print edition മുഖ്യമന്ത്രിയുടെ ഒരു നുണകൂടി പൊളിഞ്ഞു; കരാർ ലംഘിച്ച അദാനിക്ക് തലോടൽ

തിരുവനന്തപുരം: മുൻകൂർ അനുമതി ഇല്ലാതെ വിഴിഞ്ഞം തുറമുഖ കമ്പനിയിലെ ഓഹരി കൈമാറാനുള്ള നീക്കം വിവാദമായതോടെ അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ചുവെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ഏറ്റുപറച്ചിൽ പച്ചക്കള്ളമാണെന്ന് തെളിയിച്ച് വിവരാവകാശ രേഖ. ഈ വിഷയത്തിൽ അതൃപ്തി അറിയിച്ച് അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാരോ തുറമുഖ വകുപ്പോ നോട്ടീസോ കത്തോ നൽകിയിട്ടില്ലെന്ന് തുറമുഖ വകുപ്പ് വിവരാവാകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിനുള്ള മറുപടിയിൽ പറയുന്നു.
ഓഹരിക്കൈമാറ്റത്തിന് മുൻകൂർ അനുമതി വേണമെന്നും ഇത് സർക്കാരുമായുള്ള കൺസഷൻ കരാറിലെ കരാറിലെ 5.3.1, 5.3.2 വ്യവസ്ഥകളുടെ ലംഘനമാണെന്നും മറുപടിയിലുണ്ട്. ഗുരുതരലംഘനം നടന്നിട്ടും ഒരു നോട്ടീസുപോലും അയച്ചില്ലെന്നത്, എല്ലാ നീക്കവും മുഖ്യമന്ത്രി വി ഡി സതീശന്റെ അറിവോടെയെന്ന് വ്യക്തമാക്കുന്നു.
ഓഹരിക്കൈമാറ്റം മുഖ്യമന്ത്രിയെ കമ്പനി അനൗദ്യോഗികമായി അറിയിച്ചിരുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇത് മുഖ്യമന്ത്രി നിഷേധിച്ചിട്ടില്ല. ഓഹരിവിൽപ്പന പരിശോധിക്കുന്ന, ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേഡ് കമ്മിറ്റിയും കരാർലംഘനത്തെ വെള്ളപൂശുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് സൂചന.
വിവരാവകാശ രേഖയിലും ഒളിച്ചുകളി
കരാർ ലംഘനം സംബന്ധിച്ച് കത്തിടപാടുകളുടെ രേഖ വിവരാവകാശ നിയമപ്രകാരം നൽകുന്നതിലും സർക്കാർ ഒളിച്ചുകളിക്കുന്നു. കരാറുമായി ബന്ധപ്പെട്ട രേഖകൾ 340 പേജ് ഉണ്ടെന്നു പറഞ്ഞ തുറമുഖ വകുപ്പിലെ ഇൻഫർമേഷൻ ഓഫീസർ, രേഖകൾ മുഴുവൻ ആവശ്യമുണ്ടോ എന്ന് അപേക്ഷകനോട് ചോദിച്ചു. കത്തിടപാടുകളുടെ രേഖകൾ മാത്രം കിട്ടാനായി 99 രൂപ ട്രഷറിയിൽ അടച്ച് ചലാൻ ഹാജരാക്കാനും ആവശ്യപ്പെട്ടു.
രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ഇതേ ഓഫീസർ അപേക്ഷകനെ ഫോണിൽ വിളിച്ച് പണം അടയ്ക്കണ്ടതില്ലെന്ന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഒരു ഫയൽകൂടി കിട്ടിയിട്ട് മറുപടി തരാമെന്നും പറഞ്ഞു. എന്നാൽ, വിഷയത്തിൽ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ല എന്ന് വ്യക്തമാക്കി 13ന് അപേക്ഷകന് ഇ മെയിൽവഴി മറുപടി അയക്കുകയായിരുന്നു. ഇത് സർക്കാരിന്റെ കള്ളക്കളി കൂടുതൽ വ്യക്തമാക്കുന്നു.










0 comments