തി’’– ഓർമയിൽ സൂക്ഷിച്ച കാര്യങ്ങൾ ആവേശത്തോടെയാണ് ആഴിക്കുട്ടി പറഞ്ഞിരുന്നത്. പിന്നീട് പൊലീസിന്റെ പിടിയിലായി. കൊടിയമർദനം ഏറ്റെങ്കിലും ഒപ്പമുള്ളവരെക്കുറിച്ച് ഒരക്ഷരം പോലും അണ്ണൻ പറഞ്ഞില്ല. രണ്ട് വർഷത്തിനുശേഷം പൊലീസ്​ മർദനത്തിലെ മുറിപ്പാടുകളുമായി വീട്ടിലെത്തിയ അണ്ണനോട് ‘‘ഇത് മതിയാക്കിക്കൂടെ''എന്ന ചോദ്യത്തിന് മറുപടി നൽകിയത് ‘‘നിനക്ക് വേറെയും രണ്ട് അണ്ണൻമാരുണ്ടല്ലൊ'' എന്നായിരുന്നു – വി എസിനെക്കുറിച്ചുള്ള ആഴിക്കുട്ടിയുടെ ഓർമകൾ ഇങ്ങനെ പോകും. ആഴിക്കുട്ടിയുടെ വിയോഗത്തോടെ വി എസിന്റെ കൂടപ്പിറപ്പുകളിൽ അവസാനത്തെയാളാണ്‌ വിടപറയുന്നത്‌.


സംസ്‌കാരം വ്യാഴാഴ്‌ച വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഭാസ്‌കരൻ. മക്കൾ: തങ്കമണി, പരേതയായ സുശീല. മരുമക്കൾ: പരമേശ്വരൻ, വിശ്വംഭരൻ. മറ്റ് സഹോദരങ്ങൾ: പരേതരായ വി എസ് ഗംഗാധരൻ, വി എസ് പുരുഷൻ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home