പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം; മതപ്രഭാഷകനായ വ്ലോഗർ നിയാസ് ജൗഹരി അറസ്റ്റിൽ

കൊല്ലം: പ്രാർഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് പതിനാറുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ വ്ലോഗറും മതപ്രഭാഷകനുമായ മുഹമ്മദ് നിയാസ് ജൗഹരി അറസ്റ്റിൽ. കരുനാഗപ്പള്ളി പൊലീസാണ് പെൺകുട്ടിയുടെ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്തത്. ഓച്ചിറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹബീബിയ്യ ഇസ്ലാമിക് അക്കാദമിയുടെ ഡയറക്ടറാണ് നിയാസ് ജൗഹരി.
രോഗബാധിതയായ പെൺകുട്ടിയെ പിതാവിന്റെ അമ്മയ്ക്കൊപ്പമാണ് പ്രാർഥനയ്ക്കായി ഓച്ചിറയിലെ സ്ഥാപനത്തിൽ എത്തിച്ചത്. പ്രാർഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ലൈംഗികാതിക്രമമെന്നാണ് പരാതി. സ്ഥാപനത്തിൽവച്ചാണ് പെൺകുട്ടി ആദ്യം അതിക്രമത്തിനിരയായത്. തുടർന്ന് വിവിധ കാരണങ്ങൾ പറഞ്ഞ് പെൺകുട്ടിയെ വിളിച്ചുവരുത്തി 2025 മുതൽ 2026 വരെയുള്ള കാലയളവിൽ പല സ്ഥലങ്ങളിൽവച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പരാതിയിലുണ്ട്.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളി പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായ നിയാസ് ജൗഹരി മതപ്രഭാഷണങ്ങളിലൂടെയും വ്ലോഗുകളിലൂടെയും അറിയപ്പെടുന്നയാളാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.









0 comments