ad
Deshabhimani

print edition ഒപ്പമുണ്ട്‌ വി എസ്‌

ബാർട്ടൺഹിൽ വേലിക്കകത്ത്‌ വീട്ടിൽ ഓഫീസ്‌ മുറിയിലെ വി എസിന്റെ കസേരയ്‌ക്കടുത്ത് 
ഭാര്യ വസുമതി

ബാർട്ടൺഹിൽ വേലിക്കകത്ത്‌ വീട്ടിൽ ഓഫീസ്‌ മുറിയിലെ വി എസിന്റെ കസേരയ്‌ക്കടുത്ത് 
ഭാര്യ വസുമതി

avatar
അഖില ബാലകൃഷ്‌ണൻ

Published on Jul 21, 2026, 12:18 AM | 2 min read

ഒന്നോ രണ്ടോ ചാനലുകാർ വന്നു പോയി. ശാന്തമാണ്‌ തിരുവനന്തപുരം ബാർട്ടൺഹില്ലിലെ വേലിക്കകത്ത്‌ വീട്‌. ഗേറ്റുകൾ തുറന്നുകിടക്കുന്നു. വി എസ്‌ രോഗാവസ്ഥയിലായിരുന്നപ്പോൾ എപ്പോഴും അതങ്ങനെ അടഞ്ഞുകിടക്കുമായിരുന്നു. ആൾക്കൂട്ടത്തിനിടയിലല്ലാതെ അദ്ദേഹം ചുരുക്കകാലം ജീവിച്ചത്‌ ഇവിടെയാണ്‌. ഒരിക്കൽ മാത്രമേ, വി എസിനെ കാണാൻ ജനക്കൂട്ടം ഗേറ്റ്‌ കടന്നിട്ടുള്ളൂ. അന്ന്‌, കണ്ഠമിടറി അണമുറിയാതെ അവർ ഉറക്കെ വിളിച്ചുകൊണ്ടിരുന്നു...


​വി എസിനായി പണികഴിപ്പിച്ച ഓഫീസ്‌ റൂമും അദ്ദേഹത്തിന്റെ മുറിയും അതുപോലെ തന്നെ. ‘കുട്ടികളുടെ പാട്ടുകളില്ലേ, റിയാലിറ്റി ഷോ. സഖാവ്‌ എപ്പോഴും അതു കാണും. ഇപ്പോ ഞാനും ഇവിടിരുന്ന്‌ അതന്നെ കാണണെ. ഡയബെറ്റിസിന്റെ വയ്യായ്‌മകളുള്ളതിനാൽ പുറത്തിറങ്ങാറില്ല. സഖാവ്‌ ഇവിടെ ഉണ്ടാകുമ്പോഴും അങ്ങനെ തന്നെ. ഇപ്പോഴും കൂടെയുണ്ട്‌. ഇടയ്‌ക്ക്‌ പക്ഷേ ഉറങ്ങാൻ പറ്റാറില്ല. അദ്ദേഹത്തിന്റെ ചിത്രം നോക്കി കിടക്കും’ –ഓഫീസ്‌ മുറിയിൽ വി എസിന്റെ കസേരയ്‌ക്കടുത്തിരുന്ന്‌ ഭാര്യ വസുമതി പറഞ്ഞു.


​വിഷമിക്കരുതെന്ന്‌ മക്കളുടെയും കൊച്ചുമക്കളുടെയും ഉപദേശമുണെങ്കിലും സാധിക്കാറില്ല. ഇടയ്‌ക്ക്‌ ആലപ്പുഴയിലേക്ക്‌ പോവുമെങ്കിലും ആരോഗ്യാവസ്ഥ കണക്കിലെടുത്ത്‌ ഇവിടെ തന്നെയാണ്‌ താമസം. അയൽക്കാരൊന്നും ഇല്ലാത്തതാണ്‌ ഏറെ സങ്കടം. ആലപ്പുഴയിലെ വീട്ടിൽ എപ്പോഴും ആളുകളെത്താറുണ്ട്‌. വരുന്നവരൊക്കെ വിളിക്കും. സഖാവിന്റെ പിറന്നാളിന്‌ ഗേറ്റിന്‌ മുന്നിൽ ആളുകളെത്തി പായസമൊക്കെ വിതരണം ചെയ്‌തിരുന്നു. കൊച്ചുമക്കളുടെയും മക്കളുടെയും കാര്യങ്ങൾ നോക്കി ടിവി കണ്ട്‌ അങ്ങനെ കഴിയും – അവർ പറഞ്ഞു.


​ജീവിതത്തിലെ അവസാന ആറു വർഷം വിഎസ് ബാർട്ടൺഹില്ലിലെ ഈ വസതിയിലായിരുന്നു. 2019ൽ ശാരീരിക അസ്വസ്ഥതകളുണ്ടായി. 2021ൽ ഭരണപരിഷ്‌കാര കമീഷൻ ചെയർമാൻ പദവിയൊഴിഞ്ഞ് നേരെ ഇവിടെ താമസത്തിനെത്തുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ അണുബാധ ഉണ്ടാകാതിരിക്കാൻ വീട്ടിൽ സന്ദർശകരെ അനുവദിച്ചിരുന്നില്ല. ഇവിടെയിരുന്ന് വിഎസ് എല്ലാം കാണുകയും കേൾക്കുകയും അറിയുകയും ചെയ്‌തു. രാവിലെയും വൈകിട്ടും വീൽ ചെയറിൽ പൂമുഖത്തു വന്നിരിക്കും. കൊച്ചുമക്കളോ മാറ്റാരെങ്കിലുമോ പത്രങ്ങൾ വായിച്ചുകൊടുക്കും.


​‘ഞങ്ങളോടെന്ന പോലെ കൊച്ചുമക്കളുടെ പഠിത്തകാര്യങ്ങളും അച്ഛൻ അന്വേഷിക്കുമായിരുന്നു. പഠിക്കുക എന്നത്‌ അദ്ദേഹത്തിന്‌ അത്രയും പ്രധാനമായിരുന്നു. അധ്യാപകരെ അത്രയും ബഹുമാനത്തോടെയാണ്‌ കണ്ടിരുന്നത്‌. ‘ സംപൂജ്യരായ ഗുരുജനങ്ങളെ’ എന്ന്‌ തുടങ്ങുന്ന സ്‌കൂളിൽ അവതരിപ്പിക്കാൻ അദ്ദേഹം എഴുതി തന്ന പ്രസംഗം അന്നത്തെ അഞ്ചാം ക്ലാസുകാരന്റെ ക‍ൗതുകത്തോടെ ഞാൻ ഇന്നും ഓർക്കാറുണ്ട്‌’ –മകൻ അരുൺകുമാർ ഓർത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home