print edition വിഴിഞ്ഞം ഓഹരിക്കൈമാറ്റം: റിപ്പോർട്ട് അനുകൂലമാക്കാൻ യുഡിഎഫ് സർക്കാർ


സ്വന്തം ലേഖകൻ
Published on Jul 15, 2026, 12:00 AM | 1 min read
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിന് അനുകൂലമായി റിപ്പോർട്ട് നൽകുന്നതിനുള്ള എംപവേഡ് കമ്മിറ്റിയുടെ നടപടി അന്തിമഘട്ടത്തിലെന്ന് വിവരം. വിമർശങ്ങളെ നേരിടാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഓഹരിക്കൈമാറ്റത്തിനെ ന്യായീകരിക്കാനായി അദാനി ഗ്രൂപ്പിൽനിന്ന് വിവരം തേടിയിരുന്നു. എംഎസ്‍സിയുമായുള്ള കരാർ യാഥാർഥ്യമായാൽ ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തിന്റെ വലിയൊരു പങ്ക് ചരക്ക് നീക്കവും വിഴിഞ്ഞത്തേക്ക് കൊണ്ടുവരുമെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. വിഴിഞ്ഞത്തുനിന്ന് കിഴക്കൻ ആഫ്രിക്കയിലേക്കും ബംഗ്ലാദേശിലേക്കും കൂടുതൽ കപ്പൽ സർവീസുകൾക്ക് ഈ കരാർ വഴിയൊരുക്കുമെന്നും അദാനി ഗ്രൂപ്പ് പറയുന്നു.
കഴിഞ്ഞ വർഷം 84 ലക്ഷം ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) കൈകാര്യം ചെയ്യുന്ന കൊളംബോ തുറമുഖത്തിന്റെ പകുതി ഓഹരിയും അദാനി ഗ്രൂപ്പിന്റെ കൈയിലാണ്. കരാറിൽ ഏർപ്പെട്ടാലും എല്ലാ കപ്പൽ കമ്പനികൾക്കും തുല്യ അവസരം നൽകുമെന്നും പറയുന്നു. എന്നാൽ ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന് ഈ രംഗത്തെ വിദഗ്‌ധർ സംശയം പ്രകടിപ്പിക്കുന്നു. വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിൽ കരാർ ലംഘനമുണ്ടായിട്ടും സംസ്ഥാന താൽപ്പര്യം സംരക്ഷിക്കാനോ നടപടിയടുക്കാനോ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേഡ് കമ്മിറ്റി തയ്യാറാകുന്നില്ലെന്നാണ് അറിയുന്നത്. ഈ ഇടപാടിലൂടെ കേരളത്തിന് നേരിട്ട് ലഭിക്കുന്ന വരുമാനം, തൊഴിൽ, നികുതി, മറ്റ് സാമ്പത്തിക ഗുണങ്ങൾ എന്നിവയൊക്കെ ഉറപ്പാക്കേണ്ടത് എംപവേഡ് കമ്മിറ്റിയാണ്. കൊളംബോ തുറമുഖത്തിൽ കൈകാര്യം ചെയ്യുന്ന കണ്ടെയ്നറുകളുടെ 80 ശതമാനവും ഇന്ത്യയിൽനിന്നാണ്.










0 comments