‘വി എസിന്റെ ലാംബ്രട്ട’ ഇവിടെയുണ്ട്‌; തലയെടുപ്പോടെ

bimal

ലാംബ്രട്ടയ്ക്ക് ഒപ്പം വിമല്‍

avatar
ബിമൽ പേരയം

Published on Jul 24, 2025, 08:49 AM | 1 min read

തിരുവനന്തപുരം: പതിറ്റാണ്ടുകൾക്കുമുമ്പ്‌ വി എസ്‌ അച്യുതാനന്ദൻ തലസ്ഥാന നഗരിയിലെത്തുമ്പോൾ സഞ്ചരിച്ചിരുന്ന വാഹനമാണ്‌ കെഎൽവി 2090 ലാംബ്രട്ട സ്‌കൂട്ടർ. വാഹനം തലയെടുപ്പോടെ പേട്ടയിൽ ഇന്നുമുണ്ട്‌, മികച്ച കണ്ടീഷനോടെ. അതിന്റെ സാരഥി ഇപ്പോൾ വിമൽ മിനർവയാണ്‌. വിമലിന്റെ അച്ഛൻ പേട്ടയിൽ മിനർവ പ്രിന്റിങ്‌ പ്രസ്‌ നടത്തിയിരുന്ന എൻ ശിവാനന്ദനായിരുന്നു സ്‌കൂട്ടറിന്റെ ഉടമസ്ഥൻ. കമ്യൂണിസ്‌റ്റ്‌ പാർടിയുടെ സജീവ പ്രവർത്തകൻ കൂടിയായിരുന്ന ഇദ്ദേഹം പൊന്നുപോലെ കൊണ്ടു നടന്നിരുന്ന ഇറ്റാലിയൻ മോഡൽ സ്‌കൂട്ടറാണിത്‌.


സ്‌കൂട്ടറിൽ അഴീക്കോടൻ രാഘവൻ, എ കെ ജി, വി എസ്‌ എന്നിവരെ യോഗകേന്ദ്രങ്ങളിൽ എത്തിച്ചത്‌ ശിവാനന്ദനും കെഎസ്‌വൈഎഫ്‌ തിരുവനന്തപുരം താലൂക്ക്‌ സെക്രട്ടറിയായിരുന്ന എം എസ്‌ മാനുവലുമാണ്‌. അടിയന്തരാവസ്ഥക്കാലത്ത്‌ പല നേതാക്കളും സ്‌കൂട്ടർ ഉപയോഗിച്ചിരുന്നു. 1970കളിൽ വി എസ്‌ തിരുവനന്തപുരത്ത്‌ എത്തുമ്പോൾ പതിവായി പാർടി യോഗങ്ങൾക്കെത്തിച്ചിരുന്നത്‌ 1960 മോഡൽ ലാംബർട്ടയായിരുന്നു. സഖാക്കളോടുള്ള സ്‌നേഹംപോലെ ലാംബർട്ടെയെ വി എസും സ്‌നേഹിച്ചിരുന്നു. ഒരുപക്ഷേ, കൂടുതൽ ഉപയോഗിച്ചതും വി എസിനുവേണ്ടിയായിരിക്കും. കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന നേതാവായപ്പോഴും നിരവധിവട്ടം പല വേദികളിലും വി എസിനെ ലാംബർട്ട എത്തിച്ചു. പിന്നിലിരുന്ന്‌ പാഞ്ഞുപോകുമ്പോൾ സ്വതസിദ്ധമായ ശൈലിയിൽ നീട്ടി ‘ഇവനാള്‌ കേമനാണല്ലോ’ എന്ന്‌ പറയും.

അച്ഛൻ ശിവാനന്ദന്റെ സ്‌മരണയ്‌ക്കൊപ്പം കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നേതാക്കന്മാരെ പൊതുയോഗങ്ങളിൽ എത്തിച്ച ചരിത്ര വാഹനമെന്ന നിലയ്‌ക്കും സ്‌കൂട്ടർ സൂക്ഷിക്കുകയാണ്‌ വിമൽ. അഞ്ച്‌ ലക്ഷം രൂപ പറഞ്ഞിട്ടും വാഹനം കൊടുക്കാൻ തയ്യാറായില്ല. കോടികൾ തന്നാലും കൊടുക്കില്ലായെന്ന്‌ വിമൽ. നാവുണ്ടായിരുന്നെങ്കിൽ ചരിത്ര താളുകൾ മറിച്ച്‌ ലാംബർട്ട പറയും വി എസിനൊപ്പമുള്ള യാത്രയുടെ കഥകൾ. അക്ഷരവീഥിയിലെ മിനർവ പ്രസിന്‌ മുന്നിൽ തലയെടുപ്പോടെ ഇപ്പോഴുമുണ്ട്‌ സ്‌കൂട്ടർ.


ലാംബർട്ടയ്‌ക്ക്‌ ഒപ്പം വിമൽ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home