ad
Deshabhimani

print edition വിഴിഞ്ഞം ഓഹരി കെെമാറ്റത്തിൽ ആശങ്ക

Vizhinjam Port second phase

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 02, 2026, 02:00 AM | 2 min read

തിരുവനന്തപുരം: കൺസഷൻ കരാറിന്‌ വിരുദ്ധമായി വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിങ്‌ കമ്പനിക്ക്‌ കൈമാറാനുള്ള അദാനിയുടെ നടപടിയിൽ ആശങ്ക. കരാർ പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറാൻ സംസ്ഥാന സർക്കാരിന്റെ അംഗീകാരം വേണം.


എന്നാൽ, ഇ‍ൗ വ്യവസ്ഥ മറികടന്നാണ്‌ അദാനി ഗ്രൂപ്പ്‌, ലോകത്തെ വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്‍സിക്ക്‌ ഓഹരി വിൽക്കാൻ ശ്രമിക്കുന്നത്. വിൽപ്പന യാഥാർഥ്യമാകുന്നതോടെ തുറമുഖം പൂർണമായി എംഎസ്‌സിയുടെ കപ്പലുകൾക്ക് മാത്രമായി നീക്കിവയ്‌ക്കപ്പെടും.


തുറമുഖം സംസ്ഥാനത്തിന്റെ ഉടമസ്ഥതയിൽ നിലനിന്നാലേ നാടിന്‌ നേട്ടമുണ്ടാകു. ഇത് കാരണമാണ് നിശ്ചയിച്ചയതിനേക്കാൾ ഏറെമുമ്പേ തുറമുഖത്തിന്റെ നിർമാണം പൂർത്തിയാക്കാൻ എൽഡിഎഫ്‌ സർക്കാർ മുൻകയ്യെടുത്തത്‌. നിർമാണം വേഗം പൂർത്തിയായതാണ്‌ ആഗോള ഷിപ്പിങ്‌ കമ്പനികളെ വിഴിഞ്ഞത്തേയ്‌ക്ക്‌ ആകർഷിച്ചതും.


മറ്റ്‌ ഷിപ്പിങ്‌ കമ്പനികൾക്കുകൂടി തുറമുഖത്തിന്റെ സ‍ൗകര്യം ലഭിച്ചില്ലെങ്കിൽ മത്സരാധിഷ്ഠിത സാഹചര്യം ഇല്ലാതാകും. ഒരു ഷിപ്പിങ്‌ കമ്പനിയുടെ കുത്തകയായാൽ സംസ്ഥാന താൽപ്പര്യം ഹനിക്കപ്പെടും. വിഴിഞ്ഞംവഴി കേരളത്തിൽ നടപ്പാക്കേണ്ട വികസനവും തടസ്സപ്പെടും.


തുറമുഖത്തിന്റെ നേട്ടം ആരിലേക്ക്‌ പോകുമെന്ന ആശങ്കയും ഉയരുന്നു. 13,220 കോടി രൂപയുടെ ഓഹരി കൈമാറുന്നത്‌ ആഗോള വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനാണെന്നാണ്‌ അദാനി പോർട്ടിന്റെ വാദം. വാർത്തകളിലൂടെയാണ്‌ സർക്കാർ വിവരം അറിഞ്ഞത്‌ എന്നാണ്‌ മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ വ്യക്തമാക്കിയത്‌.


ഓഹരി കൈമാറാൻ അദാനി ഗ്രൂപ്പ്‌ അനുമതി തേടിയിട്ടില്ലെന്നും പറഞ്ഞു. അദാനിയുടെ നീക്കത്തിൽ സംസ്ഥാന സർക്കാർ എന്തുചെയ്യുമെന്നതിന് കൃത്യമായ ഉത്തരമില്ല. സംസ്ഥാന താൽപ്പര്യം മുൻനിർത്തി നിലവിലെ കരാർ വ്യവസ്ഥകൾ നടപ്പാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്‌.


സംസ്ഥാന താൽപ്പര്യം ഹനിക്കരുത്‌


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി എംഎസ്‌സി അന്താരാഷ്‌ട്ര ഷിപ്പിങ്‌ കന്പനിക്ക്‌ കൈമാറുന്നുവെന്ന്‌ വാർത്ത പ്രചരിക്കുന്ന സാഹചര്യത്തിൽ സർക്കാർ ശക്തമായി ഇടപെടണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ നിയമസഭയിൽ ആവശ്യപ്പെട്ടു.


ഓഹരി കൈമാറുമെന്ന്‌ അദാനി ഗ്രൂപ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. എംഎസ്‌സിയുമായിചേർന്ന് തുറമുഖം സംയുക്ത സംരംഭമായി നടത്താൻ നീക്കമുള്ളതായാണ് റിപ്പോർട്ട്. സംസ്ഥാന താൽപ്പര്യത്തെ ഇത്‌ ബാധിക്കും. തുറമുഖം സംസ്ഥാനത്തിന്റെ ഉടമസ്ഥതയിൽത്തന്നെ നിലനിർത്തണമെന്നും സബ്‌മിഷൻ അവതരിപ്പിച്ച്‌ പ്രതിപക്ഷനേതാവ്‌ പറഞ്ഞു.


49 ശതമാനം ഓഹരി കൈമാറിയാൽ ഉടമസ്ഥാവകാശത്തിൽ വലിയ മാറ്റമാണ് ഉണ്ടാവുക. കൺസഷൻ കരാർ പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം വേണം. വിദേശ കമ്പനി തുറമുഖം സ്ഥാപിക്കാനുള്ള ടെൻഡറിൽ പങ്കെടുത്തെന്ന കാരണത്താൽ, തുറമുഖ നിർമാണത്തിനുള്ള നടപടി പോലും കേന്ദ്ര സർക്കാർ തടഞ്ഞിട്ടുണ്ട്. അദാനി –എംഎസ്‌സി ധാരണയിൽ സർക്കാരിന്റെ നിലപാട്‌ എന്താണെന്ന്‌ വ്യക്തമാക്കണം.


‘മൾട്ടി -ഓപ്പറേറ്റർ' തുറമുഖമാക്കാനാണ് എൽഡിഎഫ് ലക്ഷ്യമിട്ടത്. പ്രത്യേക ഷിപ്പിങ്‌ കമ്പനിക്കുവേണ്ടി കുത്തകവൽക്കരിക്കാനുള്ള ഗൂഢനീക്കമാണിപ്പോൾ. ഇതനുവദിച്ചാൽ മൾട്ടി ഓപ്പറേറ്റർ മാത്രമല്ല മൾട്ടി -ക്ലയന്റ്‌ സംവിധാനംപോലും ഇല്ലാതാകും. വിപണിയുടെ ആണിക്കല്ലായ മത്സരക്ഷമത ഒറ്റയടിക്ക് ഇല്ലാതാകും.


‘ ഹൈലി ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ ' ആയ വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥാവകാശം മാറുമ്പോൾ ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾകൂടി കണക്കിലെടുക്കണം. 2035 മുതൽ സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട വരുമാനവിഹിതം കൃത്രിമമായി കുറയ്‌ക്കാനുള്ള സാധ്യതയും ഗൗരവമായി പരിശോധിക്കണം.


കോൺകോർ, സിഡബ്ല്യുസി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുമായി 5000 കോടി രൂപയുടെ ധാരണപത്രം നേരത്തെ ഒപ്പുവച്ചിട്ടുണ്ട്‌. കുത്തക കമ്പനി വിഴിഞ്ഞം പിടിച്ചെടുത്താൽ, ഈസ്ഥാപനങ്ങൾക്കും മറ്റ് ലോജിസ്റ്റിക്സ് കമ്പനികൾക്കും വളരാനുള്ള സാഹചര്യം ഇല്ലാതാകും. ഒരു കാരണവശാലും തുറമുഖത്തിന്റെ കുത്തകവൽക്കരണത്തിന് സർക്കാർ കൂട്ടുനിൽക്കരുതെന്നും പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home