റെക്കോഡ് വേഗത്തിൽ വിഴിഞ്ഞം: 202 കപ്പൽ, 4.02 ലക്ഷം കണ്ടെയ്‌നർ

തിരുവനന്തപുരം:
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ഒന്നാംഘട്ടത്തിൽ 10ലക്ഷം കണ്ടെയ്‌നർ നീക്കമെന്ന ലക്ഷ്യം മറികടക്കും. ജൂലൈ 11 മുതൽ മാർച്ച് എട്ടുവരെ എത്തിയ 202 കപ്പലിൽനിന്ന്‌മാത്രം 4.02 ലക്ഷം കണ്ടെയ്‌നറാണ് കൈകാര്യം ചെയ്‌തത്. ജൂലൈ 11 മുതൽ ഡിസംബർ മൂന്നുവരെ ട്രയൽ റണ്ണായിരുന്നു. ഇക്കാലയളവിൽ ഒന്നരലക്ഷവും കൊമേഴ്‌സ്യൽ ഓപറേഷൻ തുടങ്ങി മൂന്നുമാസത്തിനകം രണ്ടരലക്ഷവുമാണ് കണ്ടെയ്‌നർ നീക്കം. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി പുതുതായി ആരംഭിച്ച ജേഡ് സർവീസിന്റെ ഭാഗമായി കൂറ്റൻകപ്പലായ മിയ എത്തിയെങ്കിലും മറ്റ് മൂന്നുകപ്പലുകളിലെ ചരക്ക് നീക്കം പൂർത്തിയാക്കാത്തതിനാൽ ബെർത്ത് ചെയ്യാനായിട്ടില്ല. 
ഫെബ്രുവരിയിൽ രാജ്യത്തെ 15 തുറമുഖങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ ചരക്ക് കൈകാര്യം ചെയ്‌തത് വിഴിഞ്ഞമായിരുന്നു. 40 കപ്പലുകളാണ് ആ മാസം എത്തിയത്. 78833 ടിഇയു കൈകാര്യം ചെയ്‌തു. ജനുവരിയിൽ 45 കപ്പൽ വന്നു. 85000 ടിഇയു ആണ് കണ്ടെയ്‌നർ നീക്കം. ട്രാൻസ്‌ഷിപ്പ്‌മെന്റ് പോർട്ട് എന്ന നിലയിൽ രാജ്യത്തെ ഏറ്റവും പ്രാധാന്യമുള്ള തുറമുഖമായി വിഴിഞ്ഞം മാറിയതിന്റെ തെളിവാണിതെന്ന് വ്യാപാരപ്രമുഖർ പ
റഞ്ഞു.
വിഴിഞ്ഞം കോൺക്ലേവിന്റെ ഭാഗമായി പങ്കെടുത്ത പ്രമുഖ രാജ്യാന്തര കമ്പനികൾ 6250 കോടിയുടെ നിക്ഷേപ പദ്ധതിക്ക് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 50 കോടി മുതൽ 5000 കോടി രൂപയുടെ വരെ പദ്ധതികൾക്കാണ് 12 കമ്പനികൾ തയ്യാറായത്. പ്രാഥമിക നടപടികൾക്ക് ശേഷം പദ്ധതികൾ പ്രാബല്യത്തിലാകാൻ രണ്ടുമുതൽ അഞ്ചുവരെ വർഷം സമയമെടുക്കും. കമ്പനികൾക്ക് പദ്ധതികൾ തുടങ്ങുന്നതിനാവശ്യമായ സ്ഥലം സംസ്ഥാന സർക്കാരാണ് കണ്ടെത്തി നൽകേണ്ടത്. ഇതിനുള്ള നടപടി ആരംഭിച്ചു. രണ്ടാംഘട്ട നിർമാണപ്രവർത്തനം അദാനി കമ്പനിയുടെ നേതൃത്വത്തിലും പുരോഗമിക്കുകയാണ്. 2028ൽ പൂർത്തിയാകുന്ന പദ്ധതിക്ക് 20,000 കോടിയാണ് നിക്ഷേപിക്കുക.










0 comments